തിരുവനന്തപുരം:ഓണാഘോഷവും ആരോഗ്യ ബോധവൽക്കരണവും സംയോജിപ്പിച്ച് കേരളത്തിൽ “ഫിറ്റ് മാവേലി, ഫിറ്റ് കേരള” എന്ന വ്യത്യസ്തമായ ക്യാമ്പയിൻ ആരംഭിക്കുന്നു. “മൈ ഷുഗർ ക്ലിനിക്കി”ന്റെ ആഭിമുഖ്യത്തിൽ 2025 ഓഗസ്റ്റ് 22 മുതൽ 25 വരെ നീണ്ടുനിൽക്കുന്ന ഈ സംസ്ഥാനവ്യാപക കാമ്പയിൻ, ജീവിതശൈലി രോഗങ്ങളെ ചെറുക്കാനും, ആരോഗ്യകരമായ ജീവിതരീതികളെ പ്രോത്സാഹിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.
മഹാബലി ഭരിച്ചിരുന്ന കേരളത്തിൽ എല്ലാ ജനങ്ങളും സന്തോഷത്തോടെയും ആരോഗ്യത്തോടെയും വസിച്ചിരുന്നു എന്നാണല്ലോ. പട്ടിണിയും ക്ഷാമവും നേരിട്ടിരുന്ന കാലത്ത് കേരളീയർ കുടവയറും പൊണ്ണത്തടിയും ഒക്കെ ആരോഗ്യത്തിന്റെ ലക്ഷണമായി കണ്ടു വന്നിരുന്നു. അതുകൊണ്ടാണ്
ചരിത്രം മഹാബലിയെ ശക്തനും പോരാട്ടവീര്യമുള്ള നേതാവുമായി വിശേഷിപ്പിക്കുമ്പോൾ, കേരളീയർ അദ്ദേഹത്തെ പൊണ്ണത്തടിയുള്ളവനായി ചിത്രീകരിക്കുന്നതു.
കുടവയർ ഇല്ലാത്ത ഒരു മാവേലിയെ കുറിച്ച് മലയാളിക്ക് സങ്കൽപ്പിക്കാൻ പോലും ഇന്ന് കഴിയില്ല.എന്നാൽ പൊണ്ണതടി ഒഴിവാക്കി ഫിറ്റ് ആയ ഒരു ശരീരം ആണ് ആരോഗ്യത്തിന്റെ ലക്ഷണം എന്ന് ഇന്ന് നമുക്ക് അറിയാം. അപ്പോൾ തെറ്റായ ഈ ശരീരസങ്കല്പത്തെ ഉടച്ചു വാർത്ത് ജീവിത ശൈലി രോഗങ്ങളെ മറികടക്കാൻ കുടവർ ഇല്ലാത്ത ഫിറ്റ് ആയ മാവേലിയെ നമുക് ഒന്നിച്ചു സൃഷ്ടിക്കാം.
മഹാബലിയുടെ ആരോഗ്യവും സമൃദ്ധിയും പുനഃസ്ഥാപിക്കുക, ആരോഗ്യകരമായ കേരളത്തിന് അദ്ദേഹത്തെ ഒരു മാതൃകയാക്കുക എന്ന ദൗത്യവുമായി ഒരു സംഘം നിരത്തിലിറങ്ങുകയാണ്.
“ഇന്ത്യയുടെ പ്രമേഹ തലസ്ഥാനം” എന്നറിയപ്പെടുന്ന കേരളത്തിൽ, പ്രത്യേകിച്ച് യുവജനങ്ങൾക്കിടയിൽ, ജീവിതശൈലി രോഗങ്ങളുടെ വർദ്ധനവ് ആശങ്കാജനകമാണ്. ഈ പ്രവണതയെ ചെറുക്കുന്നതിനായി, കേരളത്തിലെ ജീവിതശൈലി രോഗ പ്രതിരോധത്തിനായി ടെലിമെഡിസിൻ, ഡിജിറ്റൽ ഹെൽത്ത് പ്ലാറ്റ്ഫോമായ മൈ ഷുഗർക്ലിനിക്,
2025 ഓഗസ്റ്റ് 22 മുതൽ 25 വരെ “ഫിറ്റ് മാവേലി, ഫിറ്റ് കേരള” എന്ന കേരള കാമ്പയിൻ ആരംഭിക്കുന്നു.
ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ. ഷംനാദ് പി, സൈക്ലിംഗ് പ്രേമിയായ നാസർ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള ഈ സംരംഭം, അമിതവണ്ണത്തെയും ആരോഗ്യത്തെയും കുറിച്ചുള്ള നിലവിലുള്ള സാമൂഹിക ധാരണകളെ വെല്ലുവിളിക്കാൻ ശ്രമിക്കുന്നു.
“നമ്മുടെ സമൂഹത്തിൽ പൊണ്ണത്തടിയും കൂടവയറും സർവസാധാരണമായിരിക്കുന്നു , അതേസമയം ഫിറ്റ്നസും ആരോഗ്യകരമായ ശരീരഭാരവും അപവാദങ്ങളായി കാണപ്പെടുന്നു. മാവേലിയുടെ ഇപ്പോഴത്തെ ചിത്രവും ഇതു പ്രതിഫലിപ്പിക്കുന്നു . ഇത് മാറണം. സമൃദ്ധി എന്നാൽ ആരോഗ്യമുള്ള ശരീരം എന്നതാവണം നമ്മുടെ സങ്കല്പം. ജീവിതശൈലി രോഗങ്ങളായ പ്രമേഹവും ഫാറ്റി ലിവറും പിസിഒഡി ഉം ഒക്കെ മാവേലിയുടെ ഈ സമ്പൽസമൃദ്ധമായ മണ്ണിൽ നിന്നും നമ്മക്ക് തുടച്ചു മാറ്റാം.”
ഫിറ്റ് മാവേലി, ഫിറ്റ് കേരള എന്ന ഈ ക്യാംപെയ്ൻ ആഗസ്റ്റ് 22ന് ബഹുമാനപെട്ട എംഎൽഎ വി. കെ. പ്രശാന്ത് സൈക്കിൾ സവാരി നടത്തി ഉദ്ഘാടനം ചെയ്തു.
സൈക്ലിങ്, ജനസമ്പർക്കം, പരിസ്ഥിതി സംരക്ഷണം, തുടങ്ങി നിരവധി പരിപാടികളാണ് ഈ കാമ്പയിന്റെ ഭാഗമായി ഉണ്ടാകുക.
തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് വരെ നടത്തുന്ന ഈ സൈക്കിൾ റാലിയിൽ ഡോ ഷംനാദ് പി ,നാസർ എം ,ശ്രീജു ജി ,ആകാശ് ബ്ലെസ്സൻ ,അജിത്ത് പി ആർ ,ഡോ സമീർ കെ എച്ച്,ഹസീബ് എ ചിത്തിനെത്ത്,അഭിമന്യൂ എസ് എസ് എന്നിവരാണ് പങ്കെടുക്കുന്നത്

ഫിറ്റ്നസും ആരോഗ്യവുമുള്ള മനുഷ്യർ ആമോദത്തോടെ വസിക്കുന്ന ജീവിതശൈലി രോഗങ്ങളില്ലാത്ത മാവേലിയുടെ സ്വന്തം നാട്, അതാവട്ടെ ഈ ഓണത്തിന് നമുക്ക് മുന്നിലുള്ള മാതൃകാ സങ്കൽപ്പം.
![]()
