റിയാദ് :രാജ്യാന്തര ശ്രദ്ധ നേടിയ പ്രവാസി സംഘടനയാണ് കെഎംസിസിയെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി അഭിപ്രായപ്പെട്ടു.
കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മയുടെ പത്തൊമ്പതാമത് വാർഷിക പരിപാടിയിൽ പങ്കെടുക്കാൻ റിയാദിൽ എത്തിയ എം പി ക്ക്
റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ബത്ഹ ഓഫീസിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു.
കോവിഡ് വ്യാപന കാലത്ത് പ്രവാസി സമൂഹത്തിനിടയിൽ കെഎംസിസി ചെയ്തിട്ടുള്ള സേവനങ്ങൾ വിലമതിക്കാൻ കഴിയാത്തതാണ്. സർക്കാർ സംവിധാനങ്ങൾ വരെ പരാജയപ്പെട്ട ഘട്ടങ്ങളിൽ വിമാന സർവീസ് ഉൾപ്പടെ കെഎംസിസി നൽകിയിട്ടുള്ള സേവന പ്രവർത്തനങ്ങൾ പ്രവാസികൾക്ക് വലിയ ആശ്വാസം പകർന്നതാണ്.
മുസ്ലിം ലീഗിന്റെ മതേതര കാഴ്ചപാടിൽ ആർക്കും സംശയം പ്രകടിപ്പിക്കുവാൻ സാധിക്കില്ല. തികഞ്ഞ ജനാധിപത്യ ബോധവും മതേതര സ്വാഭാവവുമാണ് മുസ്ലിം ലീഗിനുള്ളത്. സാമുദായിക കലാപത്തിന് സാധ്യതയുള്ള പല ഘട്ടങ്ങളിലും ലീഗ് സ്വീകരിച്ച പക്വമായ നിലപാടുകൾ കേരളക്കരയുടെ സമാധാനവും സൗഹാർദ്ധവും സംരക്ഷിക്കുവാൻ കാരണമായിട്ടുണ്ട്. കേരളത്തിൽ വലിയ തോതിലുള്ള വർഗീയ ചേരിതിരിവ് നടക്കുന്നുണ്ട്. ഭരണം നിലനിർത്തുവാൻ സി പി എം സ്വീകരിക്കുന്ന അവസരവാദ, പ്രീണന നിലപാടുകൾ വലിയ അപകടമാണ് ഉണ്ടാക്കാൻ പോകുന്നത്.
കേരളത്തിലെ പ്രധാനപ്പെട്ട പല കേസുകളും പരിശോധിച്ചാൽ സി പി എമ്മും ബി ജെ പിയും തമ്മിലുള്ള അവിശുദ്ധ ബന്ധം കാണാൻ കഴിയുമെന്നും എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു.
റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ട്രഷറർ അഷ്റഫ് വെള്ളേപ്പാടം, സത്താർ താമരത്ത്, അബ്ദുറഹ്മാൻ ഫറൂഖ്, ജലീൽ തിരൂർ, അഷ്റഫ് കൽപകഞ്ചേരി, നാസർ മാങ്കാവ്, ഷാഫി മാസ്റ്റർ തുവ്വൂർ, റഫീഖ് മഞ്ചേരി, അഡ്വ അനീർ ബാബു, നജീബ് നല്ലാങ്കണ്ടി, പി സി മജീദ്, മാമുക്കോയ തറമ്മൽ, ഷംസു പെരുമ്പട്ട എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
![]()
