വെട്ടിയിട്ടും തീരാത്ത കോലാഹലങ്ങൾ-അഷ്റഫ് മടിയാരി
ഒരു സിനിമയെ കുറിച്ച് ഇത്രയും ചർച്ച ചെയ്യാൻ എന്തിരിക്കുന്നു എന്ന് ചിന്തിക്കുന്നിടത്ത് ആ സിനിമ കാണാനുള്ള ആകാംക്ഷ തുടങ്ങുന്നു ഒടുവിൽ സിനിമാ സ്നേഹികൾ എത്രയും വേഗം ആ പടം കാണുന്നു.
പബ്ലിസിറ്റി രണ്ടു തരമുണ്ട് പോസിറ്റീവും നെഗറ്റീവും.ഇതിൽ നെഗറ്റീവിൽ തുടങ്ങി പോസിറ്റീവിൽ അവസാനിക്കുന്ന പബ്ലിസിറ്റി സ്റ്റണ്ട് ആണൊ ഈ ചർച്ചക്ക് പിന്നിൽ എന്ന് വിവാദങ്ങളുടെ തുടക്കത്തിൽ സംശയിച്ചിരുന്ന ആർക്കും, ഈ സിനിമ കണ്ടു കഴിഞ്ഞാൽ
തീവ്ര ഹിന്ദുത്വ ശക്തികൾ മുറവിളി കൂട്ടുന്നതിൽ കാരണമുണ്ടെന്ന് മനസ്സിലാവും.
സ്വന്തം ചരിത്രം മനഃപൂർവം വിസ്മരിക്കുകയും അത് മായ്ച്ചു കളയാൻ ശ്രമിക്കുകയും ചെയ്യുന്ന പരിവാർ സംഘം
ഗുജറാത്ത് കലാപം, ഗാന്ധി വധം പോലുള്ള യഥാർത്ഥ ചരിത്ര വസ്തുതകൾ പുസ്തകങ്ങളിൽ പോലും കാണാൻ ഭയപ്പെടുന്നു.
ഈ സിനിമ നിരോധിക്കാനൊ പ്രദർശനം തടയാനൊ കേന്ദ്രം ഭരിക്കുന്ന പാർട്ടിയൊ സർക്കാറൊ ആവശ്യപ്പെട്ടിട്ടില്ല. നേതാക്കളും ആവശ്യമുന്നയിച്ചില്ല. ഓർഗനൈസറിൽ വന്ന ലേഖനത്തിൽ പോലും ചിത്രത്തിൻ്റെ തിരക്കഥ മുതൽ ഫോട്ടോഗ്രാഫി വരെയുള്ള കാര്യത്തിൽ തികഞ്ഞ പരാജയമായ ഒരു ചീത്ത സിനമ എന്നല്ലാതെ പ്രദർശനം തടയണമെന്നോ ചിത്രം നിരോധിക്കണമെന്നോ ആവശ്യപ്പെട്ടിട്ടില്ല.
ഒരു എഴുത്തുകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമായി അദ്ദേഹത്തിന് ഉത്തമ ബോധ്യം എന്ന് തോന്നിയ കാര്യങ്ങളാണ് ചിത്രത്തിൻ്റെ തിരകഥാകൃത്തായ മുരളീ ഗോപി എഴുതിയിട്ടുള്ളത്.
ഈ സിനിമ സെൻസർ ബോർഡ് കാണുകയും യു സർട്ടിഫിക്കറ്റ് കൊടുക്കുകയും ചെയ്തതാണ്. എന്നിട്ടും മോഹൽലാൽ അടക്കമുള്ള സിനിമാ പ്രവർത്തകർ ഖേദം പ്രകടിപ്പിക്കുന്നു, 17 ഓളം ഇടത്ത് കത്രിക വെക്കാൻ സ്വയം സന്നദ്ധമാകുന്നു എന്നത് വളരെ ഗുരുതരവും ഭീതിജനകവുമായ അവസ്ഥയിലേക്കാണ് നമ്മുടെ രാജ്യം സഞ്ചരിക്കുന്നത് എന്നതിൻ്റെ സൂചനയാണ് . ഒരു പ്രതിഷേധ പ്രകടനമൊ സംഘർഷമോ ഒന്നും ഉണ്ടാകാതെ കണ്ണുരുട്ടി പേടിപ്പിച്ചത്കൊണ്ട് മാത്രം ഇതാണ് അവസ്ഥയെങ്കിൽ ഇനി മുതൽ നാട്ടിലെ മത രാഷ്ട്രീയ നേതാക്കളെ കൂടി ഉൾപ്പെടുത്തി സെൻസർ ബോർഡ് വികസിപ്പിക്കേണ്ടി വരും. എന്നിട്ട് അവർക്ക് ഇഷ്ടമുള്ള സിനിമകൾ മാത്രം പുറത്തിറങ്ങട്ടെ. നാട്ടിലെ രാഷ്ട്രീയ പാർട്ടികളെയും നേതാക്കളെയും പ്രവർത്തകരെയും പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്നതും ഒരു സമുദായത്തെ മൊത്തം അധിക്ഷേപിക്കുന്ന തരത്തിലുള്ളതുമൊക്കെയായ എത്രയോ സിനിമകൾ ഉണ്ടായിട്ടും ഒന്നും സംഭവിക്കാത്ത നമ്മുടെ രാജ്യത്ത് ഇനി മുതൽ ആട്ടും പാട്ടും മാത്രമുള്ള നിർദോഷകരമായ സിനിമകൾ മാത്രമെ പ്രതീക്ഷിക്കേണ്ടതുള്ളു എന്ന് ചുരുക്കം.
ഇതിനോടകം തന്നെ ഒരു കട്ടിങ്ങും ഇല്ലാതെ ആയിരക്കണക്കിന് പേർ കണ്ടു കഴിഞ്ഞ ഈ ചിത്രത്തിൽ, അണിയറ ശിൽപ്പികൾക്ക് തങ്ങൾ ഉദ്ദേശിച്ച ആശയം എന്താണൊ അത് ജനങ്ങളിൽ ഇതിനകം എത്തി കഴിഞ്ഞു എന്ന് സമാധാനിക്കാം.
180 കോടി ചിലവഴിച്ച്, ലഭ്യമായ സാങ്കേതിക ടെക്നിക്കുകൾ മുഴുവൻ ഉൾപ്പെടുത്തി, നാല് രാജ്യങ്ങളിലായി ചിത്രീകരിച്ച്, പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ആക് ഷൻ രംഗങ്ങൾ ഉൾപ്പെടുത്തി പ്രമുഖ , നടീ നടന്മാർ അഭിനയിച്ച ഈ സിനിമ ഒരു ബ്ലോക്ക് ബസ്റ്റർ മൂവി എന്ന ഗണത്തിൽ പെടുത്താം. സിനിമയിൽ എല്ലാ അഭിനേതാക്കളും മികവ് പുലർത്തി എന്ന് പറയാതെ വയ്യ.
5 ദിവങ്ങൾക്കകം 200 കോടിയിൽ എത്തിനിൽക്കുന്ന എമ്പുരാൻ, മലയാള സിനിമയുടെ സർവ്വകാല റികോർഡ് ആയ മഞ്ഞുമ്മൽ ബോയ്സിൻ്റ 242 കോടി മറികടക്കും എന്ന് ഉറപ്പാണ്.

![]()
