കായംകുളം :ചരിത്രപ്രധാന്യവും വാണിജ്യ പ്രാധാന്യവുമുള്ള കായംകുളം നഗരത്തെ വൻമതിൽ ഉയർത്തി രണ്ടായി വിഭജിക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട്
വെൽഫെയർ പാർട്ടി കായംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും നിർമ്മാണ പ്ലാന്റിലേക്ക് മാർച്ചും നടത്തി. പ്രതിഷേധ മാർച്ച് കരാർ കമ്പനിയുടെ നിർമ്മാണ പ്ലാൻറിൽ പോലീസ് തടഞ്ഞു.
കായംകുളത്ത് ടെക്സ് മോ ജംഗ്ഷൻ മുതൽ ശഹീദാർ പള്ളി ജംഗ്ഷൻ വരെ തൂണിൽ തീർത്ത ഉയരപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കായംകുളത്ത് നടക്കുന്ന സമരത്തെയും പ്രതിഷേധക്കാരെയും തടങ്കലിലാക്കി പോലീസ് കാവലിൽ നിർമാണം നടത്താമെന്ന വിശ്വ സമുദ്ര കമ്പനിയുടെ ധാർഷ്ഠ്യം അംഗീകരിക്കാൻ കഴിയില്ലന്നു പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് വെൽഫെയർ പാർട്ടി ആലപ്പുഴ ജില്ല പ്രസിഡൻ്റ് നാസർ ആറാട്ടുപുഴ പറഞ്ഞു.
നിർമ്മാണവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസിൽ തീർപ്പാകും വരെ പ്രദേശത്തെ നിർമ്മാണം നിർത്തിവെക്കണമെന്നും, ആലപ്പുഴ എം പി കെ സി വേണുഗോപാൽ മുഖാന്തിരം കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി മുമ്പാകെ നടത്തിയ ഇടപെടലിനെ തുടർന്ന് വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷനേയും ഉദ്യോഗസ്ഥ സംഘത്തെയും നിയോഗിച്ച സാഹചര്യത്തിൽ ടെക്സ്മോ ജംഗ്ഷൻ മുതൽ ശഹീദാർ പള്ളി ജംഗ്ഷൻ വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കായംകുളം മണ്ഡലം പ്രസിഡൻറ് മുബീർ എസ്.ഓടനാട് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി അൻസാദ് അമ്പഴ, മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.എ വാഹിദ് മാസ്റ്റർ, ജനറൽ സെക്രട്ടറി നവാസ് ആലയിൽ ,നാസർ പറമ്പിൽ, നസീർ ഹമീദ്, മുഹമ്മദ് കുഞ്ഞ് ചേരാവള്ളി, സക്കീർ പൊന്നാരം, മഹ്മൂദ്, ജെ.അബ്ദുൽ ഖാദർ, മുഹിയുദ്ധീൻ ഷാ തുടങ്ങിയവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.
കായംകുളം ഒ.എൻ.കെ.ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി വിശ്വ സമുദ്ര കരാർ കമ്പനിയുടെ നിർമ്മാണ പ്ലാന്റിൽ സമാപിച്ചു.
![]()
