ദമ്മാം: അംഗപരിമിതിയുള്ള വിശ്വാസികൾക്കായി ദമ്മാം കെഎംസിസി കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രത്യേക ഉംറ പദ്ധതിയായ ‘Mercy Mission’ ൻറെ ഭാഗമായ ഉംറ തീർത്ഥാടകർ ഈ മാസം 23-ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും യാത്ര തിരിക്കും. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള,ഒരു ഇസ്ലാം മത വിശ്വാസിയുടെ ഏറ്റവും വലിയ ആഗ്രഹമായ പരിശുദ്ധ മക്കയും മദീനയും കാണുക എന്നുള്ളത് ഒരു സ്വപ്നം മാത്രമായി കരുതിയിരുന്ന നാല്പതോളം ഭിന്ന ശേഷിക്കാരായ തീർത്ഥാടകരെയും അവരെ പരിചരിക്കാനുള്ള സഹായികളെയും ഉൾപ്പെടുത്തിയാണ് ഇത്തവണ കെഎംസിസി ‘Mercy Mission’ എന്ന പേരിൽ ഉംറ പദ്ധതി നടപ്പിലാക്കുന്നതെന്ന് പ്രസിഡന്റ് സൈനു കുമളി ,ജനറൽ സെക്രട്ടറി മുജീബ് കൊളത്തൂർ ,പദ്ധതി ചെയർമാൻ കബീർ കൊണ്ടോട്ടി, ജനറൽ കൺവീനർ അസ്ലം കൊളക്കോടൻ, കോർഡിനേറ്റർ മഹമൂദ് പൂക്കാട്,ഖാദർ അണങ്കൂർ, ഷിബിലി ആലിക്കൽ എന്നിവർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
യാത്രാ വിവരങ്ങൾ
പുറപ്പെടൽ: നവംബർ 23-ന് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും.
യാത്രാക്രമം: വിമാനത്തിൽ നേരിട്ട് മദീനയിൽ ഇറങ്ങി, അവിടെ സിയാറത്തുകൾ പൂർത്തിയാക്കിയ ശേഷം മക്കയിൽ എത്തി പരിശുദ്ധ ഉംറ നിർവഹിക്കും. പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കും.കോട്ടക്കൽ അൽ ഹിന്ദ് ട്രാവൽസ് ആണ് ഇവർക്ക് വേണ്ട യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നത്.
മടക്കം: നവംബർ 30-ന് സംഘം നാട്ടിലേക്ക് മടങ്ങും.
പ്രത്യേക സൗകര്യങ്ങൾ
ഈ വിശിഷ്ടാതിഥികളെ യാത്രയയക്കാനും മക്കയിൽ സേവനം ചെയ്യാനും ദമ്മാമിൽ നിന്നും കെഎംസിസി പ്രവർത്തകർ മക്കയിലേക്ക് പോകും.തീർത്ഥാടകർക്കായി മടക്കയാത്രയിൽ സമ്മാനിക്കാനായി വിവിധ സാധനങ്ങൾ അടങ്ങിയ ബാഗും കെഎംസിസി ഒരുക്കിയിട്ടുണ്ട്.
അല്ലാഹുവിൻ്റെ അതിഥികളെ നാട്ടിൽ നിന്ന് യാത്ര അയക്കുന്നതിനും മദീനയിലും മക്കയിലും ആവശ്യമായ സഹായങ്ങൾ നൽകുന്നതിനും, അവരെ നല്ല രൂപത്തിൽ യാത്രയാക്കുന്നതിനുമുള്ള എല്ലാ സജ്ജീകരണങ്ങളും നാട്ടിലെ മുസ്ലിം ലീഗ് കമ്മിറ്റിയുടെയും, മക്ക കെഎംസിസിയുടെയും,മദീനാ കെഎംസിസിയുടെയും സഹകരണത്തോടെ ദമ്മാം കെഎംസിസി ഒരുക്കിയിട്ടുണ്ടെന്നും ,ഈ ഉദ്യമത്തിന് ഇതുവരെ നല്കിയതുപോലെ ഏല്ലാ വിധ പിന്തുണയും പ്രോത്സാഹനവും മാധ്യമങ്ങൾ ഉൾപ്പെടെയുള്ള പൊതുസമൂഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു.
![]()
