ദമാം: സ്വദേശി യുവാവുമായി വാക്കു തർക്കത്തിനൊടുവിൽ ദമാം, ബാദിയയിൽ മലയാളിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം,ആറാല്ലുമ്മൂട് സ്വദേശി, അതിയന്നൂർ, ലോട്ടസ് വില്ലയിൽ അഖിൽ അശോക് കുമാർ(28) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സ്വദേശി പൗരനുമായുള്ള വാക്കു തർക്കത്തെ തുടർന്ന് ഉണ്ടായ ഉന്തും തള്ളലിനെ തുടർന്ന് സ്റ്റെയർകെയ്സ പടികളിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുമായി സംഘർഷമുണ്ടാക്കിയ സ്വദേശി പൗരൻ സംഭവത്തെ തുടർന്ന് ഓടി രക്ഷപ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള സംഘർഷത്തിന് ദൃക്സാക്ഷിയായ സുഡാനി പൗരൻ വിവരം പോലീസിനെ അറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നടത്തിയ അതിവേഗ നീക്കത്തിൽ കൊലപാതകിയായ സ്വദേശി പൗരനെ ഉടൻ തന്നെ തിരിച്ചറിഞ്ഞു കണ്ടെത്തി പിടികൂടി അറസ്റ്റ് ചെയ്തു. കഴിഞ്ഞ 7 വർഷമായി സൗദി ദമാമിനു സമീപം ഖത്തീഫിൽ എസി ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്ന അഖിൽ സംഭവ സ്ഥലത്ത് എത്തിയത് സംബന്ധിച്ച് ദുരൂഹത നില നിൽക്കുന്നുണ്ട്.
അശോകകുമാർ സുന്ദരേശൻനായർ, സിന്ധു തങ്കമ്മ എന്നിവരാണ് മാതാപിതാക്കൾ.
അഖിലിനോടൊപ്പം ഖത്തീഫിൽ സന്ദർശക വീസയിൽ ഉണ്ടായിരുന്ന ഭാര്യയും, അച്ഛനും അമ്മയും രണ്ടാഴ്ച മുമ്പാണ് നാട്ടിലേക്ക് തിരിച്ചത്. രണ്ടു വർഷം മുൻപായിരുന്നു അഖിൽ നാട്ടിലെത്തി വിവാഹിതനായത്.അഖിലിൻ്റെ റിയാദിലുള്ള സഹോദരൻ ആദർശും, ബന്ധുക്കളും ദമാമിൽ എത്തി സഹോദരൻ്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
അഖിലിൻ്റെ പോസ്റ്റ് മോർട്ടം പൂർത്തിയാക്കി തുടർ നിയമനടപടികൾ ലോക കേരളസഭാ അംഗവും സാമൂഹിക പ്രവർത്തകനുമായ നാസ് വക്കത്തിൻ്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. സംസ്കാരം പിന്നീട് നാട്ടിൽ.
![]()
