കോട്ടയം ഡി സി സി ജനറൽ സെക്രട്ടറി ജോബോയ് ജോർജിന്റെ അകാലത്തിൽ ഉണ്ടായ വിടപറച്ചിലിൽ ഏറെ സങ്കടത്തോടെ ഇടുക്കി എം പി അഡ്വ ഡീൻ കുര്യക്കോസ് സമൂഹ മാധ്യമത്തിൽ കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
കോട്ടയം മാർക്കറ്റിൽ വച്ച് കുഴഞ്ഞു വീണായിരുന്നു യൂത്ത് കോൺഗ്രസ് നേതാവിന്റെ അന്ത്യം.
യൂത്ത് കോൺഗ്രസ് കോട്ടയം മുൻ ജില്ലാ പ്രസിഡൻ്റായിരുന്നു.
രാത്രി 8:30 യോടെ പച്ചക്കറി വാങ്ങുന്നതിനായി മാർക്കറ്റിൽ എത്തിയതായിരുന്നു ജോബോയി.
കുഴഞ്ഞുവീണത് കണ്ട് സമീപത്തുണ്ടായിരുന്നവർ ഉടൻതന്നെ കോട്ടയം ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു.
അദ്ദേഹത്തിന്റ എഫ് ബി പോസ്റ്റിന്റെ പൂർണ്ണരൂപം
ജീവിതത്തിൽ ഏറ്റവും ആവേശം നിറഞ്ഞ കാലഘട്ടത്തിൽ.., ഏറ്റവും സന്തോഷം നിറഞ്ഞ നാളുകളിൽ ഒരുമിച്ച് ഒരു മനസുമായി ജീവിച്ച പ്രിയ കൂട്ടുകാരന് വിട പറയുന്നു..
പ്രിയ ജോബോയ് എനിക്കെല്ലാമായിരുന്നു. ഡിഗ്രി പഠനം പൂർത്തീകരിച്ച് ഞാനാദ്യമായി കോട്ടയത്തെത്തുന്ന കാലഘട്ടം മുതൽ ഞാൻ ജോബോയിക്കൊപ്പവും, ജോബോയി എനിക്കൊപ്പവും ആയിരുന്നു. അത്രമേൽ ഞാനും അദ്ദേഹവും തമ്മിൽ മനസുകൊണ്ട് ഒരുമിച്ചായിരുന്നു..
ഇന്നലെ രാത്രി മുതൽ മരണവാർത്ത അറിഞ്ഞ സമയം തൊട്ട് ഇപ്പോൾ വരെയും ഞങ്ങൾ ഒരുമിച്ചുള്ള ഓർമ്മകൾ ആണ് മനസു മുഴുവനും..
പാർലമെൻ്റ് സമ്മേളനത്തിൻ്റെ അവസാന ദിവസമായ ഇന്ന് ചീഫ് വിപ്പ് ശ്രീ കൊടിക്കുന്നിൽ സുരേഷിന്റെ അനുമതി വാങ്ങി രാവിലെ തന്നെ ഡൽഹിയിൽ നിന്നും യാത്ര തിരിച്ചു. 11.30 ന് തന്നെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിപ്രിയ സുഹൃത്തിൻ്റെ ചേതനയറ്റ ഭൗതിക ശരീരം നേരിൽ കണ്ടു.
മൊബൈൽ ഫോൺ വരാത്ത കാലത്ത് ഒത്തു ചേർന്ന ഞങ്ങൾ എത്ര തവണ വന്നു പോയ സ്ഥലമായിരുന്നു കോട്ടയം മെഡിക്കൽ കോളജ് . അന്നൊക്കെ ജോബോയിയുടെ ബൈക്കിലായിരുന്നു യാത്ര.
എത്രയോ സമരങ്ങൾക്ക് നേതൃത്വം നൽകിയും, മറ്റും കടന്നു പോയ യൂണിവേഴ്സിറ്റിയുടെ മുൻവശത്തുകൂടിയായിരുന്നു , മെഡിക്കൽ കോളേജിൽ എത്തിയത്. എത്രയോ സംഘർഷങ്ങൾക്ക് സാക്ഷ്യം വഹിച്ച യൂണിവേഴ്സിറ്റി കാമ്പസ് മനസിൽ തെളിഞ്ഞു നിൽക്കുകയാണ്. സംഘടനാ പ്രവർത്തനത്തിൻ്റെ കാലഘട്ടത്തിൽ ഒരുമിച്ചുള്ള യാത്രകൾ നിരന്തരമുണ്ടായിരുന്നു. രാത്രി കാലഘട്ടത്തിൽ കടവരാന്തയിൽ പോലും കിടന്നുറങ്ങിയത് ഓർക്കുന്നു..
തിരുവനന്തപുരത്ത് സമരം ചെയ്തതും, പോലീസ് ലാത്തിചാർജിന് വിധേയമാക്കപ്പെട്ടതും, ജയിലിൽ രണ്ടാഴ്ച്ച കാലം ഒരുമിച്ച് റിമാൻഡിൽ ആയിരുന്നതും ഓർക്കുന്നു. എനിക്കേത് ആവശ്യത്തിനും വിളിച്ചാൽ വിളിപ്പുറത്ത് അവൻ വരുമായിരുന്നു. മൂന്ന് തെരഞ്ഞെടുപ്പ് സമയത്തും , സ്വന്തം വീടും നാടുമായ പ്രകാശ് കേന്ദ്രീകരിച്ച് അവിടെ എന്തിനും, എതിനും ജോബോയ് ഉണ്ടായിരുന്നു..
അവസാനം പ്രിയപ്പെട്ട അമ്മച്ചി മരണപ്പെട്ടപ്പോൾ എന്നെ ആശ്വസിപ്പിക്കാൻ ഓടിയെത്തി.
വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയുന്നതിനും എത്രയോ അധികമാണ് ആ ബന്ധം. ഞങ്ങളുടെ കാലഘട്ടത്തിലെ സഹപ്രവർത്തകർക്കെല്ലാം ജോബോയ് വളരെ വേണ്ടപ്പെട്ടവനായിരുന്നു. മറക്കാൻ കഴിയില്ല ഒരിക്കലും..
വേർപാടിൽ ദുഃഖിക്കുന്ന കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയില്ല.. മാതാപിതാക്കളെയും, ഭാര്യയേയും മക്കളേയും കോട്ടയത്ത് വീട്ടിൽ കണ്ട് ഇന്ന് തിരികെ പോകുന്നു…
![]()
