റിയാദ് :ഭാരതത്തിന്റെ ഭരണ ഘടന അംഗീകരിച്ചതിന്റെ 75 മത് വാർഷികമാഘോഷത്തിന്റെ ഭാഗമായി റിയാദ് ഓ ഐ സി സി സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് “ഭരണ ഘടന സംരക്ഷണ സദസ്സും പ്രതിജ്ഞയും ” സംഘടപ്പിക്കുന്നു.നവമ്ബർ 26 ചൊവ്വാഴ്ച വൈകിട്ട് 6.30 നു ബത്ഹയിലെ സബർമതി ഓഫീസിലാണ് പരിപാടി.
1946 ഡിസംബർ 9 -ന് തുടങ്ങി, 2 വർഷവും 11മാസവും 17 ദിവസവും എടുത്താണ് നമ്മുടെ ഭരണഘടനയുടെ കരട് തയ്യാറാക്കിയത്.ഭരണഘടന നിർമാണസഭയുടെ അവസാന സമ്മേളനം 1950 ജനുവരി 24ന് ആയിരുന്നു. 1950 ജനുവരി 26ന് ഭരണഘടന പ്രാബല്യത്തിൽ വന്നു.ലോകത്തിലെ എഴുതപെട്ട ഏറ്റവും വലിയ ഭരണഘടന എന്നത് സവിശേഷതയാണ്.ഇന്ത്യയെ “ഒരു പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ റിപ്പബ്ലിക്കായി വിഭാവനം ചെയ്യുന്നു” എന്ന് തുടങ്ങുന്ന ഭരണഘടനയുടെ ആമുഖം ഏറെ പ്രസക്തവും മതത്തിന്റെയും ജാതിയുടെയും ഭാഷയുടേയും വൈവിധ്യങ്ങളെ ഉൾക്കൊണ്ടുകൊണ്ടുള്ള സങ്കല്പവുമാണ് ഏറെ ശക്തി പകരുന്നത്.

പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ 165 ദിവസങ്ങളിലായി നടന്ന ചർച്ചകളിൽ 2473 ഭേദഗതികളോടെ ഭരണഘടന അതിന്റെ അന്തിമ രൂപത്തിലേക്ക് മിനുക്കിയെഴുതി. ഇറ്റാലിയൻ കാലിഗ്രഫിയിൽ പ്രേം ബിഹാരി നാരായൺ റായിസാദയുടെ കൈപ്പടയിലായിരുന്നു അതിന്റെ ആദ്യ കോപ്പി. 51 ദിവസം തുടർച്ചയായി എഴുതി പൂർത്തീകരിച്ച ഈ കയ്യെഴുത്തു പ്രതിയുടെ പേജുകളിൽ അലങ്കാരപ്പണികൾ ചെയ്തത് ശാന്തിനികേതനിലെ പ്രൊഫസറായ നന്ദലാൽ ബോസും ശിഷ്യരും ചേർന്നാണ്.
![]()
