സുരേഷ് ശങ്കർ, റിയാദ്.
അക്ഷരമുറ്റത്തേക്ക് ആദ്യ ചുവട് വെച്ചെത്തുന്ന
നക്ഷത്രക്കുരുന്നുകൾക്ക് ആശംസകൾ…
ചിണുങ്ങിയും പിണങ്ങിയും
പ്രഭാതത്തിൽ ഉണർന്ന് കുളിച്ച് പുതുവസ്ത്രങ്ങൾ അണിഞ്ഞ് പുസ്തകങ്ങൾ നിറച്ച പുതിയ ബാഗും ചെരിപ്പും വാട്ടർ ബോട്ടിലും ഒക്കെയായി സ്കൂൾ അങ്കണത്തിൽ ഇന്നവർ എത്തുകയാണ്..
ആ കുരുന്നുകളുടെ മനസ്സിൽ ആശങ്കയും ആശ്ചര്യവും സന്തോഷവും സങ്കടവും കൗതുകവും ഭീതിയും ഒക്കെ ഒരുപോലെ സമ്മിശ്രമായി മിന്നി മറയുന്നത് അവരുടെ നിഷ്കളങ്കമായ മുഖത്ത് നോക്കി നമുക്ക് വായിച്ചെടുക്കാം…
കുട്ടികളുടെ വഴികാട്ടികളായ സാമൂഹിക പ്രതിബദ്ധതയുള്ള മുഴുവൻ അധ്യാപകർക്കും
അറിവിന്റെ അനന്ത വിഹായസായ അക്ഷരമുറ്റത്തേക്ക് ചുവട് വയ്ക്കുന്ന എല്ലാ കുഞ്ഞു മക്കൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ…
അറിവിനൊപ്പം പ്രകൃതിയെയും ജീവജാലങ്ങളെയും മണ്ണിനെയും മനസ്സിനെയും തൊട്ടറിഞ്ഞ്…
കളിച്ചും ചിരിച്ചും പഠിച്ചും വളരുവാൻ… ഭാവിയുടെ വാഗ്ദാനങ്ങളായി മാറുവാൻ അവർക്കാകട്ടെ
കൂട്ടത്തിൽ ഒരു ഓർമപ്പെടുത്തൽ..
വഴിയിൽ പതിയിരിപ്പുണ്ട് കുറുക്കന്റെ കണ്ണുകളുമായി കലിയുഗത്തിലെ കഴുകൻ മാർ…
ലഹരിയുടെ…ലൈംഗിക ചൂഷണത്തിന്റെ… ബാല പീഢനത്തിന്റെ.. കൂർത്ത നഖങ്ങൾ അവർക്കുമേൽ പതിയാതിരിയ്ക്കുവാൻ നമ്മൾക്കും ജാഗരൂഗരാകാം.
കുട്ടികളുടെ ബുദ്ധിയേയും ചിന്താശേഷിയും തങ്ങളുടെ സ്വാർഥലാഭങ്ങൾക്ക് വേണ്ടി ചൂഷണം ചെയ്യുകയും അവരെ മാരക ലഹരിയുടെ അടിമകളാക്കി കുടുംബത്തെ നിത്യ ദുരിതത്തിലേക്ക് തള്ളിവിടുന്ന അത്യധികം മലീമസമായ രാഷ്ട്രീയ സാമൂഹിക ബന്ധങ്ങളിൽ പെട്ട് സ്വജീവിതം നഷ്ടപ്പെട്ടു പോകാതെ ഇരിക്കാൻ
നമ്മുടെ കുട്ടികളും അവരുടെ രക്ഷിതാക്കളും തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് കൂടി ഓർമ്മിപ്പിച്ചു കൊള്ളട്ടെ.
![]()
