റിയാദ്: മലപ്പുറം ജില്ല കെ എം സി സി ‘ദ വോയേജ്‘ സ്വത്വം, സമന്വയം, അതിജീവനം ക്യാംപയിൻ ഉദ്ഘാടന സമ്മേളനത്തിൽ പ്രശസ്ത ഖിസ്സപ്പാട്ട് കാഥികൻ മാവണ്ടിയൂർ അഹ്മദ് കുട്ടി മൗലവി, ഹബീബ് കോട്ടോപാടം എന്നിവർ അവതരിപ്പിച്ച മലപ്പുറം ഖിസ്സ കഥാപ്രസംഗം ശ്രദ്ധേയമായി. തനത് ശൈലിയിൽ അവതരിപ്പിച്ച കഥാപ്രസംഗം പ്രൗഢമായ സദസ്സിന് പുതിയ അനുഭവം സമ്മാനിച്ചു. സംഘാടകരിൽ നിന്ന് ലഭിച്ച പിന്തുണയും സദസ്സിൽ നിന്നും ലഭിച്ച പ്രോൽസാഹനവും സൗദിയിൽ പര്യടനം നടത്തുന്ന അഹ്മദ് കുട്ടി മൗലവിക്കും ഏറെ സന്തോഷം നൽകുന്നതായിരുന്നു.
നാലര പതിറ്റാണ്ടായി ഖിസ്സപ്പാട്ട് രംഗത്ത് സജീവമായ അഹ്മദ് കുട്ടി മൗലവി കേരളത്തിൽ എല്ലാ ജില്ലകളിലും കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ, തമിഴ്നാട്, കർണ്ണാടക, ആന്ധ്ര, മഹാരാഷ്ട്ര, ലക്ഷദ്വീപ് എന്നി സംസ്ഥാനങ്ങളിലും യു എ ഇ, ഒമാൻ, ബഹ്റൈൻ എന്നീരാജ്യങ്ങളിലും ഖിസ്സപ്പാട്ട് അവതരിപ്പിച്ചിട്ടുണ്ട്.
രണ്ട് തവണ കേരള സർക്കാരിൻ്റെ ആദരവ് ലഭിച്ച അഹ്മദ് കുട്ടി മൗലവി വളഞ്ചേരിക്കടുത്ത് എടയൂർ നോർത്ത് മാവണ്ടിയൂർ സ്വദേശിയാണ്.
കാലത്തിന്റെ കുത്തൊഴുക്കിൽ ഗതകാല പ്രതാപം നഷ്ടപ്പെട്ടുപോകുന്ന മലബാർ,മാപ്പിള കലകളെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ തലമുറക്ക് കൈമാറ്റം ചെയ്യുന്നതിനും ‘ദ വോയേജ് ’ ക്യാമ്പയിനിൽ മലപ്പുറം ലിറ്ററേച്ചർ കൾച്ചറൽ ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് മലപ്പുറം ജില്ലാ
കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് കൂട്ടിച്ചേർത്തു.
പതിറ്റാണ്ടുകളായി ഖിസ്സപ്പാട്ട് രംഗത്ത് പ്രവർത്തിക്കുന്ന അഹ്മദ് കുട്ടി മൗലവിയെ റിയാദ് മലപ്പുറം ജില്ല കെ എം സി സി ആദരിച്ചു. നാഷണൽ, സെൻട്രൽ, ജില്ല കെ എം സി സി ഭാരവാഹികളുടെ സാന്നിധ്യത്തിൽ ജില്ല കെ എം സി സി ജനറൽ സെക്രട്ടറി സഫീർ മുഹമ്മദ് ഷാൾ അണിയിച്ചു.
![]()
