കൊല്ലം: മൈനാഗപ്പളളിയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ച സംഭവത്തിൽ കാര്‍ ഓടിച്ച അജ്മലിനെയും (29), ഒപ്പമുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടി(27)യെയും നരഹത്യ വകുപ്പിൽ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു.
ഇരുവരെയും അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി.
മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രക്കാരിയായ പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോൾ (45) ആണ് അപകടത്തില്‍ മരിച്ചത്.
സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധു ഫൗസിയ പരിക്കേറ്റ് ചികിത്സയിലാണ്. അപകടത്തെ തുടര്‍ന്ന് ഒളിവിൽ പോയ അജ്മലിനെ പതാരത്ത് നിന്നാണ് ശാസ്താംകോട്ട പൊലീസ് പിടികൂടിയത്. കൊല്ലം കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താൽക്കാലിക ഡോക്ടറായിരുന്ന നെയ്യാറ്റിന്‍കര സ്വദേശിനിയായ ശ്രീക്കുട്ടിയെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു.
ക്രിമിനല്‍ പശ്ചാത്തലമുള്ള അജ്മല്‍ നേരത്തെ അഞ്ച് കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു. അജ്മലും ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നെന്നു വൈദ്യപരിശോധനയിൽ തെളിഞ്ഞതായും പൊലീസ് പറഞ്ഞു.
![]()
