റിയാദ്: 33 വർഷമായി ഒരു മലയാളി മാനേജ്മെന്റിന്റെ കീഴിൽ തുടർച്ചയായി ജീവനക്കാരനായി തുടരുക എന്ന അപൂർവ്വതക്ക് ശേഷം കുമാരേട്ടൻ നാട്ടിലേക്ക് മടങ്ങുകയാണ്.റിയാദിലെ മലാസ് ഹോട്ടലിലെ സപ്ലയർ ആയ കൃഷ്ണ കുമാർ എന്ന കുമാരേട്ടൻ തിരികെ പോകുന്നത് എണ്ണമില്ലാത്തത്ര ആളുകൾക്ക് സ്നേഹ മതിയാവോളം വിളമ്പിയിട്ട് തന്നെയാണ് എന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം ഹോട്ടൽ സാക്ഷ്യം വഹിച്ചത്.
തീൻ മേശയിൽ യഥാർത്ഥത്തിൽ അദ്ദേഹം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെ ആയി രുചികരമായ ഭക്ഷണത്തിനൊപ്പം സ്നേഹവും സന്തോഷവും ഒക്കെ ആണ് നൽകിയതെന്നു ഉറപ്പിച്ചു തന്നെയാണ് കഴിഞ്ഞ ദിവസം ഹോട്ടലിൽ സ്ഥിരമായി ഭക്ഷണം കഴിക്കാൻ എത്തുന്ന ഒരു സൗഹൃദ വലയം അദ്ദേഹത്തെ സ്നേഹത്തിന്റെ പൊന്നാട അണിയിച്ചു ആദരിച്ചത്.

തൃശൂർ മുള്ളൂർക്കര അമ്മാത്തു വളപ്പിൽ സ്വദേശിയാണെങ്കിലും തിരുവനന്തപുരം തന്റെ താമസ സ്ഥലമായി തിരഞ്ഞെടുത്ത അദ്ദേഹം പ്രവാസത്തിന്റെ കരുതലിനെ കുറിച്ചും തന്റെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ചും വാചാലനായി. രണ്ടു മക്കളെ നല്ലത് പോലെ പഠിപ്പിക്കാനും ഇന്നവർ വിദേശ രാജ്യങ്ങളിൽ നല്ല ജോലി ചെയ്ത് ജീവിക്കുന്നതുമായ സന്തോഷ വർത്തമാനങ്ങൾ പങ്കിട്ടപ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകു ന്നുണ്ടായിരുന്നു.

മകൻ അഖിലേഷ് കൃഷ്ണൻ അമേരിക്കയിലെ ഒരു കമ്പനിയിലെ എച്ഛ് ആർ വിഭാഗത്തിൽ ജോലി നോക്കുമ്പോൾ മകൾ അഖില കൃഷ്ണൻ കാനഡയിൽ നഴ്സ് ആണ്. ഗൾഫിൽ എത്തിയതിനു ശേഷമാണു തിരുവനന്തപുരം കരമനയിൽ സ്ഥലവും വീടും സ്വന്തമാക്കിയത്.
തന്റെ കൗമാരവും യൗവ്വനവുമൊക്കെ പ്രവാസത്തിനു നൽകിയത് വെറുതെ ആയില്ല എന്ന് പറയുമ്പോൾ അതൊരു കരുതലായ ജീവിത കഥ തന്നെയാണ് പ്രവാസികളുടെ മുന്നിൽ പറഞ്ഞു പോകുന്നത്.
തുച്ഛമായ വരുമാനത്തിൽ നിന്നാണ് തന്റെ കൃത്യമായ ജീവിത ശൈലിയും ചിട്ടയും കാരണം ജീവിതത്തിലേ ഈ മാറ്റങ്ങൾ വെട്ടി പിടിച്ചത്.
ഡിസംബറിൽ നടക്കുന്ന മകന്റെ വിവാഹം കഴിഞ്ഞു ഭാര്യ ഷീലക്കൊപ്പം സ്വസ്ഥമായി നാട്ടിൽ കൂടണം ഒപ്പം ഹോട്ടലിൽ വന്നു പോയി കൊണ്ടിരുന്ന പരിചയ മുഖങ്ങളെ നാട്ടിൽ കണ്ടു മുട്ടും എന്ന പ്രതീക്ഷയിലുമാണ്.
ഹോട്ടലിൽ എത്തിയ സൗഹൃദ കൂട്ടം അദ്ദേഹത്ത പൊന്നാട അണിയിച്ച ആദരിച്ച ശേഷം ഭാവി ജീവിതത്തിനു ആശംസകളും പ്രാർത്ഥനകളും നേർന്നു.
നാട്ടിൽ എത്തുമ്പോൾ കാണാം എന്ന പ്രവാസ പ്രതീക്ഷകൾ നൽകി മടങ്ങിയപ്പോൾ കുമാരേട്ടൻ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നത് കാണാമായിരുന്നു.
![]()
