ദുബായ്: തൃശ്ശൂർ ജില്ലയിൽ രേഖപ്പെടുത്തിയ 77.10 ശതമാനം പോളിംഗ് ജില്ലയിൽ യുഡിഎഫ് തരംഗം ആഞ്ഞടിക്കുന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് ഇൻകാസ് തൃശ്ശൂർ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. ഭരണവിരുദ്ധ വികാരവും മാറ്റത്തിനായുള്ള ജനങ്ങളുടെ ആഗ്രഹവുമാണ് പോളിംഗ് ശതമാനത്തിൽ പ്രതിഫലിക്കുന്നത്.
നാട്ടിൽ പോയി വോട്ട് ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിലും പ്രവാസി വോട്ടുകൾ യുഡിഎഫിന് അനുകൂലമായി സമാഹരിക്കുന്നതിൽ ഇൻകാസ് വലിയ പങ്കുവഹിച്ചു.
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുബായിൽ സംഘടിപ്പിച്ച യുഡിഎഫ് കൺവെൻഷൻ പ്രവർത്തകർക്ക് വലിയ ആവേശം നൽകി.
‘വോട്ട് ടു കോൾ’ (Vote to Call) നാഷണൽ, സ്റ്റേറ്റ് കമ്മിറ്റികളുടെ ഭാഗമായി ജില്ലാ കമ്മിറ്റി ആവിഷ്കരിച്ച ഈ ക്യാമ്പയിൻ ജില്ലയിലെ മുഴുവൻ നിയോജകമണ്ഡലങ്ങളിലും പ്രവർത്തകർ ആവേശത്തോടെ ഏറ്റെടുത്തു. പ്രവാസികൾ ഓരോരുത്തരും തങ്ങളുടെ നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് യുഡിഎഫിന് വോട്ട് ഉറപ്പാക്കുന്നതിൽ വിജയിച്ചു.
യാത്രാ തടസ്സങ്ങളും വിമാന സർവീസുകളുടെ കുറവും കാരണം കുടുംബസമേതം നാട്ടിലെത്താൻ പല പ്രവാസികൾക്കും സാധിച്ചില്ലെങ്കിലും, അത് നാട്ടിലെ വോട്ടിംഗ് ശതമാനത്തെ ഗുണകരമായി ബാധിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. നിലവിലെ സാഹചര്യങ്ങൾ കാരണം വിസിറ്റ് വിസയിൽ വിദേശത്തേക്ക് പോകാനിരുന്ന പലരും ആ യാത്രകൾ ഒഴിവാക്കി നാട്ടിൽ തന്നെ നിലയുറപ്പിച്ചു.
പുണ്യകർമ്മമായ ഉംറക്ക് പോകാൻ നിശ്ചയിച്ചിരുന്ന പലരും നിലവിലെ സാഹചര്യം പരിഗണിച്ച് വോട്ട് രേഖപ്പെടുത്തുന്നതിനായി യാത്ര മാറ്റിവെച്ചു. ഇത്തരത്തിൽ വോട്ട് പാഴാക്കാതിരിക്കാൻ ജനങ്ങൾ കാണിച്ച ജാഗ്രത ജനാധിപത്യത്തോടുള്ള അവരുടെ പ്രതിബദ്ധതയാണ് കാണിക്കുന്നത്.
കഴിഞ്ഞ തവണ ജില്ലയിൽ നേരിട്ട തിരിച്ചടിയിൽ നിന്ന് യുഡിഎഫ് ശക്തമായി തിരിച്ചുവരികയാണ്. ജില്ലയിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുമ്പോൾ ചുരുങ്ങിയത് 7 സീറ്റുകളിൽ യുഡിഎഫ് വിജയിക്കുമെന്ന് ജില്ലാ ഭാരവാഹികൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിലവിലെ ജനകീയ ട്രെൻഡ് തുടർന്നാൽ അത് അതിലും വലിയ വിജയത്തിലേക്ക് നീങ്ങുമെന്നും ഇൻകാസ് തൃശ്ശൂർ ജില്ലാ കമ്മിറ്റി വിലയിരുത്തുന്നു.
ജില്ലാ ഭാരവാഹികളായ പ്രസിഡന്റ് ഫിറോസ് മുഹമ്മദാലി, ജനറൽ സെക്രട്ടറിമാരായ രാജാറാം, ആഷിഫ്, വർക്കിംഗ് പ്രസിഡന്റ്മാരായ ആന്റോ എബ്രഹാം, തസ്ലിം, ട്രഷറർ മിസ്ബ യൂനസ് എന്നിവർ പ്രസ്താവനയിൽ പങ്കെടുത്തു.
![]()
