അള്ളാഹുവിന്റെ അതിഥിയായി ഹജ്ജിനെത്തിയ ഹാജി മാർക്ക് മുസ്ദലിഫ ഒരു അനുഭവമാണ്. കുടിലിലും കൊട്ടാരത്തിലും കരയിലും കടലിലും ഭൂമിയിലും ആകാശത്തിലും കഴിഞ്ഞവരൊക്കെ ഒരു പ്രദേശത്ത് സമന്മാരായി ഒരു രാത്രി കഴിഞ്ഞ് കൂടുന്നിടം കൂടിയാണ് മുസ്ദലിഫ ഹജ്ജിന്റെ മുന്നൊരിക്കത്തിന് മിനയിൽ തങ്ങി അവിടന്ന് മഹാ സംഗമമായ അറഫയിൽ എത്തി അറഫ സംഗമം കഴിഞ്ഞ് അസ്തമയത്തോടെ നടന്ന് തുടങ്ങുക മുസ്ദലിഫ ലക്ഷ്യമാക്കിയാകും. ആ രാത്രി മുഴുവൻ മുസ്ദലിഫയുടെ ഏതെങ്കിലും ഒരു ഭാഗത്ത് പാറപ്പുറത്തും മണ്ണിലും തല ചായ്ച്ച് വിശ്വാസികൾ കഴിഞ്ഞ് കൂടും.
അറഫയുടെ ഹജ്ജിന്റെ ത്യാഗസ്മരണകളെ അയവിറക്കി സൂര്യൻ ഉദിച്ചുയരുവോളം അവർ പ്രാർത്ഥനയിലും വിശ്രമത്തിലും അവിടെയാകും. ഹജ്ജ് ത്യാഗമാണെന്ന പ്രവാചക വചനം സത്യമായി പുലരുന്നതാണ് മുസ്ദലിഫയിലെ കാഴ്ചകൾ.
അറഫക്കും മിനക്കും ഇടയിൽ നാല് കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ച് കിടക്കുന്ന പ്രദേശമാണ് മുസ്ദലിഫ. ‘അടുത്തു’ എന്നർത്ഥം വരുന്ന ഇസ് ദലഫ എന്ന പദത്തിൽ നിന്നാണ് മുസ്ദലിഫ എന്ന പേരിന്റെ അടിസ്ഥാനം. പ്രവാചകൻ മുഹമ്മദ് നബി ഹജ്ജ് കർമ്മം നിർവ്വഹിച്ചു വിശ്രമിച്ച ഈ പ്രദേശത്ത് മശ്അറുൽ ഹറാം എന്നൊരു പള്ളി ഇപ്പോൾ സ്ഥിതി ചെയ്യുന്നു. വിശുദ്ധ ഖുർആൻ ഈ പ്രദേശത്തെ കുറിച്ച് പറഞ്ഞതായി നമ്മുക്ക് കാണാൻ കഴിയും. മുസ്ദലിഫയിൽ നിന്ന് ഹാജിന്മാർ മിനയിലേക്ക് പോവുകയും അവിടെ മൂന്ന് ദിവസം കഴിച്ച് കൂട്ടുകയും ഈ ദിവസങ്ങളിൽ പൈശാചിക പ്രതീകങ്ങളായ ജംറകളിൽ കല്ലേറ് നടത്തുകയും ചെയ്യുന്നു. ഇങ്ങനെ നിരവധി ഇടങ്ങളും ത്യാഗ നിർഭരമായ അനുഭവങ്ങളും ഹൃദയത്തിൽ സൂക്ഷിച്ചാണ് ഓരോ ഹാജിയും മക്കയിൽ നിന്ന് വിടവാങ്ങുന്നത്.
![]()
