തിരുവനന്തപുരം : മടങ്ങിവന്ന പ്രവാസികളെ “നോർക്ക കെയർ” മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുന്ന കാര്യം സജീവ പരിഗണനയിലെന്ന് നോർക്ക സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ ഐ എ എസ് പറഞ്ഞു. ഈ വിഷയത്തിൽ ആഭ്യന്തരമായി നടക്കുന്ന ചർച്ചകളുടെ വിശദാംശങ്ങൾ ഇപ്പോൾ പുറത്തുപറയാനാകില്ലന്നും അധികം വൈകാതെ ഒരു തീരുമാനം ഉണ്ടാകുമെന്നും അവർ പറഞ്ഞു.
പ്രവാസി ലീഗൽ സെൽ ഹർജിക്കാരായ നോർക്ക കെയർ വിഷയത്തിൽ കേരള ഹൈക്കോടതി സെപ്റ്റംബർ 26-ന് പുറപ്പെടുവിച്ച ഉത്തരവിന്റെ പശ്ചാത്തലത്തിൽ അനുകൂലമായ തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രവാസി ലീഗൽ പ്രതിനിധികളായ അഡ്വ. ആർ. മുരളീധരൻ, ഷെരിഫ് കൊട്ടാരക്കര, നന്ദഗോപകുമാർ, റോഷൻ പുത്തൻപറമ്പിൽ, അനിൽകുമാർ നോർക്ക സ്പെഷ്യൽ സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇങ്ങനെ പറഞ്ഞത്.
ഈ വിഷയത്തിൽ താൻ വീണ്ടും മുഖ്യമന്ത്രിയെ കാണുമെന്നും പ്രവാസി ലീഗൽ സെല്ലിന്റെ ആശങ്കകൾ അദ്ദേഹത്തെ അറിയിക്കുമെന്നും അവർ പറഞ്ഞു. നോർക്ക റൂട്സുമായും പ്രവാസി ക്ഷേമനിധി ബോർഡുമായും ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ സമഗ്രമായി ചർച്ച ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഇലക്ഷൻ പ്രഖ്യാപനം വന്നതിനുശേഷമാകാമെന്നും അവർ പറഞ്ഞു.
![]()
