റിയാദ്: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം കൈവരിക്കുമെന്ന് റിയാദ് ഒ.ഐ.സി.സി വിലയിരുത്തി. ഭരണത്തുടർച്ചയെന്ന പ്രതീക്ഷ നഷ്ടപ്പെട്ട എൽ.ഡി.എഫ് പരാജയഭീതിയാൽ സംസ്ഥാനത്ത് വ്യാപക അക്രമങ്ങൾ നടത്തുന്നതായി യോഗം ആരോപിച്ചു.
റിയാദിലെ ബത്ഹ സബർമതിയിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് വിശദീകരണ യോഗത്തിലായിരുന്നു ഈ അഭിപ്രായപ്രകടനം.
തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുന്നതിന് മുൻപേ തന്നെ മുഖ്യമന്ത്രിയെ കുറിച്ചുള്ള ചർച്ചകൾ ഉയർന്നുവരുന്നത് തികച്ചും അനാവശ്യമാണെന്നും യോഗം വിമർശിച്ചു. കോൺഗ്രസ് അധികാരത്തിൽ എത്തുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് എഐസിസിയായിരിക്കുമെന്നും അതുവരെ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് അണികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നതിനാൽ നേതാക്കൾ അതിൽ നിന്ന് വിട്ടുനിൽക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ യുഡിഎഫിന് അനുകൂലമാണെന്നും പ്രവാസി സമൂഹത്തിന്റെ പൂർണ്ണ പിന്തുണ മുന്നണിക്കുണ്ടാകുമെന്നും യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പിൽ യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷനായിരുന്നു. ഭാരവാഹികളായ നവാസ് വെള്ളിമാട് കുന്ന്,സന്തോഷ് വിളയിൽ, അമീർ പട്ടണത്ത്, സജീർ പൂന്തുറ, സൈഫ് കായംകുളം, റഫീഖ് വെമ്പായം, ഹക്കീം പട്ടാമ്പി, അബ്ദുൽ കരീം കൊടുവള്ളി, അശ്റഫ് മേച്ചേരി, ബഷീർ കോട്ടക്കൽ എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറിമാരായ സുരേഷ് ശങ്കർ സ്വാഗതവും ഷംനാദ് കരുനാഗപ്പള്ളി നന്ദിയും രേഖപ്പെടുത്തി.
![]()
