മലപ്പുറം: എൽഡിഎഫ് പാര്‍ലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്നും എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്നും പി വി അൻവർ വ്യക്തമാക്കി. എംഎൽഎ എന്ന മൂന്ന് അക്ഷരം ജനങ്ങള്‍ തന്നതാണ്. പാർട്ടി പറഞ്ഞാലും എംഎൽഎ സ്ഥാനം രാജിവക്കില്ലെന്ന് അൻവർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഞായറാഴ്ച നിലമ്പൂരിൽ പൊതുസമ്മേളനം വിളിക്കുമെന്നും അന്ന് അടുത്ത നീക്കം ജനങ്ങളെ അറിയിക്കുമെന്നും അൻവർ പറഞ്ഞു. എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അൻവർ നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടി പ്രവര്‍ത്തകരിലും കോടതിയിലുമാണ് ഇനി വിശ്വാസമുള്ളത്. പാർട്ടിയിലെ സാധാരണക്കാരായ സഖാക്കളുടെ പിന്തുണ തനിക്കുണ്ടെന്നും അൻവർ ആവർത്തിച്ചു.
കേരളത്തിലെ സിപിഎം അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്നില്ല. ഉന്നതരായ നേതാക്കൾക്ക് എന്ത് അഴിമതിയും നടത്താം എന്ന സ്ഥിതിയാണിപ്പോൾ. സ്വജനപക്ഷപാതം സഹിക്കാൻ കഴിയാതെയാണ് കോൺഗ്രസിൽ നിന്ന് വന്നത്. അത് ഇവിടെ അൻവർ അനുവദിക്കില്ല. കേരളത്തിലെ എല്ലാ രാഷ്ട്രീയപാർട്ടികളുടെയും നേതാക്കന്മാർ ഒന്നാണ്. അതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. പല കേസുകളും കേരളത്തിൽ തെളിഞ്ഞുവരാത്തത് അത് കൊണ്ടാണെന്നും അൻവർ വിമർശിച്ചു.
തൃശൂർ പൂരം കലക്കി സീറ്റ് ബിജെപിക്ക് കൊടുത്തത് അജിത് കുമാറാണ്. ബിജെപിക്ക് സീറ്റുണ്ടാക്കി കൊടുത്ത് കേന്ദ്രത്തിൽ നിന്ന് അതിന്റെ ആനുകൂല്യം പറ്റാൻ ശ്രമിക്കുന്നവരാണ് അജിത് കുമാറിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയാണോ അജിത് കുമാറിനെ കൊണ്ട് പൂരം കലക്കിയതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അത് നിങ്ങൾ അന്വേഷിക്കൂ എന്നായിരുന്നു അൻവറിന്റെ മറുപടി.
![]()
