കല്പറ്റ: വയനാട് ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നാശ നഷ്ടങ്ങളുടെ വിശദമായ മെമ്മോറണ്ടം കേരളത്തോടെ ആവശ്യപ്പെട്ടിട്ടുണ്ട്. വയനാടിന്റെ പുനര്‍നിര്‍മാണത്തിന് സമഗ്ര പദ്ധതി സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. എത്ര വീടുകൾ തകർന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയിൽ ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങി കാര്യങ്ങൾ ഉൾപ്പെടെയുള്ള വിശദമായ കണക്കുകൾ ഉൾപ്പെട്ട മെമ്മോറാണ്ടമാണ് സമർപ്പിക്കേണ്ടത്. ഇത് സഹായം പ്രഖ്യാപിക്കുന്നതിന് മുൻപുള്ള നടപടിക്രമങ്ങളുടെ ഭാഗമാണ്. കേരളത്തിനൊപ്പമുണ്ടെന്നും പണം തടസ്സമാകില്ലെന്നും സഹായം ലഭ്യമാക്കുമെന്നും ഇന്ന് കളക്ടേറ്റിൽ നടന്ന അവലോകന യോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു.
ദുരിതബാധിതര്‍ ഒരിക്കലും ഒറ്റക്കാവില്ല. പുനരധിവാസത്തിന് ഒരിക്കലും പണത്തിന്റെ കുറവുണ്ടാകില്ല. സഹായം ഏത്രയും വേഗം നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിന് ശേഷം അദ്ദേഹം വയനാട്ടില്‍നിന്ന് മടങ്ങി.
നേരത്തെ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചിരുന്നു. മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലും വിംസ് ആശുപത്രിയിലും എത്തിയ പ്രധാനമന്ത്രി ദുരിതബാധിതരെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ ആരായുകയും ചെയ്തിരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, ചീഫ് സെക്രട്ടറി, ജില്ലാ കലക്ടര്‍ തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
![]()
