ജുബൈൽ(സൗദി അറേബ്യ):
അന്യാധീനപ്പെട്ട് കിടക്കുന്ന ഭൂമികളായി വഖ്ഫ് ഭൂമികളെ തെറ്റിദ്ധരിക്കരുതെന്നും കൊളോണിയൽ ഭരണ കാലത്ത് രാജ്യത്തിനും ദരിദ്ര വിഭാഗങ്ങൾക്കും വഖ്ഫ് പ്രയോജനം ചെയ്ത മൂല്യങ്ങളെ തിരസ്കരിക്കാവുന്നതല്ലെന്നും ഭാരതത്തിൻ്റെ പുരോഗമന പ്രയാണത്തിൽ വഖ്ഫ് സ്വത്തുക്കൾ നൽകിയ വലിയ സംഭാവനകളൊന്നും ഒരു സുപ്രഭാതത്തിലെ ഭേദഗതി പേപ്പറിലൂടെ മായ്ക്കാമെന്നതും അസംഭവ്യമാണെന്നും, മതത്തിന്റെ സ്വകാര്യതകളിൽ കൈ കടത്തുന്ന വർഗീയ ഒളിയജണ്ടകളുടെ പുതിയ ചിത്രമാണ് വഖ്ഫ് ഭേദഗതി എന്നും ജുബൈലിൽ സംഘടിപ്പിച്ച വിചാരസദസ് അഭിപ്രായപ്പെട്ടു.
രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്കാരിക വേദിയുടെ കീഴിൽ ജുബൈൽ മെഡിക്കൽ സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച വിചാരസദസ് ഐ. സി. എഫ് സൗദി നാഷനൽ തസ്കിയ സെക്രട്ടറി ഉമർ സഖാഫി മൂർക്കനാട് ഉദ്ഘാടനം ചെയ്തു.
ആധികാരിക ഇസ്ലാമിക പ്രമാണങ്ങളിലൂടെ വഖ്ഫ് എന്താണെന്നും, വഖ്ഫിന്റെ വിവിധ വശങ്ങളെയും പരാമർശിച്ച് കൊണ്ട് ഉമർ സഖാഫി സംസാരിച്ചു. വഖ്ഫ് ഭേദഗതി ബില്ലിലെ അപകടങ്ങളും, അത് മുസ്ലിം സമുദായത്തെ എത്രമാത്രം ബാധിക്കാൻ പോകുന്നു എന്നും അഡ്വക്കറ്റ് ഫാരിസ് സഖാഫി സദസ്സിനെ വിചാരപ്പെടുത്തി.
ഐ. സി. എഫ് ജുബൈൽ റീജിയൻ കൺവീനർ ജാഫർ കൊടിഞ്ഞി മുഖ്യാതിഥിയായി. രിസാല സ്റ്റഡി സർക്കിൾ ജുബൈൽ സോൺ ചെയർമാൻ താജുദ്ദീൻ സഖാഫിയുടെ അദ്ധ്യക്ഷതയിൽ നടന്ന വിചാരസദസ് സോൺ കൺവീനർ ശൗഖത്ത് നീലഗിരി സ്വാഗതവും കലാലയം സെക്രട്ടറി ജഅഫർ അസ്ഹരി നന്ദിയും പറഞ്ഞു.
![]()
