തിരുവനന്തപുരം : കുവൈറ്റ് തീപ്പിടുത്തത്തിൽ മരണമടഞ്ഞവരില്‍ നോർക്ക പ്രവാസി ഐ.ഡി കാർഡ് സേവനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന നാലു പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് ഇൻഷുറൻസ് തുകയായ നാലു ലക്ഷം രൂപ കൈമാറി. കാസർഗോഡ് കരിപ്പൂർ സ്വദേശി കേളു പൊൻമലേരി, പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി സിബിൻ.ടി.എബ്രഹാം, പത്തനംതിട്ട കോന്നി സ്വദേശി സജു വർഗ്ഗീസ്, കൊല്ലം ശൂരനാട് വടക്ക് സ്വദേശി ഷമീർ ഉമറുദ്ദീൻ എന്നിവരുടെ ആശ്രിതരുടെ ബാങ്ക് അക്കൗണ്ടുകളിലെയ്ക്കാണ് തുക നൽകിയത്. നോർക്ക ഡയറക്ടര്‍ കൂടിയായ പ്രമുഖ വ്യവസായി ജെ.കെ മേനോന് പ്രഖ്യാപിച്ച രണ്ടുലക്ഷം രൂപ വരും ദിവസങ്ങളില്‍ മരണപ്പെട്ട പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്ക് കൈമാറും.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നേരത്തേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ എം.എ യൂസഫലിയുടെ അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക ഡയറക്ടറുമായ ഡോ.രവി പിള്ള, ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്റുമായ ബാബു സ്റ്റീഫൻ എന്നിവരുടെ രണ്ട് ലക്ഷം രൂപ വീതവുമുൾപ്പെടെ ആകെ 14 ലക്ഷം രൂപധനസഹായമായി നൽകിയിരുന്നു.
![]()
