റിയാദ് : റിയാദിലെ മുൻ പ്രവാസികൾ നാളെ കോഴിക്കോട് ഒത്തുകൂടുന്നു. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ളവരുടെ സമാഗമം ചരിത്രമാകാൻ ഇനി ഒരു ദിവസം ബാക്കി
.എൺപതുകൾ മുതൽ ഈ കഴിഞ്ഞ മാസം വരെ റിയാദിലും പരിസര പ്രദേശങ്ങളിലും ജോലി ചെയ്യുകയും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്ത് നിറ സാനിധ്യവുമായവർ അടക്കം ഒത്തുകൂടാൻ കാരണമായത് റിയാദ് നൊസ്റ്റാൾജിയ എന്ന വാട്സാപ്പ് ഗ്രൂപ്പാണ്. ഈ വാട്സ്ആപ് ഗ്രൂപ്പിലെ അംഗമായ മെഹബൂബ് ബുഹാരി ഇന്നലെ റിയാദിലെ തന്റെ ഗൃഹതുരത്വമുണർത്തുന്ന ജീവിതം ഏവർക്കും ഓർമ്മകൾ ഉണർത്തുന്ന തരത്തിൽ തന്റെ ഫേസ് ബുക്ക് പേജിൽ കുറിച്ചപ്പോൾ വായനക്കാരെ അവരറിയാതെ റിയാദിൽ എത്തിക്കുകയായിരുന്നു.സ്നേഹത്തണലുകളും പ്രവാസത്തിന്റെ സൗഹൃദ തെരുവായ ബത്ഹയും ഒക്കെ നിറഞ്ഞ് നിന്നൊരെഴുത്തിന്റെ പൂർണ്ണ രൂപം ഇവിടെ
ഒരു വട്ടം കൂടി…
23 കൊല്ലം (1991-2013) ജീവിച്ച് ആർമാദിച്ച ഒരു നാട്…
ജീവിതത്തിനും ഓർമ്മകൾക്കും നിറം പകർന്ന, ഒരുപാട് കാര്യങ്ങളിൽ പക്വത ആർജിച്ച…
യൗവ്വനത്തിന്റെ തുടക്കവും ഒടുക്കവും ചിലവഴിച്ച നാട്…
വിദ്യാഭ്യാസമൊക്കെ കഴിഞ്ഞ് ബാക്കി ഇതുവരെ കിട്ടിയ ജീവിതത്തിൽ 23 വർഷം…
2013-ൽ അവിടന്ന് പോന്നതിൽ പിന്നെ എന്നും മനസ്സിൽ തോന്നുന്ന ഒരു തോന്നൽ ആണ് മുകളിൽ കുറിച്ചത്.
ഒരു വട്ടം കൂടി…
അവിടെ നിന്ന കാലത്ത് നാട്ടിലേക്ക് പോകാൻ എങ്ങനെ മനം തുടിച്ചിരുന്നോ അതുപോലെ… 😊
എന്തായിരിക്കാം മറ്റ് ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ വരണ്ടതും വിരസവുമായ ജീവിത ക്രമം (വിദേശ തൊഴിലാളികൾക്ക്) ഉള്ള ആ രാജ്യം ഇത്രയേറെ പ്രിയപ്പെട്ടതായി മാറാൻ കാരണം? ഒരു പക്ഷേ, മുകളിൽ പറഞ്ഞ കാരണങ്ങൾ തന്നെയാവും. ഞാൻ മറ്റ് ഗൾഫ് രാജ്യങ്ങളൊന്നും കണ്ടിട്ടുമില്ല. മറ്റൊന്ന്, അക്കാലത്ത് ‘അനാമത്ത്’ ചിലവുകൾക്ക് ഇടമില്ലായിരുന്നല്ലോ സൗദിയിൽ. അതുകൊണ്ട് തന്നെ “നയിക്കണ കായ്” (മലപ്പുറം സ്വാധീനം😄) കീശയിൽ കിടക്കും😊. നമ്മള് പോരാൻ കാത്തിരുന്ന പോലെയാണ് അവിടെ പിന്നീട് മാറ്റങ്ങൾ വന്നത് 😞 എന്നിട്ടും ‘ഉള്ളത് കൊണ്ട് ഓണം പോലെ’ എന്ന മട്ടിൽ ഞങ്ങൾ ആർമാദിച്ചു 😄.
ഗൾഫ് യുദ്ധാനന്തരം 1991 മാർച്ചിൽ ആണ് റിയാദിൽ എത്തുന്നത്. നാട്ടിൽ നിന്നും പോന്ന് ഡൽഹി, ബോംബെ ജീവിതത്തിന് ശേഷം ആണ് ഗൾഫ് യാത്ര എന്നതിനാൽ വലിയ വിരഹ ദുഃഖം ഒന്നും നമ്മളെ അലട്ടിയില്ല. അന്ന് സന്ദർശിച്ച പരിചയക്കാരുടെ റൂമുകളിൽ ഒക്കെ യുദ്ധ കാലത്തെ വിവരണം തന്നെയായിരുന്നു പ്രധാന വിഷയം. പട്ടാള ക്യാമ്പുകളിലെ പോലെ നവാഗതരായ ഞങ്ങളെ വരവേറ്റത് seniors ന്റെ യുദ്ധകാല വീരകഥകളായിരുന്നു. സദ്ദാം ഇടും എന്ന് പറഞ്ഞ രാസായുധത്തെ പ്രതിരോധിക്കാൻ കമ്പനികൾ തൊഴിലാളികൾക്ക് നൽകിയ mask ന്റെ ഉപയോഗം, ചിലർ ഫ്ലൈറ്റിനകത്ത് air hostess ചെയ്യുന്ന പോലെ full demonstration തന്നെ നടത്തി കാണിച്ചു. മറ്റൊന്ന്, ഒരുപക്ഷെ ഇന്നും കേൾക്കാൻ കഴിയുന്ന *”സൗദിയിലെ കാലമൊക്കെ കഴിഞ്ഞു, ഇനി ഇവിടെ രക്ഷയില്ല”* എന്ന പഴയ പല്ലവി ആയിരുന്നു. എന്നിട്ടും ഞാനൊക്കെ 23 വർഷം അവിടെ ചിലവഴിച്ചു. കുറേക്കാലം കഴിഞ്ഞ് അവിടെ വന്ന ആളുകളോട് അതേ പല്ലവി ഞങ്ങളും ആവർത്തിച്ചു😄.
ആദ്യം ഞെട്ടിയത് അവിടത്തെ ഭക്ഷണം കണ്ടിട്ടായിരുന്നു. ആദ്യ ദിവസം തന്നെ എത്തിപ്പെട്ട നാട്ടുകാരന്റെ മുറിയിൽ വെച്ചാണ് പിന്നീട് ‘ഖൽബിന്റെ കഷ്ണ’മായി മാറിയ ‘കബ്സ’യെ പരിചയപ്പെടുന്നത്. നാട്ടിലെ അമ്മമാരുടെ ഭാഷയിൽ പറഞ്ഞാൽ “ഒരു കോഴി വെറുതെ *ഹലാക്കാക്കി”യ*, ഇന്ന് നാട്ടിൽ സുപരിചിതയായ കബ്സ. പടച്ചോനേ… ഈ എരിവും പുളീം ഇല്ലാത്ത വേവിച്ച കോഴി എങ്ങനെ തിന്നും എന്ന ബേജാറ് വയറിന്റെ കാളലിന് വഴിമാറി. പട്ടിണി കിടന്ന് മരിച്ചാലും വേണ്ടില്ല ഇനി ഈ സാധനം കൈകൊണ്ട് തൊടില്ല എന്ന് ഉഗ്രശപഥം ചെയ്തവന് ഇന്നും ഏറെ miss ചെയ്യുന്നത് ചൂട് പറക്കുന്ന അഫ്ഗാനി കബ്സയാണ് 😊
അടുത്ത കടമ്പ ഭാഷയായിരുന്നു. മോൻ ‘മുപ്പത് ജൂസും’ ഓതി തികഞ്ഞതിന് ഓതുപള്ളിയിൽ ‘ചീർണി’ കൊടുത്ത കഥ ഉമ്മ നാട്ടുകാരോടൊക്കെ വീമ്പ് പറയുന്നത് കേട്ടിട്ടുണ്ട് എന്നല്ലാതെ, സത്യമായിട്ടും മറ്റ് യാതൊരു ബന്ധവും എനിക്ക് അറബിയുമായി ഇല്ലായിരുന്നു 😞 അന്ന് ഇവിടെയൊക്കെ ഖുർആൻ മനപാഠം ആക്കുക എന്നല്ലാതെ ഭാഷ പഠിപ്പിക്കൽ കുറവായിരുന്നു എന്ന് തോന്നുന്നു. എന്തായാലും ‘ഓതിക്കണ താത്ത’യുടെ പരിശ്രമം ഒന്നും ഇവിടെ ഉപകാരപ്പെട്ടില്ല. പിന്നീട് job orientation ന്റെ ഭാഗമായി കമ്പനിയിൽ നിന്നും ലഭിച്ച training ലൂടെ അറബി എഴുതാനും വായിക്കാനും Arabic typewriting അടക്കം പഠിച്ചെടുത്തു. കുറച്ചു കാലത്തെ കേരളം വിട്ടുള്ള ജീവിതം കൊണ്ട് ഹിന്ദിയും തമിഴും ഒക്കെ അത്യാവശ്യം വശമുണ്ടായിരുന്നതിനാൽ ആദ്യകാലത്ത് ജോലിസ്ഥലത്ത് വലിയ കുഴപ്പമില്ലാതെ കഴിഞ്ഞു കൂടി. ബത്തയിലെ NCB യുടെ (അൻസാർ ഫിഷറീസിന്റെ സൈഡിൽ) മുന്നിൽ പിക്കപ്പിൽ ആളെ കയറ്റാൻ “നസീം… നസീം” എന്ന് വിളിച്ചു കൂവുന്ന അറബിയുടെ മുന്നിൽ പോയി നിന്ന് തല കുലുക്കികൊണ്ട് “yes… മുസ്ലിം മുസ്ലിം” എന്ന് പറയുന്ന അത്ര പൊട്ടത്തരം ഒന്നും കാട്ടിയില്ല 😄. ‘മുസ്ലിം മുസ്ലിം’ എന്നാണ് വിളിക്കുന്നത് എന്ന് കരുതി, അയാളെന്തോ വഴിയേ പോകുന്ന മുസ്ലിമിന്റെ കണക്കെടുക്കുകയാണെന്ന് കരുതിയ, ഞങ്ങളുടെ ഒരു സുഹൃത്തിന്റെ അനുജന് പറ്റിയ അമളിയാണ്.
യുദ്ധം ഉണ്ടാക്കിയ ചില നയതന്ത്ര പ്രശ്നങ്ങളാൽ യെമനികളൊക്കെ നാട് വിട്ടത് കാരണം ഏറെക്കുറെ വിജനമായ ഒരു അവസ്ഥയായിരുന്നു ഞാൻ ആദ്യം എത്തിപ്പെട്ട old sanaiyah മേഖല. ഞങ്ങളുടെ കെട്ടിടത്തിൽ തന്നെ താഴെ രണ്ട് അപാർട്മെന്റിൽ ഒന്നിൽ പാകിസ്ഥാനികളും മറ്റൊന്നിൽ അതേ കെട്ടിടത്തിൽ തയ്യൽ കടയിൽ ജോലി ചെയ്തിരുന്ന രണ്ട് ഉത്തരേന്ത്യക്കാരും രണ്ട് മലയാളികളും ആയിരുന്നു. ഞങ്ങളുടെ കമ്പനിയുടെ രണ്ട് അപാർട്മെന്റിൽ ഒന്നിൽ ആണ് എനിക്കും കൂടെ ഉണ്ടായിരുന്ന ഫിലിപിനോക്കും റൂം കിട്ടിയത്. ബാക്കി അപാർട്മെന്റുകൾ എല്ലാം കാലിയായിരുന്നു. പിന്നീട് യുദ്ധാനന്തരം ഉടലെടുത്ത ഹുസ്നി – സൗദി ചങ്ങാത്തതിന്റെ ഭാഗമായി കുറേ നാളത്തേക്ക് Egypt കാരുടെ ഒരു തള്ളിക്കയറ്റം ആയിരുന്നല്ലോ.
അന്ന് നാട്ടിലെ വിവരങ്ങൾ അറിയാനുള്ള ഏക മാർഗ്ഗം മൂന്ന് – നാല് ദിവസങ്ങൾ കഴിഞ്ഞ് എത്തിയിരുന്ന പത്രങ്ങൾ ആയിരുന്നു. ഒരിക്കൽ, ഒരു സുഹൃത്തിന്റെ പിതാവ് നാട്ടിൽ മരണപ്പെട്ടത് മൂന്ന് ദിവസം കഴിഞ്ഞ് നാട്ടിലേക്ക് ഫോൺ ചെയ്ത മറ്റൊരു സുഹൃത്ത് അവന്റെ വീട്ടുകാർ പറഞ്ഞ് അറിഞ്ഞു. പിതാവ് മരണപ്പെട്ട വിവരം വീട്ടുകാർ മകനെ അറിയിച്ചിട്ടില്ലായിരുന്നു. ഇത്ര ദിവസം ആയ സ്ഥിതിക്ക് ഇനിയെങ്കിലും അവനെ അറിയിക്കണമല്ലോ, അതിന് അവന്റെ റൂമിലേക്ക് പോകുന്നതിന് മുൻപ് അവൻ സ്ഥിരമായി പത്രം എടുത്തിരുന്ന ഷാരാ റെയിലിലെ ‘യെമനി മുഹമ്മദ് ‘ക്കാന്റെ കടയിൽ പോയി നോക്കാം എന്ന് കരുതി (അന്ന് ആ ബക്കാല ഇരുന്ന കെട്ടിടമൊക്കെ പൊളിച്ചാണ് പിന്നീട് Riyadh Bank ഉള്ള കെട്ടിടം വന്നത്). SHOLA മാർക്കറ്റിൽ നിന്നും ജോലി കഴിഞ്ഞ് ബത്തയിൽ നിന്ന് സാധനങ്ങൾ വാങ്ങി പത്രമൊക്കെ എടുത്താണ് Faisaliyah യിലെ റൂമിലേക്ക് അവൻ പോകാറ്. കടയിൽ ചെന്നപ്പോളാണ് അറിയുന്നത്, ഞങ്ങൾ എത്തുന്നതിന് തൊട്ടുമുൻപ് അവൻ എത്തി അന്ന് വന്ന പത്രത്തിൽ നിന്നും തന്റെ ബാപ്പയുടെ മരണവാർത്ത അറിഞ്ഞു റൂമിലേക്ക് പോയെന്ന്. പണ്ട് മനോരമ ആഴ്ചപ്പതിപ്പ് ആളുകൾ വായിച്ചു തുടങ്ങുന്നത് പിന്നിൽ നിന്നും ആണെന്ന് പറയുന്നത് പോലെ ഗൾഫിൽ ഞങ്ങളൊക്കെ പത്രം വായിച്ചു തുടങ്ങുന്നത് ചരമ കോളം ഉള്ള പേജിൽ നിന്നായിരുന്നു.
ടെലിഫോൺ സൗകര്യം നാട്ടിൽ എല്ലാ വീടുകളിലും ഇല്ല (സാധാരണക്കാരന്റെ വീടുകളിൽ). എന്തെങ്കിലും വിവരം അറിയാനോ / അറിയിക്കാനോ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള വിളികളും ഇല്ല. ബത്തയിൽ Khazan street ലേക്ക് പോയാൽ അവിടെ ‘ഫൂത്ത’ (Al Foutah park) എന്ന സ്ഥലത്ത് ministry നേരിട്ട് നടത്തിയിരുന്ന കാബിനുകൾ ഉണ്ടായിരുന്നു. ഇഖാമ കൊടുത്ത് പേര് വിളിക്കുന്ന മുറക്ക് കാബിനിൽ കയറി വിളിക്കാം. *ഹൗ! ആ പേര് വിളി കേൾക്കാൻ തന്നെ ഒരു ഇമ്പമായിരുന്നു* 😜 *പ്രത്യേകിച്ച് വീട്ടുപേര് ഒക്കെ കൂട്ടിയുള്ള മലയാളി പേരുകൾ* 😄. പിന്നെ ചില പ്രധാന സ്ഥലങ്ങളിൽ coin booth കളും ഉണ്ടായിരുന്നു. അന്ന് മിനിറ്റിന് 18 രൂപ ആയിരുന്നു എന്നാണ് ഓർമ്മ, രാത്രി 12 മുതൽ വെളുപ്പിന് 6 വരെ 12 രൂപ. ഒരു അൻപത് രൂപയുടെ കോയിൻ ഉണ്ടെങ്കിൽ സംഗതി കുശാൽ… പ്രധാന കാര്യങ്ങൾ കടലാസിൽ കുറിച്ച് കൊണ്ട് പോകും. ഓർത്ത് പറയലിനൊക്കെ വലിയ വില കൊടുക്കേണ്ടി വരും. സുബഹിക്ക് മുൻപ് എണീറ്റ് കോയിനും തൂക്കിപ്പിടിച്ച് ഒരു പോക്കാണ്. ചില സമയങ്ങളിൽ ലൈൻ ക്ലിയർ അല്ലെങ്കിൽ പറയുന്നത് വ്യക്തമാകില്ല. അപ്പോഴും പാകിസ്ഥാനികൾ അവരുടെ പഞ്ചാബി ശൈലിയിൽ “ജീ… സ്ലാമലയ്ക്കും ജീ” എന്ന് ഒന്ന് രണ്ട് തവണ പറഞ്ഞു കാശ് ങ്ങനെ ശ്റ്… റ്… ന്ന് പോണത് കണ്ട് ചിരിക്കും. അക്കാലത്ത് പിടിച്ചുപറിക്കാർ കുറവായിരുന്നു. അതുകൊണ്ട് തന്നെ അതിരാവിലെയൊക്കെ പേടികൂടാതെ ഇറങ്ങിനടക്കാമായിരുന്നു. കുറച്ചു നാൾ കഴിഞ്ഞ് സ്വകാര്യ കോയിൻ ബൂത്തുകൾ വ്യാപകമായി. ബഖാലകളോട് ചേർന്നൊക്കെ കോയിൻ ഫോണുകൾ വന്നു. പിന്നീട് coin മാറി prepaid card booth കൾ വന്നു. സ്വകാര്യ ബൂത്തുകൾ വന്നു. അവസാനം മൊബൈലിന്റെ വരവോട് കൂടി ആ ക്ലേശങ്ങൾക്കും കാലത്തിനും തിരശ്ശീല വീണു.
മറ്റൊന്ന് കത്തെഴുത്ത് ആയിരുന്നു. ഒരായിരം വികാരവിചാരങ്ങളെ ആറ്റിക്കുറുക്കി അക്ഷരങ്ങളാക്കി പകർത്തിയിരുന്ന ഒരു കാലം. മിന്നൽ വേഗത്തിൽ ടൈപ്പ് ചെയ്ത് ശരവേഗത്തിൽ തൊടുത്തു വിടുന്ന സന്ദേശങ്ങൾക്ക് ഞൊടിയിടയിൽ മറുപടി ലഭിക്കുന്ന മൈബൈൽ കാലത്ത് ഇരുന്ന് ആലോചിക്കുമ്പോൾ എത്ര രസകരമായിരുന്നു ആ നീണ്ട കാത്തിരിപ്പിന്റെ മറുപടിക്കാലം. ഗൾഫ് കത്തെഴുത്തിന്റെ വികാര തീവ്രത നമ്മളെ അനുഭവിപ്പിച്ച എസ്. എ. ജമീലിന്റെ കത്ത് പാട്ടുകൾ, നമുക്കൊക്കെ സുപരിചിതമായ, 1986ൽ ഇറങ്ങിയ ‘നാം’ എന്ന സിനിമയിലെ ആനന്ദ് ബക്ഷിയുടെ “ചിട്ടി ആയി ഹേ” എന്ന ഗസലും ഒക്കെ ഒരു ഗൾഫ് കത്തെഴുത്തിന്റെ സുവർണ്ണ ചരിത്രം ഓർമ്മിപ്പിക്കുന്നു.
‘ബത്ഹ’യോടുള്ള അഭിനിവേശം തുടങ്ങുന്നത് ഏറെക്കഴിഞ്ഞാണ്. ആദ്യകാലത്ത് വാരാന്ത്യങ്ങളിൽ മാത്രം ആയിരുന്നു ബത്ത (മേൽത്തരം മലയാളികളിൽ ‘ചിലർ’ സങ്കടമുക്ക്, ലുങ്കി ഗലി എന്നൊക്കെ സ്വൽപ്പം പരിഹാസ രൂപേണ വിളിച്ചിരുന്ന) സന്ദർശനം. മിക്കവാറും ഏതെങ്കിലും സുഹൃത്തുക്കളുടെ റൂമിൽ വ്യാഴാഴ്ച വന്ന് തങ്ങി വെള്ളിയാഴ്ച വൈകിട്ട് ബത്തയിലേക്ക് ഇറങ്ങും. കുറേ നേരം നാട്ടുകാരെയൊക്കെ (പശ്ചിമകൊച്ചി) കണ്ട് നാട്ട് വിശേഷങ്ങൾ ഒക്കെ കേട്ട് അങ്ങനെ നിൽക്കും. ബോറടിക്കുമ്പോൾ ഇടക്ക് രണ്ട് നേരം ചെറുതായി ഒന്ന് ഓടും, അസറിനും മഗ്രിബിനും (ഏയ്… മുത്തവയെ പേടിച്ചിട്ടൊന്നും അല്ല😜) സൗദി വാസത്തിനിടക്ക് ഒരിക്കൽ പോലും മുത്തവ ഓഫീസിൽ കയറേണ്ടി വന്നിട്ടില്ല – അജ്ജാതി ഓട്ടമായിരുന്നു അവരെ കാണുമ്പോൾ😜. പിന്നീട് ബത്തയിൽ തന്നെ മറ്റ് പ്രദേശത്തുകാരും ജില്ലക്കാരും ഒക്കെയായി സൗഹൃദങ്ങളുടെ ആഴവും പരപ്പും വർധിച്ച മുറക്ക് ബത്ത സന്ദർശനങ്ങളുടെ എണ്ണവും വർധിച്ചു. ജോലി കഴിഞ്ഞാൽ നേരെ ബത്ത ആയി ശീലം. City Restaurant ൽ നിന്നും ഒരു ചായയും കുടിച്ച് ഗല്ലിയുടെ മുന്നിൽ തന്നെയുള്ള Al Rajhi exchange ന്റെ മുന്നിലെ പടവുകളിലോ അല്ലെങ്കിൽ ആ ‘രണ്ട് വഴിമുടക്കി കല്ലുകളിൽ’ ഒന്നിന്റെ മുകളിലോ ഒരേ ഇരിപ്പാണ്. ഞങ്ങൾ കുറേപ്പേർ ഉണ്ടാവും. പതിയെപ്പതിയെ രാത്രി ഭക്ഷണമൊക്കെ City യിലോ മറ്റോ ഒക്കെ ആയി. സ്ഥിരം ‘പൊറോട്ടയിൽ പെയിന്റ് അടി’ക്കുന്നവരോട് City യിലെ ‘സലാംക്ക’ അവർ വെക്കേഷന് പോകുന്ന സമയത്ത് പറയുന്ന ഒരു തമാശയുണ്ട്. “വീട്ടിൽ ഉമ്മ കറി കൊണ്ട് വരുമ്പോൾ എനിക്ക് ഇതൊന്നും വേണ്ട ‘പെയിന്റ് ‘ മതി എന്ന് പറയരുത് ട്ടോ” ന്ന്. തൊഴിൽ രഹിതർക്കും അത്യാവശ്യ കാര്യങ്ങൾക്ക് ബത്തയിൽ വരുന്ന തുച്ഛവരുമാനക്കാർക്കും ഒക്കെ ബോംബെയിലെ ‘വടാ പാവ്’ പോലെ ഒരു economy meal ആയിരുന്നു ആ പൊറോട്ടയും പെയിന്റും. ഒരുപാട് പേർക്ക് അവിടത്തെ വിരസമായ ജീവിത ശൈലിയിൽ ഒരു ആശ്വാസവും അത്താണിയും ആയിരുന്നു ബത്ത എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. നാട്ടിലെ/കുടുംബത്തിലെ എന്തെങ്കിലും ദുഃഖ വാർത്ത അറിഞ്ഞ് വല്ലാണ്ട് ബേജാറായിപ്പോകുന്ന അവസ്ഥയിൽ പോലും അവിടെ ഒന്ന് പോയി കുറച്ച് നേരം ചിലവഴിച്ചാൽ “നമുക്ക് വേണ്ടപ്പെട്ട ആരൊക്കെയോ” ഒരായിരം കൈകൾ കൊണ്ട് നമ്മളെ തഴുകി തലോടി ആശ്വസിപ്പിച്ച തോന്നലാണ്. “നീ എന്തിനാണ് ജോലി കഴിഞ്ഞ് നേരെ ബത്തയിലേക്ക് ഓടുന്നതെന്ന്” സഹപ്രവർത്തകരും സുഹൃത്തുക്കളും ആയിട്ടുള്ള പലരും എന്നോട് ചോദിക്കുമായിരുന്നു. 😍*അടുത്ത ദിവസത്തേക്ക് ജീവിക്കാനുള്ള ഊർജ്ജം ഞാൻ സംഭരിച്ചിരുന്നത് അവിടത്തെ ആ ഒത്തുചേരലുകളിൽ നിന്നായിരുന്നു*😍.
പിന്നീട് കേളിയുടെ ഭാഗമായപ്പോഴും പ്രവർത്തനം ബത്ത കേന്ദ്രീകരിച്ചു തന്നെയായിരുന്നു. KMCC – OICC – KELI പോലെ ഒരുപാട് രാഷ്ട്രീയ – സാംസ്കാരിക കൂട്ടായ്മകളുടെ ഇടപെടലുകൾ മലയാളി സമൂഹത്തിന് പല അവസരങ്ങളിലും വളരെ സഹായകമായി. അവർക്കിടയിൽ ഉടലെടുത്ത ആരോഗ്യകരമായ മത്സരം അവിടുള്ള സാധാരണക്കാർക്ക് കൂടി ഉപകാരപ്രദമായി. ആദ്യ കാലത്ത് creamy layer വിഭാഗത്തിനിടയിൽ മാത്രം ഒതുങ്ങി നിന്ന കലാ-സാംസ്കാരിക സദസ്സുകൾ പതിയെ സാധാരണക്കാരനും പ്രാപ്യമായി തുടങ്ങി. അന്നത്തെ പരിചയക്കാരെയും പ്രിയപ്പെട്ടവരെയുമൊക്കെ ഒരു വട്ടം കൂടി കാണാനും പരിചയം പുതുക്കാനും ഉള്ള ഒരവസരം കുറെ സുമനസ്സുകൾ ചേർന്ന് ഒരുക്കുകയാണ് ഈ വരുന്ന ഓഗസ്റ്റ് 17 ന് കോഴിക്കോട്. അതറിഞ്ഞപ്പോൾ മനസ്സിലൂടെ ഓർമ്മകളുടെ മലവെള്ളപ്പാച്ചിൽ ആയിരുന്നു…
സൗദിയിലേക്ക് ഇനിയൊരു യാത്രയൊന്നും ജീവിതത്തിൽ ഉണ്ടാകില്ലല്ലോ…
“ഓര്മിക്കുവാന് ഞാന് നിനക്കെന്തു നല്കണം
ഓര്മിക്കണം എന്ന വാക്കു മാത്രം
എന്നെങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും
കണ്ടു മുട്ടാം എന്ന വാക്കു മാത്രം” എന്ന് ചൊല്ലി പിരിഞ്ഞവർക്കിടയിലേക്ക് വീണ്ടും ഒരു യാത്ര…
കോഴിക്കോട് പോണം…
എല്ലാവരെയും ഒന്ന് കൂടെ കാണണം…
-മെഹബൂബ് ബുഹാരി-
https://www.facebook.com/share/p/UvSP3mUJvfLgtAtE/?mibextid=xfxF2i
![]()
