പത്തനംതിട്ട: വിദ്വേഷ പരാമര്‍ശ കേസില്‍ മുൻ പൂഞ്ഞാൽ എം എൽ എ പി.സി ജോര്‍ജിന് ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി ജാമ്യം അുവദിച്ചു. ആരോഗ്യപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പി.സി ജോര്‍ജിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. അറസ്റ്റിലായ ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരിക്കെ ആണ് ജാമ്യം അനുവദിച്ചത്.
അന്വേഷണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്നും ആരോഗ്യ പ്രശ്നങ്ങള്‍ ഗുരുതരമായതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗവും കോടതി മുന്‍പാകെ ആവശ്യപ്പെട്ടു. ആരോഗ്യസ്ഥിതി സംബന്ധിക്കുന്ന മെഡിക്കല്‍ രേഖകളും പി.സി ജോര്‍ജിനു വേണ്ടി കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് കോടതി ഇത് പരിഗണിച്ച് ജാമ്യം അനുവദിക്കുകയായിരുന്നു.
ജനുവരി അഞ്ചിനാണ് ചാനല്‍ ചര്‍ച്ചക്കിടെ പി സി ജോര്‍ജ് മത വിദ്വേഷ പരാമര്‍ശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കോട്ടയം സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പിസി ജോര്‍ജ് നാടകീയമായി കോടതിയില്‍ ഹാജരാവുകയായിരുന്നു. തുടര്‍ന്ന് റിമാന്‍ഡ് ചെയ്ത പി സി ജോര്‍ജിനെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മെഡിക്കല്‍ കോളേഡില്‍ പ്രവേശിക്കുകയായിരുന്നു.
![]()
