ദില്ലി: ഓപ്പറേഷൻ സിന്ദൂറിൽ രാജ്യം നേടിയ ഈ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം പറഞ്ഞത്. സേനകൾക്ക് സല്യൂട്ട് പറഞ്ഞ പ്രധാനമന്ത്രി പോർമുഖത്ത് സേനകൾ അസാമാന്യ ധൈര്യവും, പ്രകടനവും കാഴ്ച വച്ചുവെന്ന് പ്രശംസിച്ചു. ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായ എല്ലാവർക്കും അഭിവാദ്യമെന്നും മോദി പറഞ്ഞു. പാക് ഭീകരവാദത്തെ ഓർമ്മിപ്പിച്ച് വെള്ളവും, രക്തവും ഒന്നിച്ചൊഴുകില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി, പാകിസ്ഥാനുമായി ചർച്ച നടന്നാൽ അത് പാക് അധീന കശ്മീരുമായി ബന്ധപ്പെട്ട് മാത്രമായിരിക്കും എന്നും വ്യക്തമാക്കി.
‘ന്യായവും നീതിയും നടപ്പാക്കലായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ഭീകരവാദികളെ തുടച്ചുനീക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ഞങ്ങൾ സൈന്യത്തിന് നൽകി.ഇന്ത്യയിലെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ച് കളഞ്ഞാൽ അതിന്റെ ഭവിഷ്യത്ത് എന്താകുമെന്ന് ഓരോ ഭീകരവാദിക്കും ഭീകരവാദ സംഘടനകൾക്കും മനസിലായി കാണും. തിരിച്ചടിയിൽ 100 ഓളം ഭീകരവാദികളാണ് കൊല്ലപ്പെട്ടത്. ഭീകരർക്ക് പരിശീലനം നൽകുന്ന ക്യാമ്പുകളാണ് ഇന്ത്യൻ സൈന്യം തകർത്തത്. ഇന്ത്യ അത്തരമൊരു തിരിച്ചടി നൽകുമെന്ന് ഭീകരവാദികൾ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ച് കാണില്ല.
ഇന്ത്യ ജാഗ്രത തുടരുകയാണ്. എല്ലാ സേനകളും ജാഗ്രതയിലാണ്. ഒന്നിനും പൂർണ വിരാമമായെന്ന് കരുതരുത്. ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട. ബ്ലാക് മെയ്ലിങ് ഇന്ത്യയിൽ ചെലവാകില്ല. പാകിസ്ഥാൻ്റെ സർക്കാർ സ്പോൺസേർഡ് തീവ്രവാദം അവസാനിപ്പിക്കും. പ്രകോപനത്തിന് മുതിർന്നാൽ തിരിച്ചടിക്കും. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പുതിയ യുദ്ധമുഖം തുറന്നു. ആധുനിക യുദ്ധ ശേഖരം ഇന്ത്യയുടെ ശക്തിയാണ്. ഇന്ത്യക്ക് ഭീകരവാദത്തോടും യുദ്ധത്തോടും താത്പര്യമില്ല. ഭീകരവാദം പാകിസ്ഥാനെ തകർക്കുമെന്നും മോദി പറഞ്ഞു.
![]()
