ദമ്മാം: പ്രവാസത്തിന്റെ വിരഹവും മാതൃസ്നേഹത്തിന്റെ ആർദ്രതയും മലയാള കവിതകളിൽ അടയാളപ്പെടുത്തിയ പ്രമുഖ കവിയും നാടകകൃത്തുമായ ടി.കെ. അലി പൈങ്ങോട്ടായിക്ക് ദമ്മാമിലെ കലാ-സാഹിത്യ കൂട്ടായ്മയായ ജാം ക്രിയേഷൻ സ്നേഹാദരവ് നൽകി.
ഹ്രസ്വസന്ദർശനത്തിനായി സൗദി അറേബ്യയിലെത്തിയ അദ്ദേഹത്തെ ദമ്മാം റോസ് ഗാർഡൻ റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു.
പ്രവാസിയുടെ കനൽവഴികളിലെ കവിത പ്രവാസലോകത്തിന്റെ നോവുകൾ അതേ തീവ്രതയോടെ വായനക്കാരിലേക്ക് എത്തിക്കുന്നതിൽ ടി.കെ. അലി പുലർത്തുന്ന മികവിനെ ചടങ്ങിൽ പങ്കെടുത്തവർ പ്രകീർത്തിച്ചു. അദ്ദേഹത്തിന്റെ വിഖ്യാതമായ ‘സ്നേഹപൂർവ്വം അമ്മയ്ക്ക്’ എന്ന കവിതയിലെ വരികൾ ചടങ്ങിൽ വികാരാധീനമായ ഓർമ്മകളായി.
”അകലെ കിനാവിന്റെ ഉമ്മറത്തെന്നമ്മ അരികെവാ എന്നോതി മാടിവിളിക്കവേ അതുകെട്ടോരടിയും ചലിക്കുവാന്‍ കഴിയാതെ അതിരുകള്‍ക്കിപ്പുറം ഞാനും തളര്‍ന്നുപോയ്…”
അദ്ദേഹത്തിന്റെ ശിഷ്യനും കവിയുമായ സഈദ് ഹമദാനി വടുതല അലി പൈങ്ങോട്ടായിയുടെ രചനകളുടെ വൈഭവത്തെക്കുറിച്ച് സംസാരിച്ചു. ഗായകനും ഗസലിസ്റ്റുമായ റഊഫ് ചാവക്കാട് അലി പൈങ്ങോട്ടായിയുടെ കവിതകൾ ആലപിക്കുകയും അവയുടെ ഉൾപ്പൊരുളുകൾ സദസ്സിന് വിശദീകരിക്കുകയും ചെയ്തു.
നന്മയുടെ പക്ഷം ചേരുന്ന
കലയും സാഹിത്യവും കേവലം വിനോദത്തിനപ്പുറം സമൂഹത്തിൽ നന്മയുടെ വിത്തുകൾ പാകുന്നതാകുമെന്ന് മറുപടി പ്രസംഗത്തിൽ ടി.കെ. അലി പറഞ്ഞു. തന്റെ ഓരോ രചനയിലും മാനുഷികമായ നന്മയുടെ ഒരു സന്ദേശമെങ്കിലും ഉണ്ടാവണമെന്ന് താൻ നിർബന്ധം പിടിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അർഹമായ പ്രതിഫലം എന്നത് കലാകാരന്റെ അർഹതയാണെന്നും സാമ്പത്തിക നേട്ടത്തിനായി കലാ സൃഷ്ടിയെ ഉപയോഗിക്കുന്നവരിൽ നിന്നും അർഹമായ കൂലി വാങ്ങുന്നത് തെറ്റല്ലെന്നും അത് കലാകാരന് സമൂഹത്തിൽ മാന്യമായ വില നൽകുമെന്നും, കലാകാരന്മാർക്ക് അർഹമായ അംഗീകാരവും , പിന്തുണയും കൊടുക്കുന്നതിലൂടെ കലാകാരന്മാർക്ക് അവരുടെ മേഖലകളിൽ കാമ്പും ,കഴമ്പും വർദ്ധിക്കുമെന്നും അദ്ദേഹം സദസ്സിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
വലിയ വലിയ വേദികളിൽ രചയിതാക്കളുടെ പേര് ബോധപൂർവ്വം മറച്ചുവെക്കുന്ന പ്രവണതയ്ക്കെതിരെ അദ്ദേഹം ശക്തമായി പ്രതിഷേധിച്ചു.
ജാം ക്രിയേഷൻ കൺവീനർ സുബൈർ പുല്ലാളൂർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ ശരീഫ് കൊച്ചി, ജോഷി ബാഷ, മെഹബൂബ് മുടവൻകാട്ടിൽ, ഷമീർ പത്തനാപുരം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മഹ്റൂഫ് ചേളന്നൂർ, നവാസ് കൊല്ലം ,നാസർ കല്ലായി ,ഹാഷിം കുന്നുംപുറം എന്നിവർ ഉൾപ്പെടെ ദമ്മാമിലെ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു.
![]()
