ജിദ്ദ: രാജ്യത്തിന്റെ വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും നിലനിര്‍ത്തുവാനും മതേതര ഇന്ത്യയില്‍ ഫാഷിസത്തെ പ്രതിരോധിക്കുവാനും സമകാലിക സാഹചര്യത്തില്‍ സാധിക്കുന്നു എന്നത് മതേതര ജനാധിപത്യ മൂല്യങ്ങള്‍ നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന ഇന്ത്യന്‍ ജനതക്ക് പ്രതീക്ഷ നല്‍കുന്നതാണെന്ന് ഫോക്കസ് ഇന്റര്‍നാഷണല്‍ ജിദ്ദ ഡിവിഷന് സംഘടിപ്പിച്ച ‘പ്രതീക്ഷ നല്കുന്ന ഇന്ത്യ’ ടോക് ഷോ അഭിപ്രായപെട്ടു. ജിദ്ദയിലെ മത സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത ടോക് ഷോ സമകാലിക ചർച്ചകൾ കൊണ്ടു സമ്പന്നമായി.
റഫീഖ് പത്തനാപുരം (നവോദയ), ഇസ്മായില്‍ പി. ടി (ഒ ഐ സി സി), ഹസീബ് റഹ്മാന് (യൂത്ത് ഇന്ത്യ), ആദില്‍ നസീഫ് (എം എസ് എം കേരള) എന്നിവര്‍ പങ്കെടുത്തു. ഫോക്കസ് ഇന്റര്‍നാഷണല്‍ ജിദ്ദ ഡിവിഷന് ഓപറേഷന് മാനേജര്‍ ഷഫീഖ് പട്ടാമ്പി മോഡറേറ്ററായിരുന്നു. സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഫാഷിസത്തെ പ്രതിരോധിക്കുവാനും മതേതര ഇന്ത്യയുടെ തെളിമ നിലനിര്‍ത്തുവാനും സാധിച്ചാല്‍ പ്രതീക്ഷ കൈവിടാതെ മുന്നേറാന്‍ സാധിക്കുമെന്ന് എം എസ് എം പ്രതിനിധി ആദില്‍ നസീഫ് പറഞ്ഞു. എന്തായിരുന്നു ഇന്ത്യ എന്ന് പുതുതലമുറക്ക് പരിചയപ്പെടുത്തിയാലേ ഇന്നത്തെ ഇന്ത്യയെ മനസിലാക്കുവാന്‍ പുതുതലമുറക്ക് സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
ജനാതിപത്യ മതേതര വിശ്വാസികള്‍ക്ക് പ്രതീക്ഷയുടെ കാലമാണ് നിലനില്‍ക്കുന്നതെന്നും ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തില്‍ ഫാഷിസത്തെ പ്രതിരോധിക്കുവാനും ഒളി അജണ്ടകളെ തടയിടാനും സാധിക്കുന്നു എന്നത് പ്രതീക്ഷ നല്‍കുന്നതാണെന്ന് ഒ ഐ സി സി പ്രതിനിധി ഇസ്മായില്‍ പി ടി പറഞ്ഞു.
പ്രതീക്ഷ ഇല്ലെങ്കില്‍ രാജ്യത്തെ ജനത നിര്‍ജീവമാകുമെന്നും കഴിഞ്ഞ പത്തു വര്‍ഷത്തെ അന്ധകാരത്തില്‍ നിന്നും മാറ്റം വന്നിരിക്കുകയാണെന്നും ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ അപ്രമാദിത്വം അവസാനിച്ചിരിക്കുകയാണെന്നും മതേതര ഇന്ത്യയുടെ പ്രതീക്ഷയുടെ കലാഘട്ടമാണ് വരാനിരിക്കുന്നതെന്നും നവോദയ പ്രതിനിധി റഫീഖ് പത്തനാപുരം പറഞ്ഞു. യുവത്വം അരാഷ്ട്രീയ വത്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയും സാമൂഹിക ഇടപെടലുകളില്‍ നിന്നും പുറം തിരിഞ്ഞോടുകയും ചെയ്യുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നും യുവതയെ രാഷ്ട്ര പുനര്‍ നിര്‍മ്മാണത്തിന് സജ്ജരാക്കിയാല്‍ യഥാര്‍ത്ഥ ഇന്ത്യയെ തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്നും പ്രതീക്ഷ കൈവിടാതെ ഫാഷിസത്തെ പ്രതിരോധിക്കാന്‍ യോജിച്ച കൂട്ടായ്മകള്‍ ശക്തിപ്പെടുത്തണമെന്നും യൂത്ത് ഇന്ത്യ പ്രതിനിധി ഹസീബ് റഹ്മാന് അഭിപ്രായപെട്ടു.
![]()
