റിയാദ് : സൗദി അറേബ്യയിലേക്കുള്ള ഇന്ത്യൻ പ്രവാസികളുടെ തൊഴിൽ കുടിയേറ്റവും രാജ്യത്തെ വിദേശ നിയമങ്ങളും പ്രവാസികളുടെ ജീവിതവും വിഷയമാക്കി പഠനം നടത്തി പ്രബന്ധം അവതരിപ്പിച്ച മലപ്പുറം കൊടിഞ്ഞി സ്വദേശി തട്ടരാട്ടിൽ അബ്ദു റഹീമിന് ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ചു.
2013 മുതൽ 2023 വരെ പത്ത് വർഷമായി ഈ വിഷയത്തിൽ പഠനം നടത്തി വരികയായിരുന്നു റഹീം. അഞ്ച് വർഷം കേന്ദ്ര സർക്കാരിന്റെ റിസേർച്ച് ഫെലോഷിപ്പ് നേടിയാണ് റഹീം പഠനം നടത്തിയത്.
1970 മുതലുള്ള സൗദിയിലേക്കുള്ള തൊഴിൽ കുടിയേറ്റം മുതൽ പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട സമഗ്ര പഠനത്തിലുള്ള പ്രബന്ധമാണ് സെപ്റ്റംബർ 9 ന് ചൊവ്വാഴ്ച ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഇക്കോണോമിക്സ് ആൻഡ് റിസേർച് സെന്റർ പാനലിലിന് മുമ്പാകെ അവതരിപ്പിച്ചത്.
തുടർന്നുള്ള പാനലിന്റെ ചോദ്യാത്തര സെഷനിലും റഹീം മികച്ച പ്രകടനം കാഴ്ചവെച്ചു.
സൗദി അറേബ്യയിലെത്തുന്ന ഇന്ത്യൻ പ്രവാസികളായ തൊഴിലാളികൾ,സംരംഭകർ, ഗദ്ദാമ (ആയ)മാർ, ഡോക്ടർമാർ എൻജിനീയർമാർ,നഴ്സുമാർ തുടങ്ങി വ്യത്യസ്ത മേഖലകളിലെ പ്രൊഫഷണലുകൾ, അവരുടെ സൗദയിലെ ജീവിതം, തൊഴിൽ സാധ്യത, ആനുകൂല്യങ്ങൾ, പ്രതിസന്ധികൾ തുടങ്ങി സർവ്വ മേഖലയും അടിത്തട്ടിൽ നിന്ന് പഠിച്ചാണ് പ്രബന്ധം അവതരിപ്പിച്ചത്. ഇതിനായി കേരളത്തിലെ നൂറോളം ഗ്രാമങ്ങളിൽ സഞ്ചരിച്ച് ആയിരത്തിലധികം പ്രവാസികളുമായി സംവദിച്ചതായി റഹിം പറഞ്ഞു.
സൗദി അറേബ്യയിലെ നിതാഖാത് ഉൾപ്പടെയുള്ള നിയമങ്ങളും പ്രവാസി സമൂഹത്തിന് മുന്നിൽ സൗദി അറേബ്യ തുറന്ന നിക്ഷേപ സാധ്യതകളും, രാജ്യത്തെ സാംസ്കാരിക മാറ്റവും, വിദ്യാഭ്യാസ രംഗത്ത് പ്രവാസി വിദ്യാർത്ഥികളുടെ സൗദി അറേബ്യയിലെ സാധ്യതയും ഗുണനിലവാരവും, പ്രവാസം അവസാനിപ്പിച്ചു നാട്ടിലെത്തിയാലുള്ള പ്രവാസികളുടെ ജീവിതവും പുനരധിവാസവുമെല്ലാം റഹീമിന്റെ പ്രബന്ധത്തിൽ വിഷയമാണ്.
മാലിദ്വീപിൽ കോളേജ് അധ്യാപകനായിരുന്ന റഹീം നിലവിൽ വിവിധ മേഖലയിൽ സംരംഭകനും സാമൂഹ്യ പ്രവർത്തകനുമാണ്. കൊറോണക്കാലത്ത് സൗദിയിലേക്ക് വരുന്നതിന് സൗദി ആരോഗ്യമന്ത്രാലയം നിഷ്കർഷിച്ച കൊറന്റൈൻ സംവിധാനത്തിനായി തിരഞ്ഞെടുത്തിരുന്നത് മാലി ദ്വീപ് ആയിരുന്നു. ആ സമയത്ത് സുപരിചതമല്ലാത്ത രാജ്യത്ത് സാധ്യമായ സഹായം സൗദി പ്രവാസികൾക്ക് ചെയ്ത് നൽകുന്നതിന് റഹീം സജീവമായി രംഗത്തുണ്ടായിരുന്നു. അക്കാലത്തെ അനുഭവങ്ങളും പഠനം പൂർത്തിയാക്കാൻ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ടെന്ന് റഹീം ഗൾഫ് മാധ്യമത്തോട് പറഞ്ഞു. കൊടിഞ്ഞി സ്വദേശി തട്ടരാട്ടിൽ കുഞ്ഞാലി കുട്ടി ഹാജിയുടെയും, സൈനബയുടെയും മകനാണ് റഹീം. ഷാഹിദയാണ് ഭാര്യ.
പിതാവ് കുഞ്ഞാലി കുട്ടി ഹാജിയും, സഹോദരങ്ങളും വീട്ടു പരിസരത്തെ കുടുംബങ്ങളും അയൽവാസികളും ബഹുഭൂരിപക്ഷവും പ്രവാസികളായിരുന്നു. ഈ വിഷയം തിരഞ്ഞെടുക്കാൻ ഏറെ ആകർഷിച്ചത് അവരുടെ ജീവിതം കണ്ടുണ്ടായ പ്രേരണയാണെന്ന് റഹീം പറഞ്ഞു. ഇതേ വിഷയത്തിൽ ഉപരിപഠനത്തിന് (പോസ്റ്റ്ഡോക്ടറൽ റിസേർച്ച്) ന് തയ്യാറെടുക്കുകയാണ് റഹീം.
![]()
