തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. പിആര്‍ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനാണ് പ്രഖ്യാപനം നടത്തിയത്. ഇത്തവണ 77.97 ശതമാനമാണ് വിജയം. 30,561 പേർ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. 60 പേർ 1200ൽ 1200 മാർക്കും നേടി. ഇതിൽ 50 പേരും പെൺകുട്ടികളാണ്. 2026 മാർച്ച് 6 മുതൽ 28 വരെയായിരുന്നു പ്ലസ് ടു പരീക്ഷകൾ നടന്നത്.
സയന്‍സ് വിഭാഗത്തില്‍ 1,58,836 കുട്ടികളും ഹ്യുമാനിറ്റീസില്‍ 50,398 പേരും കൊമേഴ്സില്‍ 81,147 കുട്ടികളും ഉപരിപഠനത്തിനു യോഗ്യത നേടി. ഏറ്റവും കൂടുതല്‍ വിജയശതമാനം ഇടുക്കിയിലാണ് – 84.64%. കുറവ് കാസർഗോഡ്- 71.72%. 76 സ്കൂളുകളില്‍ 100 ശതമാനം കുട്ടികള്‍ വിജയിച്ചു. ഇതിൽ 9 എണ്ണം സർക്കാർ സ്കൂളുകളാണ്.
പെൺകുട്ടികൾ 1,92,751 പേർ പരീക്ഷ എഴുതിയതിൽ 1,67,475 പേർ ഉപരിപഠനത്തിന് അർഹരായി. 86.89 ശതമാനം വിജയം. ആൺകുട്ടികളിൽ 68.41 ശതമാനമാണ് വിജയം. 2026 ജൂൺ 29 മുതൽ ജൂലൈ 3 വരെ സേ പരീക്ഷ നടക്കും.
![]()
