തിരുവനന്തപുരം: ചരിത്രപരമായ ഉത്തരവുകൾ പുറപ്പെടുവിച്ചു മനുഷ്യവകാശ കമ്മീഷൻ ഓഫിസിന്റെ പടിയിറങ്ങി കമ്മീഷണർ അബ്ദുൽ ഹക്കിം. അദ്ദേഹം തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയാനുള്ളതെല്ലാം പറഞ്ഞിട്ട് തന്നെയാണ് പദവി ഒഴിഞ്ഞത്.
പോസ്റ്റിന്റെ പൂർണരൂപം
നന്ദിയോടെ
സംസ്ഥാന വിവരാവകാശ കമ്മീഷണർ പദവിയിലെ എന്റെ കാലാവധി ആഗസ്റ്റ് നാലിന് അവസാനി ച്ചിരിക്കുകയാണ്.
വിവരാവകാശം എന്ന മഹത്തായ ജനാധിപത്യ നിയമത്തെ കാത്തുസൂക്ഷിക്കുന്ന ദൗത്യം എനിക്ക് ലഭിച്ചത് വലിയൊരു അംഗീകാരമായിരുന്നു.
കേരളത്തിലെ ജനങ്ങൾക്കു വേണ്ടി സേവനം ചെയ്യാൻ അവസരം നൽകിയതിൽ ഞാൻ നന്ദിയുള്ളവനാണ്. ബഹുമാനപ്പെട്ട ഗവർണറോട്,ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട്,
ബഹു.നിയമ മന്ത്രിയോട്,
ബഹു. പ്രതിപക്ഷ നേതാവിനോട്.
വിവിധ വകുപ്പുകളിലെ വിവരാധികാരികളുടെയും അപ്പീൽ അധികാരികളുടെയും സഹകരണം എന്നും ഉണ്ടായിരുന്നു. ഏറ്റവും പ്രധാനമായി, അസാധാരണമായ വിധത്തിൽ നിയമം പ്രയോഗിച്ച ജനങ്ങളാണ് ഇതിലെ യഥാർത്ഥ നായകർ. ജനം എന്നിലർപ്പിച്ച പ്രതീക്ഷയും വിശ്വാസവും കരുത്താക്കിയാണ് ഞാൻ പ്രവർത്തിച്ചത്.
നിയമത്തിൻറെ പ്രസക്തിയും വ്യാപ്തിയും വർധിപ്പിക്കുന്നതിൽ വിവരാവകാശ പ്രവർത്തകരുടെ ഇടപെടൽ എന്നും സഹായകമായിരുന്നു.
ഈ കാലയളവിൽ ചില സ്മരണീയമായ തീരുമാനങ്ങൾ എടുക്കാൻ കഴിഞ്ഞതിൽ തൃപ്തിയുണ്ട്. കുടുംബശ്രീയും കേരള ബാങ്കും സ്വാശ്രയ മേഖലയും സ്കൂൾ പി ടി എകളും നിയമത്തിൻറെ പരിധിയിൽ കൊണ്ടുവന്നത്, ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിട്ടത്, വിദ്യാർത്ഥികൾക്ക് പ്രാക്ടിക്കൽ പരീക്ഷയുടെ മാര്ക്ക് വിഭജിച്ച സ്കോർ ഷീറ്റുകൾ ലഭ്യമാക്കിയത്,
വ്യാപാരശാലകളിൽ പരിശോധനയ്ക്ക് മുമ്പും ശേഷവും ഉദ്യോഗസ്ഥർ രേഖകൾ വ്യാപാരിയെ കാണിക്കണമെന്ന് ഉത്തരവായത്,ഏത് വകുപ്പിലും ഓഫീസർ വിടുതലാകുമ്പോൾ പിൻഗാമിക്ക് നൽകുന്ന കുറിപ്പ് വിവരരേഖയാക്കിയത്,വിവരം ലഭിക്കാത്ത പലർക്കും നഷ്ടപരിഹാരം ലഭ്യമാക്കിയതുമൊക്കെ അവയിൽ ചിലതാണ്.
വിവരാവകാശം വഴി സാമൂഹ്യനീതിക്ക് വഴിയൊരുക്കാൻ ശ്രമിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിനും ഉദ്യോഗാർത്ഥികൾക്ക് ജോലിക്കും സംവരണ റോട്ടേഷൻ ചർട്ടുകൾ കർശനമായി പാലിക്കണമെന്ന് ഉത്തരവിട്ടു. തുടർന്ന് യൂണിവേഴ്സിറ്റികളും
പി എസ് സി യും ഉറപ്പു നല്കിയതും അവ പാലിക്കുന്നുണ്ടെന്ന് കാണുന്നതും തലമുറകൾക്ക് പ്രയോജനം ലഭിക്കുന്നതാണ് .റവന്യൂ ഹയർ സർവ്വേ പരീക്ഷാ പേപ്പർ പുനർമൂല്യനിർണ്ണയം അനുവദിച്ച് ഉത്തരവായി.
23 വർഷവർഷമായി കാണാനില്ലെന്ന് പറഞ്ഞ സർവ്വീസ് ബുക്ക് 24 മണിക്കൂറിനകം കണ്ടെത്തിയത് ഒരു കുടുംബത്തിൻറെ പ്രശ്നം പരിഹരിക്കുക മാത്രമായിരുന്നില്ല ;കടുത്ത അനീതിയും അനാസ്ഥയുംകൂടി വെളിച്ചതു കൊണ്ടുവരുന്നതായിരുന്നു. നിരവധി പേരുടെ ആശ്രിത നിയമനത്തിന് വഴിയൊരുക്കി രേഖകൾ ലഭ്യമാക്കി. ഹരിപ്പാട് ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ നിറപുത്തരി നടക്കുന്നതുമായി ബന്ധപ്പെട്ട വിലപ്പെട്ട വസ്തുവകകൾ സൂക്ഷിക്കുന്ന സർക്കാർ ട്രഷറി സ്ട്രോങ്ങ് റൂമിൽ നിന്ന് 13 വർഷമായി കാണാതായ നാൾവഴി പേരേട് ഒരു വെണ്ടറുടെ കടയിൽ നിന്ന് കണ്ടെത്തി,അളവിലെ തെറ്റുകാരണം ഭൂമിയും വീടും നഷ്ടപ്പെട്ടതിനാൽ വിവാഹ ബന്ധം മുറിഞ്ഞുപോകുമായിരുന്ന യുവതിക്ക് നീതി നല്കാനായി.ഒരു സ്കൂളിൽ മൂന്നര കൊല്ലമായി ശമ്പളം ലഭിക്കാതിരുന്ന മൂന്ന് അധ്യാപികമാർക്ക് ശമ്പളം ലഭിക്കാൻ വഴിയൊരുക്കി.അപേക്ഷകർക്ക് മറുപടിയല്ല വിവരമാണ് നല്കേണ്ടത് എന്ന് നിർദ്ദേശിച്ചു.കാണാതായ ഫയൽ പുന:സൃഷ്ടിച്ച് പകർപ്പ് നല്കാൻ ഉത്തരവായി. ആറ്റിങ്ങൽ നഗരസഭ ഉൾപ്പെടെ പലേടത്തും ഇപ്പോൾ അത് സംഭവിക്കുന്നു.
വിവരാവകാശ അപേക്ഷകരിൽ നിന്ന് മറ്റ് നിയമങ്ങൾ പ്രകാരുള്ള ഫീസ് വാങ്ങരുത്.അധിക ഫീസ് വാങ്ങിയവർ തിരികെ നല്കി.അതിൽ ന്തൂറിരട്ടി ഫീസ് വാങ്ങിയ കേസ് വരെയുണ്ട്.
മാധ്യമ പ്രവർത്തകർക്ക് പ്രത്യേകം നന്ദി. ആക്ടിൻറെ ബോധന വ്യാപന പ്രവർത്തനങ്ങളിൽ അച്ചടി ദൃശ്യ ശ്രാവ്യ നവ മാധ്യമങ്ങൾ എന്നെ ശക്തമായി പ്രമോട്ടുചെയ്തത് പ്രത്യേകം സ്മരിക്കുന്നു.അത് കേവലം പബ്ലിസിറ്റി ആയിരുന്നില്ല.ആക്ടിലെ 25-ാം വകുപ്പ് നടപ്പിൽ വരുത്തുകയായിരുന്നു.
വിവരാവകാശ നിയമം നമ്മുടെ ജനാധിപത്യത്തിന്റെ പാതിരാത്രിയിലെ വിളക്കാണ്. അതിനെ പ്രതിരോധങ്ങളുടെ കാറ്റിൽ അണയാതെ സംരക്ഷിക്കണം. വിവരം നല്കുന്നത് വൈകിപ്പിക്കൽ, യഥാർത്ഥ വിവരം മറച്ചുവക്കൽ, നിയമത്തെത്തന്നെ ദുർബലപ്പെടുത്തൽ തുടങ്ങിയവയും ആ കാറ്റിൽ പെട്ടതാണ്. സുതാര്യതയും വിശ്വാസ്യതയും നിയമത്തിൻറെ ശാഠ്യത്താൽ വകവച്ചു നല്കുന്ന അനിവാര്യത ആയിക്കൂട. അവ സർക്കാർ ഓഫീസുകളുടെ സംസ്കാരമായി വളരണം. എല്ലാ ഓഫീസുളും സ്വയമേവ വിവരം വെളിപ്പെടുത്തണമെന്ന വകുപ്പ് നാലിൻറെ താത്പര്യവും ബഹു. സുപ്രീം കോടതിയുടെ നിർദ്ദേശവും ഇനിയും നടപ്പാകേണ്ടിയിരിക്കുന്നു.
ഡിജിറ്റലൈസേഷനും ഓഫീസുകളുടെ ശേഷി വികസനവും ജനപക്ഷ ഭരണത്തിന് അനിവാര്യമാണ്.
വിവരാവകാശം ഒരു നിഷ്പക്ഷ നിയമമല്ല. അത് പൂർണ്ണമായും ജനപക്ഷ നിയമമാണ്. കമ്മിഷണർ എന്ന നിലയിൽ നിയമത്തിൻറെ താല്പര്യ പ്രകാരം ജനപക്ഷത്തു നില്കാൻ ഞാൻ ബോധപൂർവ്വം ശ്രമിച്ചിട്ടുണ്ട്.അതിനാൽ ചില പ്രതിസന്ധികളും ഉണ്ടായിട്ടുണ്ട്. അപ്പോൾ സംരക്ഷണമൊരുക്കിയ ബഹു.മുഖ്യമന്ത്രി,നിയമ മന്ത്രി,സാംസ്കാരിക മന്ത്രി,പൊലീസ്,മാധ്യമങ്ങൾ എന്നിവരോട് പ്രത്യേക നന്ദിയുണ്ട്.പ്രതിസന്ധിയിൽ വഴിയിൽ തള്ളിയവരുമുണ്ട്. അവരോട് സ്നേഹം മാത്രം. പ്രതിസന്ധികളാണ് ഒരാളെ കൂടുതൽ ജാഗ്രത്താക്കുന്നത്.
നിയമം വകുപ്പ് 25 ൻറെ താത്പര്യ പ്രകാരം കാമ്പസുകളിൽ ഞാൻ ആരംഭിച്ച ആർടിഐ ക്ലബുകൾ നിലനില്ക്കേണ്ടതും വ്യാപിക്കേണ്ടതുമാണ്. ആർടിഐ ക്ലബ്ലുകളിലൂടെ പരിശീലനം നേടുന്ന യുവാക്കൾക്ക്,അറിവിനുമേൽ അടയിരിക്കുന്ന ഓഫീസുകളെ അസ്വസ്ഥമാക്കാനാവും;
വിവരാവകാശ കമ്മിഷനെപ്പോലും!അതുകൊണ്ട് അവർ ക്ലബ്ബ് എന്ന ആശയത്തെത്തന്നെ എതിർക്കും. ഏതു സാഹചര്യത്തിലും ആർടിഐ ക്ലബ്ബുകളുടെ വ്യാപനത്തിന് ഞാൻ മുന്നിലുണ്ടാവും.
ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിർദ്ദേശമാണ് ആർ ടി ഐ നിയമത്തിലെ വകുപ്പ് നാല് എല്ലാ ഓഫീസുകളും നടപ്പിൽ വരുത്തണമെന്നത്. അത് സ്വമേധയാ വിവരങ്ങൾ സൈറ്റിൽ ലഭ്യമാക്കാനുള്ളതാണ്. ആ നിർദ്ദേശം പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താനാണ് ഞാൻ ഓഫീസുകളിൽ മിന്നൽ പരിശോധനകൾ നടത്തിയിട്ടുള്ളത്.
സാധ്യമായ വിഭവങ്ങളെല്ലാം ഉപയോഗപ്പെടുത്തി ബോധവത്കരണം നടത്താൻ നിയമത്തിൽ നിർദ്ദേശമുണ്ട്.
ഉദ്യോഗസ്ഥർക്കും ജനങ്ങൾക്കും വേണ്ടി പഞ്ചായത്ത് തലങ്ങൾ വരെയും പരിശീലനം നടത്തി. കമ്മിഷൻ സിറ്റിംഗുകൾ ജില്ലാ കേന്ദ്രങ്ങളിൽ നിന്ന് ഗ്രാമതലത്തിലേക്ക് വ്യാപിപ്പിച്ച് സാധാരണക്കാർക്ക് പ്രാപ്യമാക്കി.
അപേക്ഷകർക്ക് എന്തെങ്കിലും മറുപടി നല്കി ഫയൽ തീർപ്പിക്കുന്നവരോട് മറുപടിയല്ല വിവരമാണ് നല്കേണ്ടത് എന്ന കാർക്കശ്യം പുലർത്തി. പബ്ലിക് ഇൻഫർമേഷൻ ഓഫീസറെ വിവരാധികാരി എന്ന് വിളിക്കാൻ ഒരു വാക്കും കണ്ടെത്തി.
വിവരാവകാശ നിയമം ഉപയോഗിച്ച് ആദിവാസി കുടുംബിനികൾ ആദ്യമായി കേസുകൾ വാദിക്കുന്നതും ദളിത് പിന്നാക്ക ന്യൂനപക്ഷ അവകാശ പോരാട്ട സംഘടനകൾ ഈ നിയമത്തെ സാമൂഹ്യ നേട്ടത്തിനായി ഉപയോഗപ്പെടുത്തുന്നതും സാധാരണക്കാരായ പൗരന്മാർ സത്യത്തിന്റെ പക്ഷം നിന്നുകൊണ്ട് ഇടനിലക്കാരില്ലാതെ ന്യായവാദം നടത്തുന്നതും ഞാൻ നേരിട്ട് കണ്ടു. മുന്നാക്ക ജാതിയായതുകൊണ്ട് മാത്രം തൊഴിലവസരം നഷ്ടപ്പെടുന്നവരുമുണ്ട്. അവർക്ക് അർഹമായ നീതി ലഭിക്കാൻ രേഖകൾ നേടിക്കൊടുക്കാനും കഴിഞ്ഞിട്ടുണ്ട്.
വിവരാവകാശ നിയമം ദുരുപയോഗം ചെയ്യുന്ന ചെറിയ വിഭാഗമുണ്ട്. നിയമത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ശക്തികളുമുണ്ട്. ഈ രണ്ടുകൂട്ടരെയും നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.
2022 ൽ ഞാൻ ചുമതല ഏല്ക്കുമ്പോൾ 2016 മുതലുള്ള 6600 ൽ പരം ഫയലുകൾ കെട്ടിക്കിടപ്പുണ്ടായിരുന്നു.
അവ മുഴുവനും തീർപ്പാക്കി. മൂന്നു വർഷമായി വന്നു കൊണ്ടിരുന്ന 3006 പുതിയ ഫയലുകളിലും ഉത്തരവുകൾ ഇറക്കി. ഇപ്പോൾ ഒരു ഫയൽ പോലും എൻറെ മേശപ്പുറത്തില്ല എന്നതിൽ അഭിമാനമുണ്ട്.
ഔദ്യോഗിക ഉത്തരവാദിത്വങ്ങൾ ഒഴിഞ്ഞെങ്കിലും ഏത് വിധേനയും സമൂഹത്തിന് ഞാൻ സേവനം ചെയ്യും. എനിക്കൊരു അവസരം നൽകിയവരോടും പിന്തുണച്ച എല്ലാവരോടും പ്രത്യേകം
നന്ദി,നന്ദി,നന്ദി
🙏
ഡോ .എ അബ്ദുൽ ഹക്കിം
ജയ് ഹിന്ദ്.
![]()
