പാരീസ് : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പാരീസ് സന്ദർശനം ശ്രദ്ധേയമാകുന്നു. പാരീസില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫ്രഞ്ച് പ്രധാനമന്ത്രിയെത്തിയാണ് സ്വീകരിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യാനായി മോദി ഫ്രഞ്ച് തലസ്ഥാനമായ ലാ സീന്‍ മ്യൂസിക്കലില് എത്തി.
പൊതുസമ്മേളനത്തില്‍ സംസാരിച്ച പ്രധാനമന്ത്രി, ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള അഭേദ്യമായ സൗഹൃദത്തെക്കുറിച്ച് എടുത്തുപറഞ്ഞു. ‘ഞാന്‍ നിരവധി തവണ ഫ്രാന്‍സ് സന്ദര്‍ശിച്ചിട്ടുണ്ട്, എന്നാല്‍ ഇത്തവണത്തെ എന്റെ സന്ദര്‍ശനം പ്രത്യേകതയുളളതാണ്. നാളെ ഫ്രാന്‍സിന്റെ ദേശീയ ദിനമാണ്, ഫ്രാന്‍സിലെ ജനങ്ങളെ ഞാന്‍ ആശംസിക്കുന്നു. എന്നെ ക്ഷണിച്ചതിന് ഫ്രാന്‍സിലെ ജനങ്ങള്‍ക്ക് നന്ദി പറയുന്നു. ഇന്ന് ഫ്രഞ്ച് പ്രധാനമന്ത്രി എന്നെ സ്വീകരിച്ചു. നാളെ എന്റെ സുഹൃത്ത് ഇമ്മാനുവല്‍ മാക്രോണിനൊപ്പം ദേശീയ ദിന പരേഡില്‍ പങ്കെടുക്കും. ഇത് ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള അഭേദ്യമായ സൗഹൃദത്തിന്റെ പ്രതിഫലനമാണ്’ മോദി പറഞ്ഞു.
ഇന്ത്യയുടെ വികസനത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ഇന്ന് ലോകം ഒരു പുതിയ ക്രമത്തിലേക്ക് നീങ്ങുകയാണ്. അതില്‍ ഇന്ത്യയുടെ പങ്ക് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ ജി20യുടെ അധ്യക്ഷനാണ് ഇന്ത്യ, മുഴുവന്‍ ജി20 ഗ്രൂപ്പും ഇന്ത്യയുടെ സാധ്യതകള്‍ കാണുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആളുകള്‍ തമ്മിലുള്ള ബന്ധം ഇന്ത്യ-ഫ്രാന്‍സ് പങ്കാളിത്തത്തിന്റെ ഏറ്റവും ശക്തമായ അടിത്തറയാണ്. ഇന്ത്യയും ഫ്രാന്‍സും 21-ാം നൂറ്റാണ്ടിലെ നിരവധി വെല്ലുവിളികളെ നേരിടുകയാണ്. അതിനാല്‍ നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രാധാന്യം കൂടുതല്‍ വര്‍ദ്ധിക്കുകയാണ്’ മോദി കൂട്ടിച്ചേര്‍ത്തു.
യുപിഐ പേയ്മെന്റ് മോഡ് ഉപയോഗിച്ച് ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ ഫ്രാന്‍സില്‍ ഇന്ത്യന്‍ രൂപയില്‍ പണമിടപാട് നടത്താമെന്നും പരിപാടിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു. ഫ്രാന്‍സില്‍ യുപിഐ ഉപയോഗിക്കുന്നതിനുള്ള കരാറിന് അനുസൃതമായി, യൂറോപ്യന്‍ രാജ്യത്ത് കാഷ്ലെസ് പെയ്മെന്റ് നടത്താമെന്നും ഇത് വലിയൊരു പുതിയ വിപണി തുറക്കുന്നതായും പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. മുമ്പ്, ഇന്ത്യ യുപിഐയും സിംഗപ്പൂരിന്റെ പേനൗവും ഒരു കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇത് ഇരു രാജ്യങ്ങളിലെയും ഉപയോക്താക്കള്‍ക്ക് രാജ്യാതിര്‍ത്തി കടന്നുള്ള ഇടപാടുകള്‍ നടത്താന്‍ അനുവദിക്കുന്നു.
ഇന്ത്യയും ഫ്രാന്‍സും ഫ്രാന്‍സില്‍ യുപിഐ ഉപയോഗിക്കാന്‍ സമ്മതിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഈഫല്‍ ടവറില്‍ നിന്ന് ഇത് ആരംഭിക്കും. അതായത് ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ഇപ്പോള്‍ രൂപയില്‍ പണമടയ്ക്കാന്‍ കഴിയും’ പ്രധാനമന്ത്രി മോദി പറഞ്ഞു.
ഫ്രഞ്ച് സര്‍ക്കാരിന്റെ സഹായത്തോടെ മാര്‍സെയില്‍ പുതിയ കോണ്‍സുലേറ്റ് തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും പ്രധാനമന്ത്രി അറിയിച്ചു. 10-15 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഏകദേശം 42 കോടി ജനങ്ങളെ ദാരിദ്ര്യരേഖയില്‍ നിന്ന് കരകയറ്റിയതായുളള ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടിനെയും അദ്ദേഹം ചടങ്ങില്‍ പ്രതിബാധിച്ചു. ഇത് യൂറോപ്പിലെയോ അമേരിക്കയിലെയോ ജനസംഖ്യയേക്കാള്‍ കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസംഗത്തിന് ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നടത്തിയ സ്വകാര്യ അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദി പാരീസിലെ എലിസി പാലസിലേക്ക് പോയി. തനിക്ക് ആതിഥേയത്വം വഹിച്ച ഫ്രഞ്ച് നേതൃത്വത്തിന് പ്രധാനമന്ത്രി മോദി ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നത്. ഇന്ന് പാരീസില്‍ നടക്കുന്ന ബാസ്റ്റില്‍ ഡേ പരേഡില്‍ അദ്ദേഹം വിശിഷ്ടാതിഥിയാകും.
![]()
