തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ 71 വിദ്യാർത്ഥികളുടെ പരീക്ഷ ഏപ്രില്‍ ഏഴിന് നടക്കുമെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു.
പരീക്ഷ എഴുതാന്‍ അസൗകര്യം ഉള്ളവര്‍ക്ക് 22 ന് വീണ്ടും പരീക്ഷ നടത്തുമെന്നും 4 ദിവസത്തിനുള്ളില്‍ ഫലം പ്രഖ്യാപിക്കുമെന്നും വൈസ് ചാൻസലർ പറഞ്ഞു. ഏഴ് കോളേജുകളിലാണ് പരീക്ഷ നടത്തുന്നത്. കുട്ടികള്‍ക്ക് അവരുടെ അടുത്ത കോളേജ് തിരഞ്ഞെടുക്കാം. മുന്‍പരീക്ഷയുടെ ശരാശരി എടുത്ത് പരീക്ഷ ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും മുന്‍പരീക്ഷയില്‍ തോറ്റുപോയ വിദ്യാർത്ഥികളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും വി സി വ്യക്തമാക്കി.
പരീക്ഷ നടത്താതെ മാര്‍ക്ക് നല്‍കുന്നത് തെറ്റായ രീതിയാകും. കുട്ടികള്‍ക്ക് ഭാവിയില്‍ അത് ഗുണം ചെയ്യില്ലെന്നും വിഷയത്തില്‍ ബന്ധപ്പെട്ട അധ്യാപകനെതിരെ നടപടിയുണ്ടാകുമെന്നും ഡോ മോഹനന് കുന്നുമ്മല്‍ വ്യക്തമാക്കി.
![]()
