മക്ക: പരിശുദ്ധ ഹജ്ജിന്റെ വളരെ പ്രധാനപ്പെട്ട കർമ്മമായ അറഫ സംഗമം ഇന്ന് നടക്കും.
ലോക രാജ്യങ്ങളില്‍ നിന്നെത്തിയ 19 ലക്ഷത്തിലധികം വിശ്വാസികള്‍ അറഫയില്‍ സംഗമിക്കും.
ലോകത്തിന്റെ ഏറ്റവും വലിയ മനുഷ്യ സംഗമ വേദിയായി അറിയപ്പെടുന്ന അറഫയില്‍ വെള്ള വസ്ത്രധാരികളായ തീര്‍ഥാടകര്‍ പ്രാര്ഥനാപൂര്ണമായ മനസ്സോടെ ഒന്നിച്ചു ചേരും.
‘അല്ലാഹുവേ, നിന്റെ വിളിക്ക് ഞങ്ങള്‍ ഉത്തരം നല്കുന്നു’ എന്നര്‍ഥം വരുന്ന ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്’ എന്ന മന്ത്രധ്വനികളുമായി ശുഭ്രവസ്ത്രധാരികളായ തീര്‍ത്ഥാടകര്‍ മിനാ താഴ്വരയെ ഇന്ന് അക്ഷരാര്‍ഥത്തില്‍ ഒരു തൂവെള്ള സമുദ്രമാക്കി മാറ്റും. ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികളുടെ ആഗോള സംഗമമാണ് ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ ഹജ്ജ് കര്‍മം.
പ്രഭാത പ്രാര്‍ഥന കഴിയുന്നതോടെ തീര്‍ത്ഥാടകര്‍ അറഫാ സംഗമത്തില്‍ പങ്കെടുക്കാന്‍ മിന താഴ്വരയില് നിന്ന് അറഫാ മൈതാനിയിലേക്കു പുറപ്പെടും.പ്രവാചകന്റെ വിഖ്യാതമായ അറഫ പ്രസംഗത്തെ അനുസ്മരിപ്പിക്കുന്ന അറഫാ പ്രഭാഷണം വിവിധ ഭാഷകളിൽ തർജ്ജമ ചെയ്യാൻ വിപുലമായ ഒരുക്കങ്ങൾ ആണ് നടത്തിയിട്ടുള്ളത്.
ആശുപത്രികളില്‍ ചികിത്സയിലുളള തീര്‍ത്ഥാടകരൊഴികെ മദീനയിലും മക്കയിലും എത്തിയ മുഴുവന്‍ ഇന്ത്യന്‍ തീര്‍ത്ഥാടകരും ഇന്നലെ വൈകുന്നേരത്തോടെ മിനയിലെത്തിയിരുന്നു.
ഇന്ന് ഉച്ചയോടെ ആരംഭിക്കുന്ന അറഫ സംഗമത്തിന്റെ ഭാഗമായി സൂര്യാസ്തമയം വരെ തീര്‍ത്ഥാടകര്‍ ഇവിടെ പ്രാര്‍ത്ഥനയില്‍ മുഴുകും.
![]()
