പ്രവാസികളുടെ ഓണം ഒരുമയുടെ കൂട്ടായ്മയൊരുക്കലാണ്. മതസൗഹാർദ സംഗമമായിരിക്കും പ്രവാസത്തിലെ ഓണാഘോഷങ്ങളൊക്കെയും.
ഓണം സർവ്വരും ആഘോഷിക്കുന്ന ദേശീയോത്സവമെന്ന് നാം പറയുമെങ്കിലും അത് പ്രായോഗികമായി നടപ്പിലാക്കുന്നത് പ്രവാസത്തിൽ മാത്രമായിരിക്കും.
നാട്ടിലെ തിരുവോണനാളിൽ തന്നെ പ്രവാസിക്ക് ഓണം ആഘോഷിക്കാൻ കഴിഞ്ഞെന്നുവരില്ല. നാട്ടിലെ എല്ലാ ആഘോഷ വേളകളിലും പ്രവാസി അവന്റെ തൊഴിലിൽ വ്യാപൃതനായിട്ടുണ്ടാവും; പെരുന്നാൾ ഒഴികെ.
പ്രവാസിയുടെ ഓണാഘോഷം ഓണത്തിന്നടുത്ത വെള്ളിയാഴ്ചയായിരിക്കും.
കൂട്ടായ്മയിൽ അവന്റെ താമസ മുറികളിൽ വിഭവസമൃദമായ സദ്യയൊരുക്കാൻ എല്ലാവരും ഒത്തു കൂടും.
സാമ്പാറും, പച്ചടിയും, അവയിലും, കൂട്ടുകറിയും, തോരനും, അച്ചാറും പപ്പടവും, പായസങ്ങളുമായി വാഴയിലയിൽ വിളമ്പുന്ന സദ്യ തന്നെയൊരുക്കുന്നു പ്രവാസി.
പ്രവാസത്തിൽ വാഴയിലയും ഓണക്കാലത്ത് വില കൊടുത്തു വാങ്ങാനാവുന്നു…
1998 സപ്തംബർ 4. വെള്ളിയാഴ്ചയാണ് ഈ വർഷത്തെ ഓണം. വെള്ളിയാഴചയായതിനാൽ നാട്ടിലും, പ്രവാസത്തിലും ഒരു നാൾ തന്നെ ഓണമാഘോഷിക്കുന്ന അപൂർവ്വദിനമായിരിക്കും ഈ വർഷം.
ആഗസ്ത് 28 വെള്ളിയാഴ്ചയിലെ പ്രഭാതം.കാലത്ത് തന്നെ ഹാശിം സ്റ്റോക്കെടുപ്പിനായി കടയിലെത്തി.
സാധനങ്ങൾ മുഴുവൻ വാരിവലിച്ചിട്ട് എണ്ണിതിട്ടപ്പെടുത്തി അടുക്കി വെക്കുക എന്നത് പ്രയാസകരമായ ഒരു ജോലിതന്നെ.സാധനങ്ങളുടെ കണക്കെടുപ്പിന് ശേഷം കിട്ടാനുള്ള പണത്തിന്റെ കണക്കുകൾ പരിശോധിച്ചു. ഇനി വളരെ കുറച്ച് കടങ്ങൾ മാത്രമേ ബാക്കിയുള്ളൂ. അത് നരേന്ദ്രേട്ടൻ വാങ്ങിക്കാം എന്നേറ്റു.
പ്രഭാതത്തിൽ തുടങ്ങിയ സ്റ്റോക്കെടുപ്പ് തീരുമ്പോൾ സൂര്യാസ്തമയമായിരുന്നു. സൂര്യൻ അസ്തമിച്ചിട്ടും മരുഭൂമിയിലെ ചൂടിന്റെ കാഠിന്യം കുറഞ്ഞിരുന്നില്ല.
കടയുടെ താക്കോൽ കൈമാറ്റം ചെയ്തതോടു കൂടി തലയ്ക്കകത്തുള്ള ചൂടിന് ശമനമുള്ളതായി തോന്നി.
തലയ്ക്കകത്തു നിന്നും ഒരു കിളി പറന്നുപോയ അനുഭൂതിയുണ്ടായി..
താക്കോൽ കിട്ടിയ നരേന്ദ്രേട്ടൻ പറഞ്ഞു.
“നീ രക്ഷപ്പെട്ടല്ലോ…യമനികളുടെയിടയിൽ ഇനി നമ്മള സാഹസം തൊടങ്ങാനായി…”
” സാഹസൊന്നൂല്ല നരേന്ദ്രാട്ടാ..നമ്മ കൊറച്ച് ധൈര്യത്തില് നിന്നാ മാത്രം മതി.. യമനികളിലധികൂം നല്ലയ്റ്റങ്ങളാ… രണ്ട് മൂന്നെണ്ണത്തിനെ മാത്രം ശ്രദ്ധിച്ചാമതി…”
ഞാൻ പറഞ്ഞുവെങ്കിലും നരേന്ദ്രേട്ടൻ അതൊന്നും കേട്ടോ എന്നറിയില്ല. അയാളുടെ മനസ്സ് എവിടെയോ അലയുകയാണെന്ന് തോന്നി. എന്റെ തലയിൽ നിന്നും പറന്നകന്ന കിളി നരേന്ദ്രേട്ടന്റെ തലയ്ക്കകത്ത് കൂടുകൂട്ടിയോ..ആവ്വോ ?
സ്റ്റോക്കെടുപ്പിന് ശേഷം ഹാശിമിന്റെ പിക്കപ്പ് വാഹനത്തിൽ
നസീം-മിലേക്ക് യാത്രയാരംഭിച്ചു.
ദാഹൽമൊഹദൂദിലേക്ക് വരുമ്പോൾ ഒരു ബാഗ് മാത്രമാണുണ്ടായിരുന്നതെങ്കിലും, തിരിച്ചു പോവുമ്പോൾ,നാട്ടിലേക്ക് കൊണ്ടുപോകാൻ വാങ്ങിവച്ച കുറെയധികം സാധനങ്ങളുണ്ടായിരുന്നു.
എല്ലാം പിക്കപ്പിൽ കയറ്റി യാത്രയാരംഭിച്ചു.
നസീമിലെ മുറിയിൽ നിന്നുമാണ് ഞങ്ങൾ എല്ലാവരും പെട്ടി കെട്ടി നാട്ടിലേക്ക് യാത്രയാവുക…
ഞങ്ങളുടെ അറബിയുടെ സ്ഥാപനങ്ങളിലുള്ള മലയാളികളെല്ലാം, വ്യാഴാഴ്ചകളിൽ ഒത്തുകൂടുന്നത് നസീമിലാണ്. അതിനായി ഒരു പങ്ക് വാടക ഞങ്ങളുടെ അറബി തന്നുകൊണ്ട് ഞങ്ങളെല്ലാവരും ചേർന്ന് രണ്ട് വലിയ മുറികളും, അടുക്കളയുമുള്ള ഒരു വീട് വാടകയ്ക്കായി എടുത്തിരുന്നു…
ഒരുപാട് സ്വപ്നങ്ങളുടെ കലവറയൊരുക്കിക്കൊണ്ട് ഹാശിമിന്റെ പിക്കപ്പ് വാഹനത്തിൽ നസീമിലേക്ക് യാത്ര ചെയ്യുമ്പോൾ ഞാൻ ഓർക്കുകയായിരുന്നു;
മൂന്നു വർഷം മുൻപ് ഞാനും,രവിയും സ്വപ്നങ്ങളുടെ ചിറകിലേറി പ്രവാസത്തിന്റെ മണലാരിണ്യത്തിലെത്തിയ ദിനം. അന്ന്,ഞങ്ങളെ സ്വീകരിച്ചത് പ്രകൃതിയൊരുക്കിയ ശൈത്യത്തിൽ പൊതിഞ്ഞ മരുഭൂമിയായിരുന്നെങ്കിൽ പ്രവാസത്തിൽ നിന്നും തിരിച്ചു പോകാനൊരുങ്ങുമ്പോൾ മരുഭൂമി കൊടും ചൂടിൽ ചുട്ടുപൊള്ളുകയാണ്.
ഞാനും രവിയും ഒപ്പമാണ് പ്രവാസത്തിലെത്തിയത്;
തിരിച്ച് പോകുമ്പോഴും ഒപ്പം,രവിയുണ്ടാവും എന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. ഞങ്ങൾക്ക് രണ്ടു പേർക്കും ഒരുമിച്ചാണ് ലീവ് അനുവദിച്ചിരിക്കുന്നത്. ഇത് ഒരു അത്ഭുതം തന്നെയാണ്. അറബി ഒരിക്കലും രണ്ടു പേരെ ഒരുമിച്ച് നാട്ടിൽ വിടാറില്ലായിരുന്നു…
“യാ..ഹ്മാർ..യേശ് ഫ്ക്കറിന്ത… ”
ഏയ് കഴുതെ നീയെന്താണ് ചിന്തിക്കുന്നത്.
ഹാശിം സ്നേഹത്തിലും,ദേഷ്യത്തിലും ‘കഴുത’ എന്ന പ്രയോഗം ഉപയോഗിക്കും ഉച്ചാരണത്തിന്റെ ശൈലിയിൽ മാറ്റമുണ്ടാകുമെന്ന് മാത്രം.
ഹാശിമിന്റെ പിക്കപ്പ് വാഹനം കട..കട.. ശബ്ദത്തോടെ നസീമിൽ എത്തിയിരിക്കുന്നു. അപ്പോഴേക്കും രവി എന്നെ കാത്തിരിപ്പുണ്ടായിരുന്നു.
വാഹനം നിർത്തി ഞങ്ങൾ സാധനങ്ങളെല്ലാം ഇറക്കിയപ്പോൾ ഹാശിം ഉറപ്പുതന്നു;
സപ്തംബർ 1-ാം തീയ്യതിയിലേക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് റെഡിയാക്കാം എന്ന്.
ഹാശിം തിരിച്ചു പോയപ്പോൾ രവി പറഞ്ഞു.
” ടിക്കറ്റും,പാസ്പോട്ടും കൈശം കിട്ട്യാലെ സമാധാനാവൂലൂ… ഇതിപ്പം പറഞ്ഞ്, പറഞ്ഞ് ഓണം കൈയ്യോമ്മോ പ്പാ…”
അതെ, സൗദി നിയമപ്രകാരം പ്രവാസ തൊഴിലാളികളുടെ പാസ്പോർട്ട് സ്പോൺസറായ അറബിയുടെ കൈയ്യിലായിരിക്കും; തിരിച്ച് പോകുമ്പോൾ മാത്രമെ നമുക്ക് തരികയുള്ളൂ….
” ഒന്നാന്തി പോയാ, ഉത്രാടത്തിന്റെ തലേന്ന് വീട്ട്ലെത്താം…അന്ന് പോകാൻ പറ്റ്വാരിക്കും….”
ഞാൻ രവിയെ സമാധാനപ്പെടുത്തി.
അടുത്ത ദിവസം തന്നെ ടിക്കറ്റ് റെഡിയായെന്ന വിവരം ലഭിച്ചുവെങ്കിലും ഞങ്ങളുടെ കൈയ്യിൽ കിട്ടിയില്ല. ടിക്കറ്റും പാസ്പോർട്ടും കൈയ്യിൽ കിട്ടാൻ ആഗസ്ത് 31ാം തീയതി വരെ കാത്തിരിക്കേണ്ടി വന്നു…
ഷാരഹംസയിലുള്ള ഓഫീസിൽ പോയി അനേകം പേപ്പറുകളിൽ ഒപ്പിടുവിച്ച ശേഷം മാത്രമാണ് ആഗസ്ത് മാസത്തെ ശംബളവും,ടിക്കറ്റും,പാസ്പോർട്ടും ഞങ്ങൾക്ക് കിട്ടിയത്…
ബോംബ ഇന്റർനാഷണൽ വിമാനത്താവളത്തിലേക്കും, അതു കഴിഞ്ഞാൽ അവിടെ നിന്നും ബോംബെ ജുഹു വിമാനത്താവളത്തിലേക്ക് പോയി മറ്റൊരു ചെറിയ ഫ്ലൈറ്റിൽ മംഗലാപുരം ബാജ്പേ വിമാനത്താവളത്തിലിറങ്ങണം.
കസ്റ്റംസ് പരിശോധന ബോംബെ ഇന്റർനാഷണൽ വിമാനത്താവളത്തിൽ വച്ചാണ്.
സപ്തംബർ 1 ന് വൈകുന്നേരം എയർ ഇന്ത്യയുടെ ഫ്ലൈറ്റിൽ ഞാനും,രവിയും റിയാദ് ഇന്റർനാഷണൽ എയർ പോട്ടിൽ നിന്നും ബോംബെയിലേക്ക് കയറി…
ആകാശനീലിമയിലേക്ക് കുതിച്ചുയന്ന വിമാനത്തിന്റെ വിന്റോയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ പ്രവാസത്തിന്റെ കാഴ്ചകൾ ചെറുതായി..ചെറുതായി മാഞ്ഞു പോകുകയായിരുന്നു….
![]()
