തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് തകരാറായ സംഭവത്തിൽ പോലീസ് അന്വേഷണം അവസാനിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കുമെന്നാണ് വിവരം. കെപിസിസി സംഘടിപ്പിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ യോഗത്തിനിടെയാണ് മൈക്ക് തകരാറിലായത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതൊടെ വിഷയം വിവാദമാവുകയായിരുന്നു.
എന്നാൽ വിഷയത്തിൽ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയൻ കേസിൽ തുടര്‍നടപടി വേണ്ടെന്നും സുരക്ഷ പരിശോധന മതിയെന്നും മുഖ്യമന്ത്രി പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. മൈക്ക് തകരാറിലായതിനു കഴിഞ്ഞ ദിവസമാണ് പോലീസ് കേസെടുത്തത്. പ്രതി ആരെന്നു വ്യക്തമാക്കിയിരുന്നില്ല. ആരും പരാതി നല്‍കാതെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. മുഖ്യമന്ത്രി അനുശോചന പ്രസംഗത്തിനായി ഉപയോഗിച്ചിരുന്ന മൈക്കില്‍ ഹൗളിങ് വരുത്തി പ്രസംഗത്തിന് തടസ്സം വരുത്തുകയും അത് പൊതുസുരക്ഷയെ ബാധിക്കത്തക്ക വിധത്തില്‍ പ്രവര്‍ത്തിപ്പിച്ച് പ്രതി, കേരള പൊലീസ് ആക്ട് 2011, 118 (ഇ) വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തിരിക്കുന്നുവെന്നും എഫ്ഐആറില്‍ പറഞ്ഞിരുന്നു. ബോധപൂര്‍വം പൊതുസുരക്ഷയെ ബാധിക്കുന്ന വിധം പ്രവര്‍ത്തിക്കുന്നതിനാണ് 118 (ഇ) വകുപ്പ് ചുമത്തുന്നത്. തുടര്‍ന്നാണ് മൈക്ക്, ആംബ്ലിഫയര്‍, വയര്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തത്.
തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ടതോടെ ഈ സാധനങ്ങള്‍ മൈക്ക് സെറ്റ് ഉടമ രഞ്ജിത്തിന് തന്നെ തിരികെ നല്‍കുകയായിരുന്നു. ഉച്ചയോടെ രഞ്ജിത് നേരിട്ടെത്തിയാണ് പൊലീസ് പിടിച്ചെടുത്ത സാധനങ്ങള്‍ ഏറ്റുവാങ്ങിയത്. തന്റെ നിരപരാധിത്വം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായെന്നും അതുകൊണ്ടാണ് സാധനങ്ങള്‍ തിരിച്ചു തന്നതെന്നും രഞ്ജിത് പറഞ്ഞു.
![]()
