ജിസാൻ:ജിസാനിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി മരിച്ചു.
മസ്തിഷ്ക്ക രക്തസ്രാവത്തെ തുടർന്ന് ജിസാൻ സാംത ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം വെള്ളറട വട്ടച്ചിറ കാർത്തിക ഭവനിൽ മണിയൻ നാരായണൻറെയും അംബിക ഗോവിന്ദൻറെയും മകൻ നിഖിൽ മണിയനാണ് (35) മരിച്ചത്. രക്തസമ്മർദ്ദം കൂടുതലായി താമസസ്ഥലത്ത് കുഴഞ്ഞുവീണ നിഖിലിലിനെ കഴിഞ്ഞ ജനുവരി 29 ന് അബുഅരീഷ് കിംഗ് ഫഹദ് സ്പെഷ്യലിറ്റി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. തലച്ചോറിനുള്ളിലെ രക്തപ്രവാഹം നിയന്ത്രിക്കുന്നതിനും രക്തക്കട്ട നീക്കം ചെയ്യുന്നതിനുമായി തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയ നടത്തിയ ശേഷം നിഖിലിനെ ഈ മാസം 5 നാണ് സാംത ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസമെടുത്ത സി.റ്റി സ്കാൻ റിപ്പോർട്ടിൽ നേരിയ മാറ്റം കണ്ടതിനെ തുടർന്ന് കൂടുതൽ ചികിത്സകൾക്കായി വീണ്ടും അബൂഅരീഷ് കിംഗ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾക്കിടെ ആരോഗ്യനില വഷളാവുകയും ഇന്നു രാവിലെ 7 മണിയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു.
സാംത ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന നിഖിലിന് സുഹൃത്തും സഹപാഠിയുമായ നഴ്സ് സോണിയയും സാംത ആശുപത്രിയിലെ മലയാളി നേഴ്സുമാരും ‘ജല’ പ്രവർത്തകരും ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തിരുന്നു. സാംത ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന നിഖിലിൻറെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികളുമായി ‘ജല’ ഭാരവാഹികളായ സലാം കൂട്ടായി, ഫൈസൽ മേലാറ്റൂർ, ജോജോ തോമസ്, അൽഅമീൻ എന്നിവർ രംഗത്തുണ്ട്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് നിഖിൽ. ലക്ഷ്മിയാണ് ഭാര്യ. മകൾ രണ്ടര വയസുകാരി നിഹാരിക.
![]()
