ദുബായ്: പശ്ചിമേഷ്യയിലെ യുദ്ധ സംഘർഷ പ്രതിസന്ധികൾക്കിടയിൽ പ്രവാസികൾക്കായി ആശ്വാസമായി കൂടുതൽ സർവീസുകൽ നടത്താൻ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. മാർച്ച് 10-ന് യുഎഇയിലേക്ക് 32 പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തുമെന്ന് എയർലൈനുകൾ അറിയിച്ചു. സൗദി അറേബ്യയുടെയും ഒമാന്റെയും വ്യോമപാതകൾ തുറന്നുതന്നെ കിടക്കുന്നതിനാൽ ഇവിടങ്ങളിലേക്കുള്ള നിശ്ചിത സർവീസുകൾ മുടക്കമില്ലാതെ തുടരും.
ദുബായിലേക്കും തിരിച്ചുമായി എയർ ഇന്ത്യയുടെ 10 നോൺ-ഷെഡ്യൂൾഡ് വിമാനങ്ങളാണ് സര്‍വീസ് നടത്തുക. എയർ ഇന്ത്യ മുംബൈയിൽ നിന്ന് മൂന്നും ദില്ലിയിൽ നിന്ന് രണ്ടും റൗണ്ട് ട്രിപ്പുകൾ നടത്തും. എയർ ഇന്ത്യ എക്സ്പ്രസ് ദുബായിലേക്ക് മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് ഓരോ റൗണ്ട് ട്രിപ്പുകൾ വീതം നടത്തും. എയർ ഇന്ത്യ എക്സ്പ്രസ് അബുദാബി, ഷാർജ (മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന്), റാസൽഖൈമ (ഡൽഹി, ബെംഗളൂരു, കൊച്ചി, മുംബൈ) എന്നിവിടങ്ങളിലേക്ക് ആകെ 18 സർവീസുകൾ നടത്തും.
ജിദ്ദയിലേക്ക് ആകെ 14 സർവീസുകൾ ഉണ്ടാകും. ദില്ലി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, മംഗളൂരു, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നാണ് വിമാനങ്ങൾ. എയർ ഇന്ത്യ എക്സ്പ്രസ് മസ്കറ്റിലേക്ക് 14 സർവീസുകൾ നടത്തും. ദില്ലി, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവയ്ക്കൊപ്പം കേരളത്തിലെ കൊച്ചി, കണ്ണൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നും സർവീസുകൾ ഉണ്ടാകും.
![]()
