ദുബായ് :പ്രവാസി ലീഗൽ സെൽ കൊല്ലം ജില്ലാ കമ്മിറ്റിയുടെയും കേരള പോലീസിന്റെ എൻ ആർ ഐ സെല്ലിന്റെയും സംയുക്ത ഇടപെടലിൽ മലയാളിയെ നാട്ടിലെത്തിച്ചു.ഫുജൈറയിൽ (യു എ ഇ) ഒരു കപ്പലിൽ ജീവനക്കാരനായിരുന്ന നാട്ടിലേക്ക് പോകാനാവാതെ ബുദ്ധിമുട്ടിലായിരുന്ന കൊല്ലം കല്ലട സ്വദേശിയായ
ആരോമൽ ബാബുവിനെയാണ് മലയാളികളുടെ ഉടമസ്ഥതയിലുള്ള ഷിപ്പിംഗ് കമ്പനിയിൽ ഇടപെട്ടു നാട്ടിലെത്തിച്ചത്.
നവംബർ 30 നടക്കാനിരിക്കുന്ന തന്റെ വിവാഹത്തിന് അവധി അനുവദിക്കണമെന്ന് 6 മാസം മുമ്പുതന്നെ ആരോമൽ കമ്പനി അധികൃതർക്ക് കത്ത് കൊടുത്തിരുന്നു. അവധി അനുവദിക്കാമെന്ന കമ്പനിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ വിവാഹത്തിനുവേണ്ട ഒരുക്കങ്ങൾ എല്ലാം നടത്തിയിരുന്നു. എന്നാൽ ഓരോരോ കാരണങ്ങൾ പറഞ്ഞു കമ്പനി അവധി നീട്ടിക്കൊണ്ട് പോവുകയായിരുന്നു. നവംബർ 22 ആയിട്ടും മകനെ വിടാൻ കൂട്ടാക്കാത്തതിനെത്തുടർന്ന് ആരോമൽ ബാബുവിന്റെ അച്ഛനമ്മമാർ പി എൽ സി സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കൊല്ലം ജില്ലാ കമ്മിറ്റി രക്ഷാധികാരിയുമായ അബ്ദുൾ സലാം അൽ ഹനയെ സമീപിക്കുകയായിരുന്നു. തുടർന്ന് സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തി വിശദമായ പരാതി തയ്യാറാക്കി തിരുവനന്തപുരം പോലീസ് ആസ്ഥാനത്തെ എൻ ആർ ഐ സെല്ലിൽ പരാതി കൊടുക്കുകയായിരുന്നു. പരാതി ലഭിച്ചയുടനെതന്നെ യു എ ഇ -യിലെ ഇൻഡ്യൻ എമ്പസിയുമായി ബന്ധപ്പെടുകയും അനന്തര നടപടികൾക്ക് ശുപാർശ നൽകുകയും ചെയ്തു. എംബസ്സിയുടെ ഇടപെടലിൽ സ്വന്തം ചെലവിൽ ആരോമലിനെ വിട്ടയക്കാൻ കമ്പനി അനുവദിക്കുകയായിരുന്നു. ഇതനുസരിച്ച് ഫ്ളൈറ്റ് ടിക്കറ്റ് എടുക്കുകയും നവംബർ 27-നുതന്നെ ആരോമൽ നാട്ടിൽ എത്തുകയും ചെയ്തു. ഇന്നലെ (നവംബർ 30-ന്) ആയിരുന്നു ആരോമലിന്റെ വിവാഹം.
4 മാസത്തെ ശമ്പള ബാക്കിയും കമ്പനി ആരോമലിന് കപ്പൽ കമ്പനി കൊടുക്കാനുണ്ട്. അതിനുള്ള നിയമ പോരാട്ടം വൈകാതെ തുടങ്ങുമെന്ന് ആരോമലിന്റെ കുടുംബം അറിയിച്ചു.
![]()
