എ ഐ സി സി സംഘടന ചുമതലയുള്ള കെ സി വേണുഗോപാൽ രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്നു സാമൂഹിക മാധ്യമത്തിൽ എഴുതിയ കുറിപ്പ് ഏറെ വൈകാരികവും വൈറലുമായി.
എഫ് ബി പോസ്റ്റിന്റെ പൂർണ്ണരൂപം
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാക്കൾ കൂട്ടത്തോടെ പരിഹാസാർത്ഥം ഉന്നയിച്ച ചോദ്യം. സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിൽ ദേശീയ നേതാക്കൾ വരെ ഹാഷ്ടാഗാക്കിയ മുദ്രാവാക്യം. അതിന് മറുപടി തെരഞ്ഞെടുപ്പിനൊടുവിൽ ലഭിച്ചത് ചോദ്യമുന്നയിച്ചവർ കണ്ടു, കൺകുളിർക്കെ. അവർക്ക് രാജ്യം ഒറ്റക്കെട്ടായി മറുപടി നൽകി. ഈ രാജ്യത്തിന്റെ പ്രതിപക്ഷ നേതാവെന്ന്. അത് തുടക്കമോ ഒടുക്കമോ ആയിരുന്നില്ല. കോടിക്കണക്കിന് മനുഷ്യരുടെ പ്രതീക്ഷയും സ്നേഹവും വിശ്വാസവുമായിരുന്നു അന്നുമിന്നുമെന്നും രാഹുൽ ഗാന്ധിയെന്ന പേര്. അതിന്റെ തുടർച്ച മാത്രമായിരുന്നു കൈയിൽ ഭരണഘടനയും ഉയർത്തിപ്പിടിച്ച് രാഹുൽ ഗാന്ധിയെന്ന പ്രതിപക്ഷ നേതാവ് സഭയിലേക്ക് കടന്നുവന്നത്.
ഇന്ത്യയുടെ രാഷ്ട്രീയ പാഠപുസ്തകത്തിന്റെയും ഭരണഘടനാ മൂല്യങ്ങളുടെയും ജനാധിപത്യാവകാശങ്ങളുടെയും മതേതര കാഴ്ചപ്പാടുകളുടെയും ഏറ്റവും വലിയ പരിവര്ത്തനത്തിന്റെയും ഉയിര്ത്തെഴുന്നേല്പ്പുകളുടെയും നാളുകൾ കൂടിയാണ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ജീവകാലം. ഉയർച്ചയും താഴ്ചയുമുള്ള പടവുകളിൽ പതറാതെ, ഉലയാതെ, ഈ രാജ്യത്തിന്റെ വൈവിധ്യങ്ങളെ ഹൃദയത്തിലേറ്റി രാഹുൽ സഞ്ചരിച്ചത് തൊട്ടടുത്ത് നിന്ന് കണ്ടതിന്റെ ആനന്ദവും വേദനകളും ഇപ്പോഴും എന്റെയുള്ളിലുണ്ട്. മുത്തശ്ശിയുടെയും അച്ഛന്റെയും മരണങ്ങൾ രണ്ട് ദുരന്തങ്ങൾ പോലെ ഫോൺ വിളികളായി ഏറ്റുവാങ്ങേണ്ടി വന്ന ബാല്യവും യൗവനവും അതിജീവിച്ചതിന്റെ അനുഭവങ്ങൾ കേട്ടുനിന്നിട്ടുണ്ട്. ആ അനുഭവങ്ങളുടെ തീനാമ്പുകൾ ഉള്ളിൽപ്പേറിയത് കൊണ്ടാണ്, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വഴികൾക്ക് മീതെ പതഞ്ഞൊഴുകുന്ന സ്നേഹമൊഴുക്കി ഈ രാജ്യമൊട്ടുക്കും രാഹുൽ ഗാന്ധി നടന്നത്. പരിഹാസവും അധിക്ഷേപവും ആക്രമണവും പടർത്തിയിട്ടും 4080 കിലോമീറ്റർ ദൂരം കാൽനടയായി നടന്നുകയറി, ഈ രാജ്യത്തിന്റെ ഹൃദയത്തിൽ ഇരിപ്പുറപ്പിച്ചൊരാളിലല്ലാതെ ഇനിയാരിലാണ് ഈ രാജ്യം വിശ്വസിക്കേണ്ടത്, പ്രതീക്ഷിക്കേണ്ടത്?
സ്നേഹവും കരുണയും സഹാനുഭൂതിയുമൊഴുകുന്ന രാഹുലിന്റെ വാക്കുകളിൽ, അഗ്നി കണക്കെ വാക്കുകൾ പ്രവഹിക്കുന്നതും അതിൽ എതിർ ചേരിയിലെ വെറുപ്പിന്റെ കൂടാരം വിറങ്ങലിച്ചുനിൽക്കുന്നതും തൊട്ടടുത്ത സീറ്റിലിരുന്ന് കാണുന്നതിനെ ഒരു വാക്കുകൊണ്ടും വിവരിക്കാൻ കഴിയില്ല. ലോക്സഭയിൽ 53 മിനിറ്റ് നേരം രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തെ 78 മിനിറ്റ് നേരമെടുത്തിട്ടും പ്രതിരോധിക്കാനും നേരിടാനും കഴിയാതിരുന്ന പ്രധാനമന്ത്രിക്കും ഇപ്പോൾ ബോധ്യപ്പെടുന്നുണ്ടാവും ആരാണ് രാഹുൽ ഗാന്ധിയെന്ന്.
ആദ്യം അവർ തള്ളും, പിന്നെ കൊള്ളും എന്നത് രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ അക്ഷരാർത്ഥത്തിൽ ശരിയാണ്. കോവിഡ് കാലത്ത് രാജ്യത്തുണ്ടായ മരണങ്ങൾ പൂഴ്ത്തിവെയ്ക്കാൻ ഇറങ്ങിപ്പുറപ്പെട്ട കേന്ദ്ര സർക്കാരിനെ രാഹുൽ ഗാന്ധി നിരന്തരം വിമർശിച്ചിരുന്നു. സർക്കാർ കണക്കുകൾ തെറ്റാണെന്ന രാഹുൽ ഗാന്ധിയുടെ വാദം കുറച്ചാഴ്ചകൾക്ക് മുൻപ് ശരിയെന്ന് തെളിഞ്ഞപ്പോൾ നിശബ്ദത പാലിക്കുകയാണ് ഭരണകൂടം. സിവിൽ രജിസ്ട്രേഷൻ സിസ്റ്റം പുറത്തുവിട്ട കണക്കുകളിൽ 20 മുതൽ 25 ലക്ഷം വരെ മരണമെന്ന് പറയുമ്പോൾ, സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ അഞ്ചുലക്ഷത്തോളം മാത്രമായിരുന്നു.
ജാതി സെൻസസ് നടപ്പിലാക്കണമെന്ന രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും നിരന്തര ആവശ്യത്തെയും ബിജെപിയും കേന്ദ്ര സർക്കാരും ആദ്യം നേരിട്ടത് ഇങ്ങനെ തന്നെയായിരുന്നു. അർബൻ നക്സൽ ആശയം എന്നാണ് അവർ അതിനെ വിശേഷിപ്പിച്ചത്. അവിടെയും തളരാതെ, ഭാരത് ജോഡോ ന്യായ് യാത്രയിലെ പ്രധാന വിഷയമാക്കി രാഹുൽ ഗാന്ധി ജാതി സെൻസസിനെ മാറ്റി. ഒടുവിൽ ഗത്യന്തരമില്ലാതെ മലക്കം മറിഞ്ഞ കേന്ദ്ര സർക്കാർ ജാതി സെൻസസ് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. കേവലമൊരാവശ്യം അംഗീകരിക്കപ്പെട്ടു എന്ന നിലയിലല്ല ഇതിനെ കാണേണ്ടത്. ഒരു ലോക്സഭാ തെരഞ്ഞെടുപ്പിലെ, അതിന് ശേഷമുള്ള നാളുകളിലെ രാജ്യത്തിന്റെ ഫോക്കൽ പോയിന്റ് പോലും സാമൂഹ്യ നീതിയായി മാറുകയായിരുന്നു എന്നതാണ് അവിടെ ശ്രദ്ധേയം.
രാജ്യസുരക്ഷ അപകടത്തിലാണെന്ന് നിരവധി വട്ടം ഉന്നയിച്ചപ്പോഴും രാഹുൽ ഗാന്ധിക്ക് രാജ്യദ്രോഹിപ്പട്ടം ചാർത്തിക്കൊടുക്കാനാണ് സംഘപരിവാർ നേതാക്കൾ ഒന്നടങ്കം ശ്രമിച്ചത്. ഒടുവിൽ ഇന്ത്യയുടെ 4000 കിലോമീറ്റർ ഭൂമി ചൈനയുടെ പിടിയിലാണെന്ന യാഥാർഥ്യം പുറത്തുവന്നപ്പോഴും അംഗീകരിക്കാൻ കേന്ദ്രം തയ്യാറായില്ല. പുൽവാമയിലെ ഭീകരാക്രമണത്തിലും ശേഷമുണ്ടായ തിരിച്ചടിയിലും രാജ്യം പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങൾക്ക് പിന്നിൽ ഉറച്ചുനിൽക്കുകയാണ്, ഇപ്പോഴും.
രോഹിത് വെമുലയ്ക്ക് വേണ്ടി ഹൈദരാബാദിൽ ഓടിയെത്തിയ അതേ രാഹുൽ ഗാന്ധി തന്നെയാണ്, ഹത്രാസിലെയും ലഖിംപുർ ഖേരിയിലെയും മനുഷ്യരെ ചേർത്തുപിടിക്കാനെത്തിയതും. കന്യാകുമാരിയിലെ കൊടും ചൂടിൽ നിന്നും വഴിനീളെയുള്ള പ്രകൃതിയുടെ പരീക്ഷണങ്ങളെ അതിജീവിച്ച് കശ്മീരിന്റെ കൊടും തണുപ്പിൽ അരക്ഷിതാവസ്ഥയിലും ഭയത്തിലും കഴിഞ്ഞിരുന്ന മനുഷ്യരെ പ്രതീക്ഷയുടെയും പ്രത്യാശയുടെയും പാതകളിലേക്ക് കൈപിടിച്ച് നടത്തിയാണ് രാഹുൽ ഗാന്ധി ഈ രാജ്യത്തിന്റെ ഹൃദയം കീഴടക്കിയത്.
ഇനിയുമൊരുപാടധികമുണ്ട്, ചെയ്തുതീർക്കാൻ. അതിനൊക്കെയും കരുത്തായി നമ്മളോരോരുത്തരുടെയും കൈകളുണ്ട് ആ നെഞ്ചിൽ. അതൊക്കെയും ചേർത്തുപിടിച്ചൊരുനാൾ സ്നേഹത്തിന്റേത് മാത്രമായൊരു കമ്പോളമുണ്ടാക്കും, ആ മനുഷ്യൻ. ഒപ്പം ചേർന്നുനിൽക്കാം. ഏറെ സ്നേഹത്തോടെ, ഏറ്റവും പ്രിയപ്പെട്ടയാൾക്ക് ജന്മദിനാശംസകൾ.
![]()
