തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിയിട്ടില്ലെന്നും കമ്മീഷൻ മുമ്പാകെ മൊഴി നൽകിയവർ പരാതി നൽകിയാൽ എത്ര ഉന്നതരായാലും നടപടിയുണ്ടാവുമെന്നു മുഖ്യ മന്ത്രി പിണറായി വിജയൻ.വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ കത്ത് നൽകിയിട്ടുണ്ടെന്നും സ്ത്രീകളുടെ വെളിപ്പെടുത്തൽ അടങ്ങുന്ന അതീവ രഹസ്യാത്മക റിപ്പോർട്ടെന്ന് കത്തിൽ ആവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന് ഇക്കാര്യത്തിൽ ഒറ്റ നയമാണുള്ളത്. ഒരു തരത്തിലും റിപ്പോർട്ട് പുറത്ത് വരുന്നതിന് സർക്കാർ എതിരല്ല. സാക്ഷികളുടെ വിശ്വാസം പൂർണ്ണമായും സംരക്ഷിക്കണമെന്ന് റിപ്പോർട്ട് എടുത്ത് പറയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിനിമാ മേഖലയാകെ മോശമെന്ന അഭിപ്രായം സർക്കാരിനില്ല.മദ്യവും മയക്കുമരുന്നും അടക്കം ലഹരി ഉപയോഗം തടയാനും, ലൈംഗികാതിക്രമവും തടയാൻ ഇപ്പോൾ തന്നെ സംവിധാനങ്ങളുണ്ട്. ഉണ്ടാകാൻ പാടില്ലാത്ത അപജയങ്ങൾ സിനിമാ മേഖലയിൽ ഉണ്ട്, അതിന് പരിഹാരം വേണം. അതിന് തന്നെയാണ് കമ്മീഷനെ വെച്ചത്.
സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഉയർന്ന ഗൗരവകരമായ പ്രശ്നങ്ങളുടെ തുടർച്ചയായിട്ടായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട്. ഹേമ കമ്മിറ്റി ശുപാർശ അതീവ പ്രാധാന്യത്തോടെ പരിഗണിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ശുപാർശ നടപ്പാക്കുന്നതിന് പൊതു മാർഗ്ഗ രേഖ കൊണ്ട് വരാൻ സർക്കാരിന് അവകാശമുണ്ടോ എന്നും പരിഗണിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.സിനിമാ സീരിയൽ രംഗത്തെ ചൂഷണം തടയാൻ ട്രൈബ്യൂണൽ രൂപീകരിക്കണമെന്ന് നിർദ്ദേശം ഉണ്ട്.വിപുലമായ ചർച്ച നടത്തി സിനിമാ നയം രൂപീകരിക്കും. അതിനായി കോൺക്ലേവ് അടക്കം അഭിപ്രായ രൂപീകരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
![]()
