തിരുവനന്തപുരം:മടങ്ങിയെത്തിയ പ്രവാസികളെയും ‘നോർക്ക കെയർ’ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ ഭാരവാഹികൾ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.
മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസത്തിന്റെ ഭാഗമായി സമഗ്രമായൊരു ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതി കുറഞ്ഞ ചെലവിൽ സർക്കാർ തലത്തിൽ ആവിഷ്കരിച്ച് നടപ്പിലാക്കുക എന്നത് പ്രവാസികളുടെ ദീർഘകാലമായുള്ള ഒരു ആവശ്യമാണ്. ഇതിനുവേണ്ടി നിരവധി നിവേദനങ്ങൾ സർക്കാരിനും നോർക്ക റൂട്സിനും കൊടുത്തിട്ടുണ്ട്.
എന്നാൽ ഇപ്പോൾ “നോർക്ക കെയർ” എന്ന പേരിൽ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ സഹകരണത്തോടെ നവംബർ 1 മുതൽ നോർക്ക റൂട്സ് നടപ്പിലാക്കുന്ന ചെലവുകുറഞ്ഞ ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയിൽ വിദേശ മലയാളികളും മറുനാടൻ മലയാളികളും അവരുടെ കുടുംബാംഗങ്ങളും മാത്രമാണുള്ളത്.
മടങ്ങിവന്ന പ്രവാസികളെയും അവരുടെ കുടുംബാംഗങ്ങളെയും സമ്പൂർണ്ണമായും ഒഴിവാക്കിയിരിക്കുകയാണ്. ഇത് വിവേചനപരവും കടുത്ത അനീതിയും ഭരണഘടനാപരമായ അവകാശങ്ങൾക്കുമെതിരുമായാണ് പ്രവാസി ലീഗൽ സെൽ കാണുന്നതെന്ന് പി എൽ സി ജനറൽ സെക്രട്ടറി അഡ്വ ആർ മുരളീധരൻ പറഞ്ഞു.
പദ്ധതിയെക്കുറിച്ചുള്ള പ്രഖ്യാപനം വന്നതുമുതൽ മടങ്ങിവന്ന പ്രവാസികളെയും ഇതിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി നിവേദനങ്ങൾ സർക്കാരിനും നോർക്ക റൂട്സിനും പ്രവാസി ലീഗൽ സെൽ കൊടുത്തിരുന്നു. എൻ ആർ ഐ കേരളൈറ്റ്സ് കമ്മീഷനും പരാതി കൊടുത്തിരുന്നു. എന്നാൽ അനുകൂലമായ പ്രതികരണം ഒരിടത്തുനിന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് കേരള ഹൈക്കോടതിയിൽ പ്രവാസി ലീഗൽ സെല്ലും മറ്റ് രണ്ട് അംഗങ്ങളും ചേർന്ന് ഒരു റിട്ട് പെറ്റിഷൻ ഫയൽ ചെയ്യുന്നത് (WP(C) NO. 35850 OF 2025)കോടതി സെപ്റ്റംബർ 26-ന് പുറപ്പെടുവിച്ച ഉത്തരവിൽ (attached) പദ്ധതിയുടെ ആവിഷ്കർത്താക്കളായ നോർക്ക റൂട്സ് പ്രവാസി ലീഗൽ സെല്ലിന്റെ നിവേദനം പരിഗണിച്ച് സർക്കാരുമായി കൂടിയാലോചിച്ച് എത്രയും പെട്ടന്ന് ഒരു ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.
നോർക്ക റൂട്സ്, മഹിന്ദ്ര ഇൻഷുറൻസ് ബ്രോക്കേഴ്സ്, ന്യൂ ഇൻഡ്യ അഷുറൻസ് കമ്പനി എന്നീ മൂന്ന് സ്ഥാപനങ്ങൾ ചേർന്നുള്ള ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ വ്യവസ്ഥകളും നിബന്ധനകളും നിർണ്ണയിച്ചിരിക്കുന്നത്. നോർക്ക ഐ ഡി അല്ലങ്കിൽ സ്റ്റുഡന്റസ് ഐ ഡി എന്നിവ ഉള്ളവർക്ക് മാത്രമാണ് പദ്ധതിയിൽ അംഗത്വം എടുക്കാൻ കഴിയുക. മറുനാടൻ മലയാളികൾക്കും വിദേശ മലയാളികൾക്കും മാത്രമാണ് ഇതിന് കഴിയുന്നത്. കേരളത്തിലേക്ക് മടങ്ങിവന്ന് സ്ഥിരതാമസമാക്കിയ മലയാളികൾക്ക് ഇതിന് കഴിയില്ല. അതുകൊണ്ട് പദ്ധതിയുടെ ഭാഗമാകാൻ അവർക്ക് കഴിയില്ല.
അതുകൊണ്ട് കേരളത്തിൽ തിരിച്ചെത്തി സ്ഥിരതാമസമാക്കിയ പ്രവാസികൾക്കും, നിലവിൽ വിദേശത്ത് ഉള്ള പ്രവാസികൾക്ക് ലഭിക്കുന്നതുപോലെ അതേ നിബന്ധനകൾ, പ്രീമിയം, ആനുകൂല്യങ്ങൾ എന്നിവയിൽ ചേരാൻ അനുമതി നൽകണമെന്ന് പ്രവാസി ലീഗൽ സെൽ നിർവ്വഹണ ഏജൻസി ആയ നോർക്ക റൂട്ട്സിനോടും കേരള സർക്കാരിനോടും അഭ്യർത്ഥിച്ചിട്ടുള്ളത്.
വിദേശങ്ങളിൽ ജോലി നോക്കുന്ന / വസിക്കുന്ന പ്രവാസികൾക്ക് റെസിഡന്റ് ഐ ഡി പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിർബന്ധിത മെഡിക്കൽ ഇൻഷുറൻസ് ആവശ്യമാണ്. എന്നാൽ വിദേശത്തുനിന്ന് മടങ്ങിയെത്തി നാട്ടിൽ സ്ഥിരതാമസമാക്കിയ മുൻ പ്രവാസികളാണ് കേരളത്തിൽ ഇൻഷുറൻസ് പരിരക്ഷ ഇല്ലാതെ ബുദ്ധിമുട്ടുന്നത്, പ്രത്യേകിച്ച് 60–70+ പ്രായത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുള്ള മുതിർന്നവർ. പല വിദേശ പ്രവാസികൾക്കും അവരുടെ ആതിഥേയ രാജ്യത്തിൽ ഇന്ഷുറൻസ് നിലവിലുണ്ടാകാറുണ്ട്; അതിനാൽ യഥാർത്ഥ ആവശ്യം മടങ്ങിയെത്തിയ പ്രവാസികൾക്കാണ് കൂടുതൽ.
അതുകൊണ്ട് സർക്കാർ മടങ്ങിയെത്തിയ പ്രവാസികളും നോർക്ക കെയറിൽചേരാമെന്നത് വ്യക്തമാക്കുന്ന ഉത്തരവ് ഉടൻ പുറപ്പെടുവിക്കണമെന്നും, NORKA റൂട്സ് ഉം ഇന്ഷുറൻസ് കമ്പനിയുമായി ചേർന്ന് പോളിസി ഷെഡ്യൂൾ ഭേദഗതി ചെയ്ത്, ആപ്പിലും പോർട്ടലിലും വേണ്ട മാറ്റങ്ങൾ വരുത്തണമെന്നും പി എൽ സി നിർദ്ദേശം വെച്ചു.
ഇതൊരു ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി ആയതിനാൽ പോളിസി എടുക്കുന്ന ഓരോ അംഗവും ആവശ്യമായ പ്രീമിയം അടക്കുന്നതിനാൽ നോർക്ക റൂട്ട്സിനോ സർക്കാറിനോ അധികബാധ്യത ഉണ്ടാകുന്നില്ല.പദ്ധതിയുടെ എൻറോൾമെന്റ് വിൻഡോ 22 സെപ്റ്റംബർ മുതൽ 21 ഒക്ടോബർ 2025 വരെ ആയതിനാൽ ആവശ്യമായ നടപടിക്രമങ്ങൾ ചെയ്ത് മടങ്ങിവന്ന പ്രവാസികളെക്കൂടി എത്രയും പെട്ടെന്ന് ഉൾപ്പെടുത്തണമെന്ന് പി എൽ സി ആവശ്യപ്പെട്ടു. ഹർജിക്കാരെന്ന നിലയിൽ പ്രവാസി ലീഗൽ സെല്ലിനോട് ഹീയറിങ്ങും നടത്തണം. ആവശ്യമെങ്കിൽ എൻറോൾമെൻറ് വിൻഡോയും പദ്ധതിയുടെ എഫക്റ്റിവ് ഡേറ്റും നീട്ടുന്ന കാര്യവും ഉൾപ്പെടെയുള്ള വിഷയങ്ങൾ അടിയന്തിരമായി പരിഗണിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് പ്രവാസി ലീഗൽ സെൽ ആവശ്യപ്പെടുന്നത്.
വാർത്ത സമ്മേളനത്തിൽ പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി അഡ്വ ആർ മുരളീധരൻ,ട്രഷറർ തൽഹത്ത് പൂവച്ചൽ,നിർവാഹക സമിതി അംഗങ്ങളായ നന്ദകുമാർ,അനിൽ അളകാപുരി എന്നിവർ പങ്കെടുത്തു.
![]()
