ഫെബ്രുവരി നാലിനായിരുന്നു യു പിയിലേക്കുള്ള യാത്ര. പ്രയാഗ്രാജിൽ കുംഭമേളയും അയോദ്ധ്യയിൽ രാമക്ഷേത്രവും കാശിയിൽ വിശ്വനാഥക്ഷേത്രവും ദർശിക്കാനായി.
തീവണ്ടികളിലെല്ലാം വലിയ തിരക്കായിരുന്നു. നാട്ടിൽനിന്ന് ഇട്ടാർസിവരെ എ സി ത്രീ ടയറിൽ റിസർവ്വേഷൻ തരമായി. പൂനയിൽ നിന്ന് ബീഹാറിലേക്ക് പോകുന്ന ട്രെയിനിലിൽ സ്ലീപ്പർ ക്ലാസ്സിലാ യിരുന്നു പ്രയാഗ്രാജിലേക്ക്. റിസർവേഷൻ ഉണ്ടായിരുന്നെങ്കിലും ജനറൽ കമ്പാർട്ട്മെന്റിലും മോശമാ യിരുന്നു അവസ്ഥ. സീറ്റിനടിയിലും കോരിഡോറിലും നിറയെ സാധനങ്ങളാണ്. എനിക്ക് അലോട്ട് ചെയ്ത ബർത്തിൽ ഒരു സ്ത്രീ കൈക്കുഞ്ഞുമായി കിടക്കുകയാണ്.
ഏകദേശം അഞ്ചരയടി പൊക്കമുള്ള അൻപത് വയസ്സ് പ്രായം തോന്നിക്കുന്ന സാമാന്യം വണ്ണമുള്ള ഒരാളുണ്ടായിരുന്നു എതിർ സീറ്റിൽ. ഇരുനിറ കറുപ്പുള്ള മീശയില്ലാത്ത വട്ട മുഖം. ഇതൊക്കെ ആരുടെയാണ്. അയാളെ ലാക്കാക്കി ചോദിച്ചു. അയാൾ സാധനങ്ങൾ ഒന്നൊന്നായി ഒതുക്കിവയ്ക്കാൻ ശ്രമിക്കുകയാണ്. ഓരോന്ന് എടുക്കുമ്പോഴും ഇത്രയും മതിയോ ഇത്രയും പോരെ എന്ന ഭാവത്തോടെ മുഖത്തേക്ക് നോക്കും. ഭവ്യതയും അടിമത്തവും തോന്നിപ്പിക്കുന്ന മുഖം. എങ്ങ നെയൊക്കെയോ അഡ്ജസ്റ്റായി. സ്ത്രീ കൈക്കുഞ്ഞുമായി സീറ്റിൽ തന്നെ.
‘പട്നയിൽനിന്ന് ആറ് മണിക്കൂർ ട്രെയിനിലും അതിനുശേഷം 30 കിലോമീറ്റർ ബസ്സിലും
യാത്ര ചെയ്താൽ വീട്ടിലെത്താം.’ അയാൾ പറഞ്ഞു. നിർവ്വികാരമായിരുന്നു മുഖം. ഭാര്യ, കുട്ടികൾ, പൂന, പാട്ന, ട്രെയിൻ… എല്ലാം ഒരേ വികാരത്തോടെ അനുഭവിക്കുന്നതായി തോന്നി.
‘നാട്ടിൽ കടയായിരുന്നു. കടകളുടെ എണ്ണം കൂടിയപ്പോൾ ചെലവ് കുറഞ്ഞു. പൂനയ്ക്ക് വണ്ടി കയറി. ഓര്ണമെന്റ്സ് വിൽക്കുന്ന ജോലിയാണ്. കമ്മലും മോതിരവും ഒക്കെയുണ്ട്. അഞ്ചു പേരു കൂടി ഒരു മുറിയിൽ താമസിക്കുന്നു. മാസം 5000 രൂപയോളം ഒരാൾക്ക് ആഹാര ചെലവ്. നല്ലവണ്ണം കച്ചവടം നടന്നാൽ മാസം പതിനയ്യായിരം മുതൽ ഇരുപതിനായിരം രൂപ വരെ വീട്ടിലേക്ക് അയയ്ക്കാം.’
‘ജീവിതം തന്നെ ഒരു തീർത്ഥയാത്രയല്ലെ ചേട്ടാ.’ കുംഭമേളക്കാണെന്ന് പറഞ്ഞപ്പോൾ അയാൾ പറഞ്ഞു. ‘ജീവിതം മുന്നിൽ വഴിമുട്ടുമ്പോൾ, കുടുബം പോറ്റാനായി നാടും മക്കളേയും വിട്ട് ഒറ്റക്ക് കഴിയേണ്ടിവരുമ്പോൾ വേറെ തീർത്ഥയാത്രയുടെ ആവശ്യമുണ്ടോ.’
രാത്രി ഒൻപത് മണിക്കാണ് പ്രയാഗ്രാജിൽ എത്തിയത്. കോടിക്കണക്കിന് ജനങ്ങൾ എത്തുന്നതുകൊണ്ട് റോഡുകൾ മുഴുവൻ ബ്ലോക്ക് ആണ്. ഞങ്ങൾക്ക് പേകേണ്ട പതിനാറാം നമ്പർ സെക്ടറിലേക്ക് പതിനഞ്ച് കിലേമീറ്ററോളം ദൂരം കാണും എന്ന് മനസ്സിലായി. ഒരു വണ്ടിയും കിട്ടിയില്ല. ബ്ളോക്ക് കാരണം അവിടെ എത്താൻ കഴിയുമെന്ന് ഉറപ്പില്ലത്രെ. അത്രയും ദൂരം പോകാൻ രണ്ടായിരം രൂപ ചോദിക്കുന്ന ബൈക്കുകാരേയും കാണായി. രാത്രി പതിനൊന്ന് മണികഴിഞ്ഞിട്ടും എന്ത് ചെയ്യണമെന്നറിയാതെ അവിടെ നിൽക്കുന്നത് കണ്ടപ്പോൾ ഒരു സന്യാസിയാണ് പറഞ്ഞ് താല്കാലിക പാലം വരെ ഓട്ടോറിക്ഷയിൽ പോയിട്ട് പാലത്തിലൂടെ നടന്ന് പോകാൻ. മണലിലൂടെ പെട്ടിയും വലിച്ച് ബാഗും തൂക്കി പത്ത് കിലോമീറ്ററെങ്കിലും നടന്നിട്ടുണ്ടാകും.
ഗംഗയും യമുനയും തീർത്ത 20,000 ഹെക്ടർ നദീതടം. പണ്ട് കടുകുപാടങ്ങൾ ആയിരുന്ന പ്രദേശത്ത് ഇന്ന് കോടികൾ കൊയ്യുന്ന ലക്ഷക്കണക്കിന് ടെന്റുകൾ. സൗകര്യാത്ഥം നദീതടത്തെ 24 സെക്ടറുകളായി തിരിച്ചിരിക്കുന്നു. ചുറ്റിലും200 കിലോമീറ്റർ താൽക്കാലിക റോഡ്. മണൽ തടുത്തു കൂട്ടി അതിനുമുകളിൽ ബസ്സിന്റെ പ്ലാറ്റ്ഫോം നിർമ്മിക്കാൻ ഉഫയോഗിക്കുന്ന ഉരുക്കുപാളികൾ ഇരുമ്പാണി അടിച്ചുറപ്പിച്ചതാണ് റോഡുകൾ.
ഏകദേശം ഒന്നര കിലോമീറ്റർ വീതിയുള്ള ഗംഗാനദിക്ക് കുറുകെയുള്ള 20 താൽക്കാലിക പാലങ്ങൾ. ആകാശത്ത് വിനോദസഞ്ചാരികളുമായി ചുറ്റിക്കറങ്ങി കൊണ്ടിരിക്കുന്ന ഹെലികോ പ്റ്ററുകൾ…
ഈ ജന്മത്തിൽ ഇനി ഇങ്ങനെയൊരു മുഹൂർത്തമില്ലെന്ന് തിരിച്ചറിവിൽ മറ്റെല്ലാം മാറ്റിവച്ച് സഹനത്തിന്റെ എല്ലാ ചൂടും താണ്ടി ഒഴുകിയെത്തുന്നവർ. ഹിമവാന്റെ തണുപ്പ് മാറാത്ത പച്ചപ്പളുങ്ക് വെള്ളത്തിൽ മുങ്ങിനിവരുന്നവരുടെ മുഖത്ത് മറ്റൊരു സൂര്യോദയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള 13 അഘാടകളിൽ നിന്ന് എത്തുന്ന സന്യാസിമാർ… കാഴ്ചയ്ക്കും ബുദ്ധിക്കും ഒരു നിറം മാത്രമാണ് അവിടെ. ഭസ്മത്തിന്റെ നിറം.
കുഭമേളയിൽനിന്ന് അയോദ്ധ്യയിക്കാണ് പോകേണ്ടിയിരുന്നത്. നേരം വെളുത്തു വരുന്നതേ യുള്ളൂ. അതിരാവിലെ റോഡിൽ തിരക്കുണ്ടാവില്ലെന്ന് കരുതി.
ഓട്ടോറിക്ഷ പിടിച്ച് ബസ്സ്റ്റാൻഡ് വരെ. ശേഷം ബസ്സിൽ അയോദ്ധ്യക്ക്. അതായിരുന്നു പ്ലാൻ. റോഡിൽ നല്ല തിരക്കുണ്ടായിരുന്നു.
ഓട്ടോറിക്ഷ കാത്തുനിന്ന് മടുത്തപ്പോഴാണ് ഒരു ചെറിയ മനുഷ്യനും അവന്റെ കൂട്ടുകാരനും വന്ന് ബൈക്ക് വേണോ എന്ന് ചോദിക്കുന്നത്. ഷേവ് ചെയ്യാത്ത മുഖം. അതിലെ ഇതിലെ ഓരോന്ന് നരച്ചു തുടങ്ങിയ മുടി. തലയിൽ ചെവി മൂടത്തക്ക രീതിയിൽ തൊപ്പി. കഴുത്തിൽ തുവാല ചുറ്റിക്കട്ടി യതിന്റെ രണ്ട് തുമ്പുകളും തൂങ്ങി കിടപ്പുണ്ട്. ഇടയ്ക്കിടെ തുവാലയുടെ അറ്റം കൊണ്ട് മൂക്ക് തുടയ്ക്കുന്നു.
‘ബസ്റ്റാൻഡിൽ വിടണം.’
‘തിരക്കുകാരണം മെയിൻ ബസ്റ്റാൻഡിൽ നിന്ന് ഇന്ന് സർവീസ് ഇല്ല. ജുഗ്ഗി ബസ് സ്റ്റാൻഡിലേക്ക് പോകാം.’ അവൻ പറഞ്ഞു. ‘കൂലി 300 ആയാലോ.’ അവൻ കൂട്ടുകാരനോട് ചോദിച്ചു. അതോ അധികം പറയണോ എന്നാണ്. ഞങ്ങൾ കേൾക്കെയാണ് സംസാരം. സത്യസന്ധത തോന്നിപ്പിക്കുന്ന മാന്യമായ സംസാരം.
ഇന്നർ ബനിയനും ടീ ഷർട്ടും സ്വെറ്ററും കോട്ടുമാണ് എന്റെ വേഷം. ഒരു മീഡിയം സൈസ് സൂട്കേസും ഷോൾഡർ ബാഗും.
‘പെട്ടി മടിയിൽ ഇരിക്കുന്നതുകൊണ്ട് എന്റെ കാൽ ഇടത്തേക്ക് തള്ളി നിൽപ്പുണ്ട്. വണ്ടി ചേർത്തെടുക്കുമ്പോൾ ശ്രദ്ധിക്കണം.’ തിരക്കിലൂടെ പോകുമ്പോൾ അവനോട് പറഞ്ഞു.
‘മുപ്പത് വയസ്സ്. ഭാര്യയും കൈക്കുഞ്ഞും വീട്ടിൽ. കൂട്ടുകുടുംബം…’
ഇരുപത്താറാം തീയതി കുംഭമേള കഴിയും. എന്താ നിന്റെ ജോലി. എന്താണ് കുടുംബം പോറ്റാനുള്ള വരുമാനം.
‘ഞാൻ പഠിക്കുകയാണ്.’ അവൻ മടിച്ചു മടിച്ചു പറഞ്ഞു. ‘രണ്ടുമൂന്ന് പ്രാവശ്യമായി സിവിൽ സർവീസ് എഴുതുന്നു… വീട്ടിൽ എല്ലാവരും എനിക്ക് വേണ്ടി കഷ്ടപ്പെടുന്നു. ഒക്കുന്ന സമയത്ത് നമ്മളാൽ കഴിയുന്നതും ചെയ്യണമല്ലൊ.’ അത് പറഞ്ഞപ്പോൾ എന്റെ കൈ അവന്റെ വലതു തോളിൽ അമർന്നു.
റോഡ് നിറഞ്ഞ് കവിഞ്ഞ് വണ്ടിയാണ്. ഇടക്ക് പാടവരമ്പിലൂടെ എടുത്തു ബൈക്ക്. ‘സാറ് ബലം പിടിക്കാതെ ഫ്രീ ആയിട്ടിരിക്കണം. ബാലൻസ് പോകുന്നു.’
മടിയിൽ സ്യൂട്കേസ് ഇരിക്കുന്നതുകൊണ്ട് ശരിക്ക് ഇരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല എനിക്ക്.
‘ഇനി ഒരു 150 മീറ്റർ കൂടിയുണ്ട്. ബസ്സ്സ്റ്റാൻഡിൽ എത്തിക്കാമെന്ന് പറഞ്ഞാണല്ലൊ കാശ് വാങ്ങിയത്. വണ്ടി ഒതുക്കിവച്ചിട്ട് തലച്ചുമടായി വിടാം.’ അവൻ പറഞ്ഞപ്പോൾ തലേദിവസം ഗംഗയുടെ സഞ്ചാരയോഗ്യമല്ലാത്ത ഒരു പാലത്തിനടുത്ത് ഇറക്കിവിട്ടിട്ട് ഓടിക്കളഞ്ഞ ഓട്ടോക്കാരനെയാണ് ഓർമ്മ വന്നത്.
‘സിവിൽ സർവ്വീസ് കിട്ടിയാൽ നീ അഡ്മിനിസ്ട്രേഷൻ എടുക്കോ പോലീസ് സർവീസ് എടുക്കോ.’ ബൈക്കിൽനിന്ന് ഇറങ്ങുമ്പോൾ വെറുതെ ചോദിച്ചതാണ്. ദൈന്യത മുറ്റിയ അവന്റെ കണ്ണുകളിൽ ഒരു വെളിച്ചം മിന്നി. കവിളുകൾ വിരിഞ്ഞു. കണ്ണുകൾ കണ്ണുകളിൽ നിന്ന് പറിച്ചെടുത്ത് ടൗവ്വലിന്റെ അറ്റം കൊണ്ട് മൂക്ക് തുടച്ച് എന്റെ കാൽ തൊട്ട് വണങ്ങി അവൻ.
തേനീച്ചക്കൂട്ടങ്ങളേപ്പോലെ വരുന്ന ജനകോടികളും ദേഹമാസകലം ഭസ്മം പൂശിയ നഗ്നരായ നാഗാസാധുക്കളും നൂറുകണക്കിന് സന്യാസിമാർ ഒരുമിച്ചിരുന്ന് ഹോമം നടത്തുന്നതുമെല്ലാം കുംഭമേളയിലെ കാഴ്ചകളാണ്.
സങ്കടങ്ങൾ അടക്കിപ്പിടിച്ചും ആർക്കും ദ്രോഹം ചെയ്യാതെ ഉൾവലിഞ്ഞും ജീവിക്കുന്ന ചിലരുണ്ട്. അവർ ക്യാമറയിലോ മനസ്സിലോ പതിയാറില്ല.
![]()
