ന്യൂഡൽഹി : പാകിസ്ഥാൻ സാമുദായിക ഐക്യം തകർക്കാൻ ശ്രമിക്കുന്നുവെന്നും അതിർത്തി കടന്നുള്ള ആക്രമണത്തിൽ പാകിസ്ഥാൻ മനഃപൂർവ്വം ആരാധനാലയങ്ങളെ ലക്ഷ്യം വയ്ക്കുന്നു എന്നും സൈനിക സംഘർഷത്തിന് വർഗീയ നിറം നൽകാനും ഇന്ത്യയ്ക്കുള്ളിൽ ഭിന്നത സൃഷ്ടിക്കാനുമുള്ള ശ്രമമാണിതെന്നും വിദേശകാര്യ മന്ത്രാലയം. പൂഞ്ചിലെ ഒരു ഗുരുദ്വാരയ്ക്ക് നേരെ ഷെല്ലാക്രമണം നടന്നതായും, ആരാധനാലയത്തിലെ രാഗി (സ്തോത്രഗാന ഗായകൻ) ഉൾപ്പെടെയുള്ള പ്രാദേശിക സിഖ് സമുദായാംഗങ്ങൾ കൊല്ലപ്പെട്ടതായും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു. നങ്കന സാഹിബ് ഗുരുദ്വാരയെ ഇന്ത്യ ലക്ഷ്യമിട്ടുവെന്ന പാകിസ്ഥാൻ അവകാശവാദം നുണയാണെന്നും വർഗീയ സംഘർഷം വിതയ്ക്കുന്നതിനുള്ള വിശാലമായ പ്രചാരണത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭിന്നിപ്പിക്കാനും ശ്രദ്ധ തിരിക്കാനും വേണ്ടി പാകിസ്ഥാൻ ഈ സൈനിക സംഘർഷത്തിന് ഒരു വർഗീയ നിറം നൽകാൻ ശ്രമിക്കുകയാണെന്ന് വ്യക്തമാണ്.എന്നാൽ ഇന്ത്യ ഐക്യത്തോടെ നിലകൊള്ളും. അത് പാകിസ്ഥാന് ഒരു വെല്ലുവിളിയാണ്.പാകിസ്ഥാൻ ഭരണകൂടം വീണ്ടും വർഗീയ പ്രകോപനത്തിലേക്ക് നീങ്ങുകയാണ്.ആരാധനാലയങ്ങൾ ലക്ഷ്യമിട്ട്, സ്വന്തം ആക്രമണം മറച്ചുവെക്കാൻ നുണകൾ പ്രചരിപ്പിക്കുന്നു.മതസ്ഥലങ്ങൾക്ക് നേരെയുള്ള ഷെല്ലാക്രമണത്തെയും പാകിസ്ഥാൻ ഭരണകൂടം പ്രചരിപ്പിച്ച കെട്ടിച്ചമച്ച അവകാശവാദങ്ങളെയും പരാമർശിച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.മതസ്ഥാപനങ്ങളായ ഗുരുദ്വാരകളെയും പള്ളികളെയും, സ്കൂളുകളെയും പാകിസ്ഥാൻ ആവർത്തിച്ച് ലക്ഷ്യമിടുന്നത് ഒരു പ്രത്യേക പദ്ധതിയുടെ ഭാഗമാണെന്നും വിദേശകാര്യ സെക്രട്ടറി മിസ്രി പറഞ്ഞു.
![]()
