തിരുവനന്തപുരം: യേശുദേവന്റെ തിരുപ്പിറവിയുടെ ഓർമപുതുക്കി വിശ്വാസികൾ. സംസ്ഥാനത്ത് ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുര്‍ബാനയും നടന്നു.
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ കുർബാനക്ക് മലങ്കര കാത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കാര്‍മികത്വം വഹിച്ചു. പിഎംജിയിലെ ലൂര്‍ദ് ഫൊറോന പള്ളിയിൽ നടന്ന കുർബാനക്ക് കര്‍ദ്ദിനാൾ മാർ ജോർജ് കൂവക്കാട്ടിൽ കാര്‍മികത്വം വഹിച്ചു.
പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റൊ പാതിരാ കുർബാനയ്ക്ക് നേതൃത്വം നൽകി.
കൊച്ചി വരാപ്പുഴ അതിരൂപതയിൽ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിന്റെ മുഖ്യകാർമ്മികത്വത്തിലുള്ള ക്രിസ്മസ് പാതിരാ കുർബാന നടന്നു.
അദ്വൈത ആശ്രമം വ്യത്യസ്തമായ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു
കാലടി ശ്രീരാമകൃഷ്ണ അദ്വൈത ആശ്രമം വ്യത്യസ്തമായ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. യേശുദേവന്റെ ചിത്രം വച്ചായിരുന്നു ആശ്രമത്തിലെ ആരതി ചടങ്ങുകൾ. ആശ്രമത്തിലെത്തിയ കരോൾ സംഘത്തിന് സ്വീകരണവും നൽകി.
തിരുപ്പിറവിയുടെ ഓര്മ പുതുക്കി ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു. ദൈവപുത്രന് ഭൂമിയില്‍ അവതരിച്ചതിന്റെ സ്മരണ പുതുക്കുന്ന ആഘോഷമാണ് ക്രിസ്തുമസ്. കാലിത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നുവീണ ദിവസമാണ് ക്രിസ്തുമസ് ആയി ആഘോഷിക്കുന്നത്. പള്ളികളും വീടുകളുമെല്ലാം പുല്‍ക്കൂടുകളും, നക്ഷത്രങ്ങളും, ക്രിസ്തുമസ് ട്രീകളാലും അലംകൃതമാണ്.
![]()
