ബ്രിഡ്ജടൌൺ : ഇന്ത്യയും വിൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തിനു ഇന്ന് (ജൂലൈ 27) തുടക്കമാവും. ബാർബഡോസാണ് ആദ്യ മത്സരത്തിനു വേദിയാവുക. വിജയത്തോടെ തന്നെ പരമ്പരയ്ക്കു തുടക്കം കുറിക്കാനാവും ഇരുടീമും ശ്രമിക്കുക. ഏകദിന ലോകകപ്പും മുന്നിൽ നിൽക്കെ ഏറെ ശ്രദ്ധയോടെയാകും ഇന്ത്യ പരമ്പരയെ സമീപിക്കുക.
ഓപ്പണിംഗിൽ ഇന്ത്യ പരീക്ഷണത്തിന് മുതിർന്നേക്കില്ല. നായകൻ രോഹിത് ശർമ്മയ്ക്കൊപ്പം ശുഭ്മാൻ ഗിൽ ഇന്നിംഗ് ഓപ്പൺ ചെയ്യും. മൂന്നാം നമ്പരിൽ വിരാട് കോഹ്ലി ഇറങ്ങും. നാലാം നമ്പുരിൽ സൂര്യകുമാറിനെ ഇന്ത്യ വീണ്ടും പരീക്ഷിച്ചേക്കും. എന്നാൽ ടി20യിലെ ഫോം താരത്തിന് ഏകദിനത്തിലേക്ക് പകർത്താനാവുന്നില്ല എന്നത് ഇന്ത്യയ്ക്ക് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്.
അഞ്ചാം നമ്പറിലെത്തുക മലയാളി താരം സഞ്ജു സാംസണായിരിക്കും. സഞ്ജുവിനെ സംബന്ധിച്ച് അതിനിർണായകമാണ് ഇന്ന് തുടങ്ങുന്ന മത്സരങ്ങൾ എന്നത് പറയാം. ഒരുപക്ഷെ സഞ്ജു തന്റെ കരിയറിൽ തന്നെ കളിക്കാൻ പോകുന്ന ഏറ്റവും നിർണായക മത്സരങ്ങൾ. കീപ്പിങ്ങിലും ബാറ്റിംഗിലും മികച്ച പ്രകടനം നടത്താനാണ് സഞ്ജു ശ്രമിക്കേണ്ടത്. തിളങ്ങാനായാൽ ലോകകപ്പ് ടീമിൽ സഞ്ജുവിന് ഉറപ്പായിട്ടും ഇടം കിട്ടും. ടീമിന്റെ വിക്കറ്റ് കാക്കുന്നതും സഞ്ജുവായിരിക്കും. ആറ്, ഏഴ് സ്ഥാനങ്ങളിൽ ഓൾറൗണ്ടർമാരായ ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർ ഇറങ്ങിയേക്കും. മൂന്നാം ഓൾറൗണ്ടറായി ശർദ്ദുൽ താക്കൂർ, അക്ഷർ പട്ടേൽ എന്നിവരിലൊരാൾക്കായിരിക്കും നറുക്കുവീഴുക.
മുഹമ്മദ് ഷമിയുടെ അഭാവത്തിൽ മുഹമ്മദ് സിറാജായിരിക്കും പേസ് ബോളിങിനു ചുക്കാൻ പിടിക്കുക. സിറാജിന്റെ പേസ് ബൗളിങിലെ പങ്കാളി ഉമ്രാൻ മാലിക്കായിരിക്കും. കുൽദീപ് യാദവായിരിക്കും ടീമിലെ ഏക സ്പെഷ്യലിസ്റ്റ് സ്പിന്നർ.
![]()
