റിയാദ്: വാഹനാപകടത്തിൽ രണ്ട് സ്വദേശികൾ മരണപ്പെടാൻ ഇടയായത് കാരണം മൂന്ന് വർഷത്തോളം ജയിലിലും അഞ്ച് വർഷം ജാമ്യത്തിലും കഴിഞ്ഞ വിപിൻ എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ നാട്ടിലെത്തി. തിരുവനന്തപുരം പോത്തൻകോട് അരിയാക്കോട് സ്വദേശി വിപിൻ (38) ആണ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചത്. എട്ട് വർഷം മുമ്പ് റിയാദിൽ നിന്ന് 300 കിലോമീറ്റർ അകലെ ദവാദ്മിയിലാണ് അപകടം നടന്നത്. വിപിൻ ഓടിച്ചിരുന്ന ലോറി സ്വദേശികൾ സഞ്ചരിച്ച വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് സ്വദേശികൾ മരണപ്പെട്ടിരുന്നു. മരണപ്പെട്ടവരുടെ ആശ്രിതർക്ക് ദിയാധനമായി അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചു. ഇത് നൽകാനാകാതെ വിപിൻ ജയിലിലായി. മൂന്ന് വർഷത്തിന് ശേഷം ദവാദ്മിയിലെ സാമൂഹിക പ്രവർത്തകൻ ഹുസൈൻ ദവാദ്മിയുടെ ആൾ ജാമ്യത്തിൽ വിപിന് ജയിൽ മോചനം ലഭിച്ചു. തുടർന്ന് നടന്ന നിരന്തര പരിശ്രമങ്ങളുട ഭാഗമായി ഒരു കുടുംബം ദിയാധനം വേണ്ടന്ന് കോടതിയെ അറിയിച്ചു. മറ്റൊരു കുടുംബത്തിന് നൽകേണ്ട തുക സൗദി അറേബ്യൻ ഭരണകൂടത്തിൻ്റെ നിയന്ത്രണത്തിലുള്ള ചാരിറ്റി ഫൗണ്ടേഷൻ നൽകുകയും വിപിന് മോചനം നൽകുകയുമായിരുന്നു. തുടർന്ന് ഫൈനൽ എക്സിറ്റ് ലഭിച്ച വിപിൻ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി.
![]()
