ജിദ്ദ: വസീരിയ അൽ തആവുൻ സ്റ്റേഡിയത്തിൽ പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ഇലവൻസ് ഫുട്ബാൾ ടൂര്ണമെന്റിൽ സിഫിലെ ശക്തരായ ചാംസ് സബീൻ എഫ് സിയും അബീർ & ടെക്സോപാക്ക് ബ്ലാസ്റ്റേഴ്സ് എഫ് സിയും ഫൈനലിൽ പ്രവേശിച്ചു. വെറ്ററൻസ് വിഭാഗം ഫൈനലിൽ സമാ യുണൈറ്റഡ് ഫുട്ബോൾ ലവേഴ്സ് ജിദ്ദ ഫ്രൈഡേ ഫ്രണ്ട്സിനേയും, ജൂനിയർ വിഭാഗം ഫൈനലിൽ അംലാക് ആരോ ടാലന്റ് ടീൻസ് സ്പോർട്ടിങ് യൂണൈറ്റഡിനെയും നേരിടും.
വെള്ളിയാഴ്ച നടന്ന വെറ്ററൻസ് വിഭാഗത്തിലെ രണ്ടാം സെമി ഫൈനലിൽ ജിദ്ദ ഫ്രൈഡേ ഫ്രണ്ട്സ്, ടൈ ബ്രേക്കറിൽ ബനിമാലിക് എഫ് സിയെ പരാജയപ്പെടുത്തി. ഫ്രൈഡേ ഫ്രണ്ട്സിന്റെ ഗോൾകീപ്പർ ഷുഹൈബ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. അൽഅബീർ മാർക്കറ്റിങ് മാനേജർ കുഞ്ഞാലി മാൻ ഓഫ് ദി മാച്ച് ട്രോഫി സമ്മാനിച്ചു.
ജൂനിയർ വിഭാഗത്തിലെ ആദ്യ സെമിഫൈനലിൽ അംലാക് ആരോ ടാലന്റ് ടീൻസ് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് സോക്കർ ഫ്രീക്സിനെ പരാജയപ്പെടുത്തി. ടാലന്റ് ടീൻസിനു വേണ്ടി തരീഫ്, മുഹമ്മദ് ഷഹീൻ എന്നിവരാണ് ഗോളുകൾ നേടിയത്. ടാലന്റ് ടീൻസിന്റെ മുഹമ്മദ് ഷിഹാൻ മത്സരത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. പ്രവാസി വെൽഫെയർ പ്രൊവിൻസ് ജന. സെക്രട്ടറി യൂസുഫലി പരപ്പൻ ട്രോഫി നൽകി. ഡോ. മുർഷിദ്, കുഞ്ഞാലി, മുഹമ്മദ് ആലുങ്കൽ സമീർ, നിസാം പാപ്പറ്റ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.
ജൂനിയർ വിഭാഗത്തിലെ രണ്ടാം സെമിഫൈനലിൽ സ്പോർട്ടിങ് യുനൈറ്റഡ് മിഷാൽ മുജീബ്, മുഹമ്മദ് സഹാം എന്നിവരിലൂടെ നേടിയ രണ്ടു ഗോളുകൾക്ക് ജെ.എസ്.സി സോക്കർ അക്കാദമിയെ പരാജയപ്പെടുത്തി. സ്പോർട്ടിങ് യുണൈറ്റഡിന്റെ മുഹമ്മദ് സഹാം മത്സരത്തിലെ മികച്ച കളിക്കാരനുള്ള പുരസ്കാരത്തിന് അർഹനായി. അബീർ എക്സ്പ്രസ് മാർക്കറ്റിങ് മാനേജർ ഹമീദ് മികച്ച കളിക്കാരനുള്ള ട്രോഫി നൽകി. ഖാലിദ്, സാദിഖലി തുവ്വൂർ, നാസർ ഫറോക്ക്, ഇസ്മായിൽ കല്ലായി, സക്കീർ, അബ്ദുൾമജീദ്, തുടങ്ങിയവർ കളിക്കാരുമായി പരിചയപ്പെട്ടു.
സിഫ് ഫുട്ബോളിലെ ശക്തരായ നാല് ടീമുകൾ അണി നിരന്ന സീനിയർ വിഭാഗത്തിലെ രണ്ടു സെമിഫൈനൽ മത്സരങ്ങളും സ്റ്റേഡിയത്തിൽ തടിച്ചു കൂടിയ കാണികൾക്ക് ആവേശകരമായ ഫുട്ബാൾ അനുഭവമായി. കേരളത്തിൽ നിന്നും റിയാദ്, ദമ്മാം, യാമ്പു എന്നീ സൗദിയുടെ മറ്റു പ്രവിശ്യകളിൽ നിന്നും എത്തിയ നിരവധി പ്രശസ്ത താരങ്ങൾ അണിനിരന്ന രണ്ടു മത്സരങ്ങളും മികച്ച മുന്നേറ്റങ്ങൾ കൊണ്ടും മധ്യനിരയുടെ ആസൂത്രണ മികവുകൾ കൊണ്ടും പാറപോലെ ഉറച്ച പ്രതിരോധ കോട്ടകൾ കെട്ടിയും ഇലവൻസ് ഫുട്ബാളിന്റെ എല്ലാ മനോഹാരിതയും ഫുട്ബാൾ പ്രേമികൾക്ക് സമ്മാനിച്ചു.
അബീർ ബ്ലൂ സ്റ്റാർ സലാമത്തക് എഫ് സിയും ടെക്സോ പാക്ക് & അബീർ ബ്ലാസ്റ്റേഴ്സ് എഫ് സിയും തമ്മിൽ നടന്ന ഒന്നാം സെമിഫൈനൽ മത്സരത്തിൽ ആദ്യ പകുതിയിൽ നേരിയ മുൻതൂക്കം ബ്ലൂ സ്റ്റാർ എഫ്സി ക്കായിരുന്നുവെങ്കിലും, കിട്ടിയ അവസരങ്ങൾ മുതലാക്കാനാവാതെ പോയത് വിനയായി. എന്നാൽ രണ്ടാം പകുതിയിൽ ബ്ലൂ സ്റ്റാർ ഗോൾമുഖത്ത് ശക്തമായ ആക്രമണം നെയ്തെടുത്ത ബ്ലാസ്റ്റേഴ്സ് എഫ് സി മത്സരത്തിലേക്ക് തിരിച്ചു വന്നു. ഒരു കൗണ്ടർ അറ്റാക്കിലൂടെ ഷാനിഫ് ആണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി മത്സരത്തിലെ ഏക ഗോൾ നേടിയത്. എതിർ ഗോൾമുഖത് ബ്ലൂ സ്റ്റാറിന് ലഭിച്ച ഒരു ഫ്രീ കിക്കിൽ നിന്ന് വീണു കിട്ടിയ ബാൾ പിടിച്ചെടുത്തു മൈതാന മധ്യത്തു നിന്ന് ഒറ്റക്ക് മുന്നേറി ഒരു പ്രധിരോധ നിരക്കാരനെയും ബ്ലൂ സ്റ്റാർ ഗോൾ കീപ്പർ വൈശാഖിനെയും വിദദ്ധമായി കബളിപ്പിച്ചു അക്മൽ ഗോൾ മുഖത്തേക്ക് മാർക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന ഷാനിഫിന് കൈമാറിയ പന്ത് ഷാനിഫ് ഒഴിഞ്ഞ പോസ്റ്റിലേക്ക് തിരിച്ചു വിട്ട് ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ടൂർണമെന്റിന്റെ ഫൈനലിലേക്കുള്ള വഴിയൊരുക്കി. ഗോൾ മടക്കാൻ സുധീഷിന്റെയും ഷഹജാസ് തെക്കന്റെയും നേതൃത്വത്തിൽ ബ്ലൂ സ്റ്റാർ കിണഞ്ഞു ശ്രമിച്ചെങ്കിലും ക്യാപ്റ്റൻ ഇക്ബാലിന്റെ നേതൃത്വത്തിലുള്ള പരിചയ സമ്പന്നമായ ബ്ലാസ്റ്റേഴ്സ് പ്രധിരോധ നിരയുടെ മുന്നിൽ പരാജയപ്പെട്ടു. കളിയുടെ അവസാന നിമിഷങ്ങളിൽ ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ അനസ് തൊടുത്ത ഷോട്ട് ബ്ലാസ്റ്റേഴ്സ് കീപ്പർ അജ്മൽ കൈപിടിയിലൊതുക്കിയതോടെ ബ്ലൂ സ്റ്റാർ ന്റെ ഫൈനൽ മോഹം അസ്തമിച്ചു. ബ്ലാസ്റ്റേഴ്സിന് വേണ്ടി പ്രതിരോധ കെട്ടിയ ക്യാപ്റ്റൻ ഇക്ബാൽ മത്സരത്തിൽ മാൻ ഓഫ് ദി മാചിന് അർഹനായി. തനിമ സൗദി കേന്ദ്ര പ്രസിഡൻറ്, നജ്മുദ്ദീൻ അമ്പലങ്ങാടൻ ട്രോഫി മാൻ ഓഫ് ദി മാച്ചിനുള്ള ട്രോഫി നൽകി. സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം ജനറൽ സെക്രട്ടറി നിസാം മമ്പാട്, വൈസ് പ്രസിഡണ്ട് സലിം മമ്പാട് , സിഫ് മുൻ പ്രസിഡണ്ട് ഹിഫ്സു റഹ്മാൻ, എന്നിവരെകൂടാതെ, ഡോ. മുർഷിദ്, കബീർ കൊണ്ടോട്ടി, സലാഹ് കാരാടൻ, വാസു തിരൂർ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.
തുല്യ ശക്തികളുടെ പോരാട്ടം കണ്ട രണ്ടാം സെമിഫൈനലിൽ അറബ് ഡ്രീംസ് എ.സി.സി എഫ് സി യും, ചാംസ് സബീൻ എഫ്. സി യും തമ്മിൽ നടന്ന ശക്തമായ പോരാട്ടത്തിൽ ടൈ ബ്രേക്കറിലൂടെ ആയിരുന്നു ചാംസ് സബീൻ എഫ് സിയുടെ വിജയം. ഇരു ടീമുകളും മത്സരത്തിലെ തുടക്കം മുതൽ മികച്ച രീതിയിൽ മുന്നേറ്റങൾ നെയ്തെടുക്കുകയും, എതിർ ഗോൾമുഖത്ത് ഒന്നിന് പുറകെ ഒന്നായി ആക്രമണം അഴിച്ചു വിടുകയും ചെയ്തപ്പോൾ, മത്സരം നിശ്ചിത സമയത്തിൽ നിന്നും എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷം വരെയും കാണികളെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയ ആവേശകരമായ മത്സരമായി മാറി. എ സി സി ഗോൾ കീപ്പർ മുഹമ്മദ് ജുനൈസും സബീൻ എഫ് സി കീപ്പർ നിഹാലും ബാറിന് കീഴിൽ ഉജ്വല പ്രകടങ്ങളോടെ ടീമിന്റെ രക്ഷകരായപ്പോൾ മത്സരത്തിൽ ഗോൾ മാത്രം ഒഴിഞ്ഞു നിന്നു. തുടർന്ന് നടന്ന ടൈ ബ്രെക്കറിൽ എ സി സിയുടെ രണ്ടു ഗോളുകൾ തടുത്തിട്ട് സബീൻ എഫ് സിക്ക് ഫൈനൽ ടിക്കറ്റ് ഉറപ്പിച്ച ഗോൾ കീപ്പർ നിഹാൽ തന്നെയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് . സബീൻ എഫ് സിക്ക് വേണ്ടി പ്രതിരോധ നിരയിൽ അൻസിൽ റഹ്മാനും മുന്നേറ്റത്തിൽ ബിബിൻ ബോബനും നല്ല ഫോമിലായിരുന്നു . എ സി സി നിരയിൽ മുന്നേറ്റ നിര താരങ്ങളായ മുഹമ്മദ് നിയാസും ജസീമും പ്രതിരോധ നിരയിൽ സനൂപും ഉജ്വല പ്രകടനം കാഴ്ച്ചവെച്ചു. ഫോക്കസ് ജിദ്ദ മേധാവി അബ്ദുൽ റഷാദ് മാൻ ഓഫ് ദി മാച്ച് ട്രോഫി നൽകി. ഇസ്മായിൽ മുണ്ടുകുളം, അൻവർ വടക്കാങ്ങര, ഷെറി മഞ്ചേരി, സാബിത് സലീം, സി.എച്ച്. ബഷീർ, സി.ടി ശിഹാബ് എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. ടൂർണമെന്റിന്റെ ഫൈനൽ മത്സരങ്ങൾ അടുത്ത വെള്ളിയാഴ്ച നടക്കും.
![]()
