റിയാദ്: കേരളത്തിലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പിന്തുണ നൽകാനുള്ള വെൽഫെയർ പാർട്ടിയുടെ തീരുമാനത്തിന് പ്രവാസി വെൽഫെയർ സെൻട്രൽ പ്രൊവിൻസ് കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കേരളത്തിന്റെ മതേതര ഘടനയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സുപ്രധാന നിലപാട് സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തെ എൽ.ഡി.എഫ് ഭരണം കേരളം കാലങ്ങളായി കാത്തുസൂക്ഷിക്കുന്ന മതസൗഹാർദ്ദത്തെയും മതേതരത്വത്തെയും തകർക്കുന്ന വർഗീയ ശക്തികൾക്കും തീവ്ര ഗ്രൂപ്പുകൾക്കും ചുവപ്പ് പരവതാനി വിരിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്ന് യോഗം കുറ്റപ്പെടുത്തി. എൽ.ഡി.എഫിന് ഭരണത്തുടർച്ച ഉറപ്പാക്കുന്നതിന് പകരമായി സംഘ്പരിവാർ അജണ്ടകൾക്ക് കേരളത്തിൽ ഇടംനൽകാനും, അതുവഴി യു.ഡി.എഫിനെ രാഷ്ട്രീയമായി തകർക്കാനുമുള്ള രഹസ്യ ധാരണകളെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും യോഗം വിലയിരുത്തി.
Apple iPhone 17 Pro Max and Apple iPhone 17 Pro from Amazon
പ്രവാസി സമൂഹത്തിനിടയിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമായാണ് റിയാദിൽ സെൻട്രൽ പ്രൊവിൻസ് കമ്മിറ്റി യോഗം ചേർന്നത്. ‘നാട്ടിലെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഫോണിൽ വിളിച്ച് വോട്ട് ഉറപ്പാക്കുക’ എന്ന ക്യാമ്പയിൻ വഴി യു.ഡി.എഫിന്റെ വിജയം ഉറപ്പാക്കാൻ പ്രവാസികൾക്കിടയിൽ വിപുലമായ പ്രചാരണം നടത്തും. ഇതിനു പുറമെ വോട്ട് രേഖപ്പെടുത്തുന്നതിനായി സാധ്യമായ എല്ലാ പ്രവർത്തകരും നാട്ടിലെത്തി സമ്മതിദാന അവകാശം വിനിയോഗിക്കാൻ യോഗം ആഹ്വാനം ചെയ്തു.
വർഗീയ ശക്തികൾക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളെക്കുറിച്ച് പ്രത്യേക പഠനം നടത്താനും അവിടങ്ങളിൽ ഫാസിസ്റ്റ് ചേരിയിലെ സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ സാധിക്കുന്ന ഏറ്റവും ശക്തനായ എതിരാളിക്ക് വോട്ട് നൽകി വർഗീയതയെ തടയുന്ന തന്ത്രപരമായ നിലപാട് സ്വീകരിക്കാനും പ്രവാസി വെൽഫെയർ തീരുമാനിച്ചു. സെൻട്രൽ പ്രൊവിൻസ് പ്രസിഡന്റ് ബാരിഷ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്.
![]()
