ബാർബഡോസ്: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റ് വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 115 റൺസ് വിജലക്ഷ്യം 163 പന്തുകൾ ബാക്കിനിൽക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. സ്കോർ: വെസ്റ്റ് ഇൻഡീസ് – 114/10 (23 ഓവർ), ഇന്ത്യ – 118/5 (22.5 ഓവർ).
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പകരം ശുഭ്മാൻ ഗില്ലിനൊപ്പം ഇഷാൻ കിഷനാണ് ബാറ്റിങ് ഓപ്പൺ ചെയ്തത്. അർധ സെഞ്ചുറി നേടി (46 പന്തിൽ 52 റൺസ്) ബാറ്റിങ് നിരയിൽ തിളങ്ങിയതും കിഷനാണ്. നാലാം ഓവറിൽ തന്നെ ശുഭ്മാൻ ഗില്ലിന്റെ (16 പന്തിൽ 7 റൺസ്) വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. പിന്നാലെ എത്തിയ സൂര്യകുമാർ യാദവ് (25 പന്തിൽ 19 റൺസ്), ഹർദ്ദിക്ക് പാണ്ഡ്യ (ഏഴ് പന്തിൽ അഞ്ച് റൺസ്), ശർദുൾ ഠാക്കൂർ (നാല് പന്തിൽ 1 റൺസ്) എന്നിവരും വലിയ സംഭാവനകൾ നൽകാതെ മടങ്ങി. രവീന്ദ്ര ജഡേജ (21 പന്തിൽ 16 റൺസ്), രോഹിത് ശർമ (19 പന്തിൽ 12 റൺസ്) എന്നിവർ പുറത്താകാതെ നിന്നു. കോലി ബാറ്റിങ്ങിനിറങ്ങിയില്ല.
ആദ്യം ബാറ്റുചെയ്ത വിൻഡീസ് ബാറ്റർമാർ കളിമറന്നപ്പോൾ 23 ഓവറിൽ വെറും 114 റൺസിന് ടീം ഓൾ ഔട്ടായി. നാലുവിക്കറ്റെടുത്ത കുൽദീപ് യാദവും മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുമാണ് വിൻഡീസിനെ തകർത്തത്. കുൽദീപ് യാദവാണ് കളിയിലെ താരം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന് ഒരു ഘട്ടത്തിൽപ്പോലും ഇന്ത്യയ്ക്ക്മേൽ സമ്മർദ്ദം ചെലുത്താൻ ആയില്ല.ടീം സ്കോർ ഏഴിലെത്തിയപ്പോൾതന്നെ ഓപ്പണർ കൈൽ മായേഴ്സ് പുറത്തായി. വെറും രണ്ട് റൺസാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ ക്രീസിലെത്തിയ അലിക് അതനാസെയും ബ്രാൻഡൺ കിങ്ങും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇരുവരും ചേർന്ന് ടീം സ്കോർ 45-ൽ എത്തിച്ചെങ്കിലും അതനാസെയെ പുറത്താക്കി മുകേഷ് കുമാർ ഈ കൂട്ടുകെട്ട് പൊളിച്ചു. തൊട്ടുപിന്നാലെ ബ്രാൻഡൺ കിങ്ങിനെ ക്ലീൻ ബൗൾഡാക്കി ശാർദൂൽ ഠാക്കൂർ വിൻഡീസിനെ തകർത്തു.
സ്പിന്നർമാരായ ജഡേജയും കുൽദീപും കളത്തിലെത്തിയതോടെ വിൻഡീസ് പതനം പൂർത്തിയായി. ഒരുവശത്ത് ഷായ് ഹോപ്പ് പൊരുതിയെങ്കിലും മറുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. ഹെറ്റ്മെയർ (11), ഷെപ്പേർഡ് (0) എന്നിവരെ ജഡേജയും ഡ്രേക്സ് (3), കരിയ (3) എന്നിവരെ കുൽദീപും പറഞ്ഞയച്ചു. ഒടുവിൽ അവസാന പ്രതീക്ഷയായ നായകൻ ഹോപ്പും വീണു. 43 റൺസെടുത്ത താരത്തെ കുൽദീപ് വിക്കറ്റിന് മുന്നിൽ കുടുക്കി. അവസാനക്കാരനായി വന്ന ജെയ്ഡൻ സീൽസിനെയും (0) മടക്കി കുൽദീപ് കൊടുങ്കാറ്റായി. വെറും 23 ഓവറിൽ വിൻഡീസ് 114 റൺസിന് ഓൾ ഔട്ടായി.
ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് മൂന്നോവറിൽ വെറും ആറ് റൺസ് മാത്രം വിട്ടുനൽകി നാലുവിക്കറ്റെടുത്തു. രണ്ട് മെയ്ഡൻ ഓവറുകളും താരം ചെയ്തു. ജഡേജ ആറോവറിൽ 37 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ശാർദൂൽ, മുകേഷ്, ഹാർദിക് എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
![]()
