റിയാദ്: മേഖലയിലെ നിലവിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തിൽ പ്രവാസികൾക്കിടയിലുള്ള ആശങ്കകൾ അകറ്റുന്നതിനായി സൗദിയിലെ ഇന്ത്യൻ എംബസി സന്നദ്ധപ്രവർത്തകരുടെ യോഗം വിളിച്ചുചേർത്തു. അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ, ഡി.സി.എം അബൂ മാത്തൻ ജോർ, കമ്യൂണിറ്റി വെൽഫെയർ കോൺസുലർ വൈ. സാബിർ, സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ, മറ്റ് സാമൂഹിക പ്രവർത്തകർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
നിലവിൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും എന്നാൽ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും എംബസി അറിയിച്ചു. പൗരന്മാരെ സഹായിക്കുന്നതിനായി എംബസിയിൽ പ്രത്യേക ഹെൽപ്പ് ഡെസ്ക് കൗണ്ടർ ഇതിനോടകം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ എംബസിയും കമ്യൂണിറ്റി വളൻറിയർമാരും തമ്മിലുള്ള ഏകോപനം ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി. സോഷ്യൽ മീഡിയയിൽ വീഡിയോകളോ ഫോട്ടോകളോ പങ്കുവെക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്നും രാജ്യത്തെ നിയമങ്ങളും അധികൃതരുടെ നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും എംബസി ഓർമിപ്പിച്ചു. വിസിറ്റ് വിസയിൽ ഉള്ളവർ വിമാന സൗകര്യങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് യാത്ര ചെയ്യാൻ ശ്രദ്ധിക്കണം. ഭാവിയിൽ എന്തെങ്കിലും സാങ്കേതിക തടസ്സങ്ങൾ ഉണ്ടായാൽ സർക്കാർ തലത്തിൽ ആവശ്യമായ പരിഗണനകൾ നൽകുന്നതിനെക്കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട്.
![]()
