റിയാദ് :ആം ആദ്മി പാർട്ടിയുടെ സ്ഥാപകദിനവുമായി ബന്ധപ്പെട്ട് ആം ആദ്മി വെൽഫെയർ അസോസിയേഷൻ (ആവാസ്) സാമൂഹിക പ്രതിബദ്ധതയുള്ള ‘’കെ. എസ്. ഇ. ബി ആരുടെ പക്ഷത്ത്? ജനപക്ഷത്തോ? അതോ?’’ എന്ന വിഷയത്തിൽ ടെലിവിഷൻ ഷോ മാതൃകയിൽ വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തെ പതിനഞ്ച് അംഗ പാനലുകളെ ഉൾപ്പെടുത്തി ജനകീയ സംവാദം ചൂടേറിയ ചർച്ചകൾക്ക് വഴിതെളിച്ചു.
ആവാസ് റിയാദ് സെൻട്രൽ കമ്മറ്റി കൺവീനർ അസീസ് കടലുണ്ടി അധ്യക്ഷനായ ചടങ്ങിൽ പ്രോഗ്രാം കോർഡിനേറ്റർ അസീസ് മാവൂർ സ്വാഗതം പറഞ്ഞു. ആം ആദ്മി പാർട്ടി കേരള വർക്കിംഗ് പ്രസിഡന്റ് ഡോ സെലിൻ ഫിലിപ്പ് ഉത്ഘാടനം ചെയ്തു.
കേരളത്തിൽ റെഗുലേറ്ററി കമ്മീഷന്റെ പൊതുതെളിവെടുപ്പുമായി ബന്ധപ്പെട്ടു നടന്ന സിറ്റിങ്ങുകളിലെ ജനവികാരം വെറും പ്രഹസനമാക്കി 2024- 2027 കാലയളവിൽ വൈദ്യുതി കൂട്ടാനുള്ള നിർദ്ദേശം നൽകിയ റെഗുലേറ്ററി കമ്മീഷന്റെ റിപ്പോർട്ടിനെതിരെ ജനകീയ പ്രക്ഷോഭങ്ങളും ആം ആദ്മി പ്രസിഡന്റ് അഡ്വ :വിനോദ് മാത്യു വിൽസൺ നേരിട്ട് ഹൈകോടതിയിലും നിലവിൽ സുപ്രീം കോടതിയിലും കേസ് ഫയൽ ചെയ്ത് നിയമപരമായി മുന്നോട്ട് പോകുകയാണെന്ന് ഉത്ഘാടന പ്രസംഗത്തിൽ ഡോ സെലിൻ ഫിലിപ്പ് പറഞ്ഞു. നാട്ടിൽ നിന്നും സംവാദ പരിപാടിക്കായി റിയാദിലെത്തിയ ഡോ: സെലിൻ ഫിലിപ്പ്, ഷാക്കത്ത് അലി ഏരോത്ത് എന്നിവരെ മജീദ് തിരൂർ, ഷബീർ കൊടക്കാട് എന്നിവർ വേദിയിൽ ബൊക്ക നൽകി ആദരിച്ചു.
റിയാദിൽ നടന്ന ഏറെ വാഗ്വാതങ്ങളും ചൂടേറിയ അനുഭവങ്ങളുടെ അനിശ്ചിതത്വങ്ങളും നിറഞ്ഞ പാനൽ ചർച്ചയിൽ സത്താർ താമരത്ത് (കെ എം സി സി), എൽ കെ അജിത്ത് (ഒ ഐ സി സി), ഇല്യാസ് പാണ്ടിക്കാട് (ആവാസ്), നിബു വർഗീസ് (റിഫ), ജയൻ കൊടുങ്ങല്ലൂർ, ഷിബു ഉസ്മാൻ (മീഡിയ) ഡോ : അബ്ദുൽ അസീസ് (കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി) കമർഭാനു വലിയകത്ത് (എഴുത്തുകാരി),സലീം പള്ളിയീൽ (രാഷ്ട്രീയ നിരീക്ഷകൻ) കെ എം സി സി വനിതാ വിംഗ് പ്രതിനിധി റഹ്മത്ത് അഷ്റഫ്, സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുക്കാട്, അലവി പുതുശ്ശേരി (ആർ ജെ ഡി), സുധീർ കുമ്മിൾ (നവോദയ) തുടങ്ങി ഭരണ പ്രതിപക്ഷ രംഗത്തും, സാമൂഹിക രംഗങ്ങളിലുള്ളവരും പാനൽ അംഗങ്ങൾ ആയിരുന്നു, ടി വി ആംഗറും ചർച്ചയുടെ മോഡറേറ്ററുമായ ഷൗക്കത്ത് അലി എരോത്ത് സംവാദം നിയന്ത്രിച്ചു.
സർക്കാർ സ്പോൺസേർഡ് ദുരുപയോഗ ബോർഡായി കെ എസ് ഇ ബി മാറിയെന്ന് ഒ ഐ സി സി അംഗം എൽ കെ അജിത്ത് അഭിപ്രായപെട്ടപ്പോൾ, കെ എസ് ഇ ബി അവരുടെ ഉദ്യോഗസ്ഥ പക്ഷത്താണെന്നും എല്ലാ രാഷ്ട്രീയ കക്ഷികളിലും ഉദ്യോഗസ്ഥ തലത്തിലും പുഴുക്കുത്തുകൾ പ്രകട മാണെന്നും ആം ആദ്മി പാർട്ടി പ്രത്യക്ഷ പ്രക്ഷോഭത്തിനിറങ്ങിയ പോലെ എല്ലാവരും മുന്നോട്ട് വരേണ്ടതുണ്ടെന്ന് കെ എം സി സി പ്രതിനിധി സത്താർ താമരത്ത് പറഞ്ഞു.
2023 – 24 ൽ കെ എസ് ഇ ബി 218 കോടി ലാഭത്തിലാണെന്ന് വിവരാവകാശ രേഖയിൽ പറയുന്നുണ്ടെന്നും രണ്ടായിരത്തി പത്ത് മെയ് ഇരുപത്തി നാലി ന് 1842.78 കോടി കുടിശ്ശിക പിടിച്ചെടുക്കണമെന്ന സി അബ്ദുല്ല,എം പി അയ്യപ്പൻ മെമ്പർമാരായിട്ടുള്ള റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് പാലിക്കപ്പെട്ടിട്ടില്ലെന്നും, യൂണിയനുകളെ കൂട്ടുപിടിച്ച് സംഘടിത ബലത്തിൽ നടക്കുന്ന നെറികേടാണ് കെ എസ് ബി യിൽ നടക്കുന്നതെന്നും, വിഭവങ്ങളെ ജനഹിതമായി ഉപയോഗപ്പെടുത്തുന്ന ഡൽഹി, പഞ്ചാബ് തൊട്ടടുത്തുള്ള തമിഴ്നാടിൽ നിന്ന് പോലും ഏറെ പഠിക്കാനുണ്ടെന്നും ആവാസ് പാനൽ അംഗം ഇല്യാസ് പാണ്ടിക്കാട് പറഞ്ഞു.
ഉദ്യോഗസ്ഥരുടെ പിടിപ്പ് കേട് കൊണ്ട് മാത്രം 200 കോടിയിലധികം രൂപ പ്രതിമാസം നഷ്ടത്തിലോടുന്ന കെ എസ് ഇ ബി യെ തൊലിപ്പുറത്തെ ശസ്ത്രക്രിയ കൊണ്ട് രക്ഷിക്കാനാവില്ലെന്നും, നിരന്തരമായി തുടരുന്ന അപക്വതകൾ കണ്ട് രാഷ്ട്രീയ വിമൂകത ജനങ്ങൾക്കിടയിൽ സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് റിഫ പ്രതിനിധി നിബു വർഗീസ് അഭിപ്രായപ്പെട്ടു.
ജനങ്ങളോട് ക്രൂരമായ സമീപനമാണ് കെ എസ് ഇ ബി തുടരുന്നതെന്നും ഇന്ത്യയിലെ മാധ്യമ ഉടമകളുടെ താല്പര്യങ്ങൾ കണ്ട് മാധ്യമ പ്രവർത്തകരേ വിലയിരുത്തേണ്ടതില്ലെന്നും നിക്ഷിപ്ത മാധ്യമ വേട്ടയുമായി റിയാദിലെ മാധ്യമ പ്രവർത്തകരെ കൂട്ടിക്കെട്ടേണ്ടതില്ലെന്നും ജയൻ കൊടുങ്ങല്ലൂർ പറഞ്ഞു. ബില്ലുകളിലെ ആശാസ്ത്രീയതകളടക്കം പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന് ഷിബു ഉസ്മാൻ പറഞ്ഞു. ഹൃദയസ്തംഭ നത്തിന് പോലും നമ്മുടെ കേരളത്തിലെ ഇലെക്ട്രിസിറ്റി ബോർഡിന്റെ പിടിപ്പുക്കേട് പലപ്പോഴും കാരണമാവുന്നുണ്ടോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഡോ: അബ്ദുൽ അസീസ് സരസമായി അഭിപ്രായപെട്ടപ്പോൾ, ഏറെ ഉൽബോധനത്തിന്റെ ആവശ്യകതകളടക്കം വനിതാ പ്രതിനിധികളിൽ നിന്നുണ്ടായി. വൈദ്യുത രംഗത്ത് ഏറെ ന്യൂതന സംവിധാനങ്ങളിലേക്ക് കാര്യക്ഷമമായ പ്രവർത്തനങ്ങളിലൂടെ സമീപ ഭാവിയിൽ കേരളത്തിന് മാറാനാവുമെന്ന് സലീം പള്ളിയിൽ പറഞ്ഞു.
അവസാന റൗണ്ടിൽ നിർമാണത്തിലും വിതരണത്തിലുമടക്കം ഏറെ പരിഹാരമാർഗങ്ങൾ പാനൽ അംഗങ്ങൾ നിർദ്ദേശിച്ചു. ആം ആദ്മി ഏറ്റെടുത്ത ദൗത്യത്തിന് അഭിനന്ദനങ്ങൾക്കൊപ്പം ഈ വിഷയത്തിൽ പ്രാപ്തമായ എല്ലാ പിന്തുണയും നൽകുമെന്നും പാനൽ അംഗങ്ങൾ പറഞ്ഞു.
വിവിധങ്ങളായ അഭിപ്രായങ്ങളും പരിഹാരമാർഗങ്ങളും,വിമർശനങ്ങളും ഉയർന്നുകേട്ടെങ്കിലും ഭരിക്കുന്ന പാർട്ടികളുടെ അംഗങ്ങളുടെ സാനിദ്ധ്യമുണ്ടായിട്ട് പോലും ഒരാൾപോലും കെ എസ് ഇ ബി യേയും റെഗുലേറ്ററി ബോർഡിനെയും പ്രത്യക്ഷത്തിൽ പിന്താങ്ങുന്ന അവസ്ഥ കണ്ടില്ല എന്നത് ഏറെ ചിന്തനീയമാണെന്നും, മാറി മാറി ഭരിച്ച രാഷ്ട്രീയ പാർട്ടികളിലോ, ഉദ്യോഗസ്ഥ വൃന്തങ്ങളിലോ മാത്രമൊതുങ്ങുന്ന വിഷയമല്ലിതെന്നും, നാം അടങ്ങുന്ന പൊതുസമൂഹം മുന്നോട്ടെങ്കിലും ഗൗരവകരമായി കാര്യങ്ങളെ കാണേണ്ടതുണ്ടെന്നും മോഡറേറ്റർ പറഞ്ഞു. എനർജി എഞ്ചിനീർ അഫ്സൽ പൊന്നാനി, എഞ്ചിനീർമാരായ അഷ്ഫാഖ് വള്ളിക്കുന്ന്, അലൻ കൊല്ലം എന്നിവർ പ്രൊസീഡിയം അംഗങ്ങളായിരുന്നു. സദസ്സിൽ നിന്ന് നേരിട്ട് പാനൽ അംഗങ്ങളോട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു.
ആവാസ് ഉയർത്തി വിടുന്ന ഇലെക്ട്രിസിറ്റി വിഷയം ഒരു തുടക്കം മാത്രമാണെന്നും, ഈ വിഷയത്തിൽ കേസ് നടത്തിപ്പിനുള്ള എല്ലാ ചിലവും ആവാസ് ആണ് വഹിക്കുന്നതെന്നും വിവിധ വിഷയങ്ങൾ ഏറ്റെടുത്ത് ഇനിയും മുന്നോട്ട് പോകുമെന്നും ആവാസ് കൺവീനർ അസീസ് കടലുണ്ടി പറഞ്ഞു.
![]()
