ന്യൂ ഡൽഹി.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ കടിഞ്ഞാണ്‍ ഇനി മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന്റെ കൈകളിലേക്ക്. ടീമിന്റെ മുഖ്യ കോച്ചായി ഗംഭീറിനെ നിയമിച്ചതായി ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യയെ ടി20 ലോകകപ്പ് വിജയത്തിലേക്കു നയിച്ചതിനു ശേഷം പടിയിറങ്ങിയ രാഹുല്‍ ദ്രാവിഡിന്റെ പകരക്കാരനായാണ് ഗംഭീര്‍ എത്തിയിരിക്കുന്നത്. 2027ല്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് വരെയുള്ള മൂന്നു വര്‍ഷത്തെ കരാറിലാണ് അദ്ദേഹം ഒപ്പുവച്ചിരിക്കുന്നത്.ഈ മാസം അവസാനത്തോടെ നടക്കാനിരിക്കുന്ന ഇന്ത്യന്‍ ടീമിന്റെ ശ്രീലങ്കന്‍ പര്യടനമാണ് കോച്ചെന്ന നിലയില്‍ ഗംഭീറിന്റെ ആദ്യത്തെ ദൗത്യം. ലങ്കയില്‍ മൂന്നു വീതം ടി20, ഏകദിന പരമ്പരകളിലാണ് ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത്. ഇവയ്ക്കുള്ള ടീമുകളെ അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് സോഷ്യല്‍ മീഡിയയിലൂടെ ഗംഭീറിനെ പുതിയ കോച്ചായി നിയമിച്ച വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ മുഖ്യ കോച്ചായി ഗൗതം ഗംഭീറിനെ അതിയായ സന്തോഷത്തോടെ സ്വാഗതം ചെയ്യുകയാണ്. ആധുനിക ക്രിക്കറ്റ് വളരെയേറെ മാറിയിരിക്കുകയാണ്. ഈ മാറ്റങ്ങളെ വളരെ അടുത്തു നിന്നും വീക്ഷിച്ചിട്ടുള്ളയാളാണ് ഗംഭീര്‍.കരിയറില്‍ വിവിധ റോളുകളില്‍ മികവ് പുലര്‍ത്തിയിട്ടുള്ള അദ്ദേഹമാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടു നയിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തിയെന്നു എനിക്കുറപ്പുണ്ട്. ടീം ഇന്ത്യയെക്കുറിച്ച് അദ്ദേഹത്തിന്റെ വ്യക്തമായ കാഴ്ചപ്പാടുകളും അതോടൊപ്പം അനുഭവസമ്പത്തും ചേരുമ്പോള്‍ ഈ കോച്ചിങ് റോള്‍ ഏറ്റെടുക്കാന്‍ അദ്ദേഹത്തെ മികച്ചതാക്കുന്നു. ഈ പുതിയ യാത്രയില്‍ ബിസിസിഐ അദ്ദേഹത്തെ പൂര്‍ണമായി പിന്തുണയ്ക്കുമെന്നും ജയ് ഷാ എക്സില്‍ കുറിച്ചു.
![]()
